കാദർക്കാക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ എങ്ങനെയെങ്കിലും മഹല്ലിൽ ദർസ് തുടങ്ങണം.....
കാദർക്കാന്റെ സ്വപ്നമാണ്മഹല്ല് പള്ളിയിലെ ദർസ്.
ദർസ് ഉണ്ടെങ്കിലെ മഹല്ലിന് ഒരു ഐശ്വര്യവും അന്തസ്സുള്ളു എന്നാണ് മൂപ്പരുടെ അഭിപ്രായം.
മഹല്ലിൽ ആരെങ്കിലും മരിച്ചാൽ ഇപ്പോൾ പുറത്തെ മഹല്ലിൽ നിന്നാണ് ദർസ്കുട്ടികൾ ഖുർആൻ ഓതാൻ വരുന്നത്.
പള്ളിയിലെ മുത്തഅല്ലിമീങ്ങളുടെ (പഠിക്കുന്നവരുടെ)ഒച്ചയും ബഹളവും മൂപ്പർക്കത് ഇഷ്ടമാണ്; ഇഷ്ടമില്ലാത്തവർ നിരവധിഉണ്ടെങ്കിലും.
പള്ളിയിൽ അങ്ങനെ ഒച്ചയും ആളനക്കവും വേണം എന്ന് പറഞ്ഞാണ് മഹല്ല് ജനറൽബോഡിയിൽ അദ്ദേഹം ദർസ് വരുന്നത് എതിർത്തവർക്കെതിരിൽ ശക്തിയുക്തം വാദിച്ചത്.
പ്രസിഡണ്ടിനോട് കാദർക്ക പറഞ്ഞു.
" അനക്ക് നിശ്ചണ്ടോ...? ഈ ദർസും മുതഅല്ലിമുകളും ഇല്ലാത്ത മഹല്ല് വിളക്കില്ലാത്ത വീടാണ്. ഇജ് അന്റവീട്ടിൽ ഇരുട്ടാണെങ്കിൽ എന്തെയ്യാ ...?"
പ്രസിഡന്റ് അതിന്റെ ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞതൊന്നും കാദർക്കാക്ക് ബോധിച്ചില്ല. അതിന്റെ ചിലവിലേക്ക് കാദർക്ക നല്ല തുക തന്നെ നൽകി.പണം കിട്ടിയപ്പോൾ പ്രസിഡന്റ് ദർസ് തുടങ്ങാൻ ഉസ്താദിനായി അന്വേഷണം ആരംഭിച്ചു.
അവസാനം 25 മുതഅല്ലിമീങ്ങൾ( പഠിതാക്കൾ )ശിഷ്യ ഗണങ്ങളായുള്ള ഒരു ഖത്തീബിനെ മഹല്ല് പള്ളിയിൽ നിയമിച്ചു.അപ്പോൾ കാദർക്കാക്ക് ദർസ് (പഠന ക്ലാസ്) കാണാൻ ഒരു പൂതി.
സുബ്ഹി കഴിഞ്ഞ് എല്ലാവരും പോയിട്ടും കാദർക്ക പള്ളിയുടെ കിഴക്കേ വശത്തെ ചുമരിൽചാരി ദസ്‌വിയിൽ ദിക്ർ എണ്ണം പിടിച്ചിരുന്നു.ഖുർആൻ പാരായണം കഴിഞ്ഞ് മുതഅല്ലിമീങ്ങൾ( പഠിതാക്കൾ ) പള്ളിക്ക് നടുവിലായി ഒരു മുക്കാൽ വട്ടത്തിലിരുന്നു. വട്ടം മുട്ടിക്കാതെ ഉസ്താദ് പടിഞ്ഞാറു നിന്ന് കുട്ടികൾക്ക് നേരെ തിരിഞ്ഞ്നിന്നു.
വെള്ളകള്ളി മുണ്ടെടുത്ത് ഒരു ബനിയനിട്ട് ബനിയനെ പൊതിഞ്ഞ ഇഹ്റാമിന്റെ വസ്ത്രം പോലെ കെട്ടിയ കഫിയയിൽ ഉസ്താദ് കോഡ്ലസ് കോളർമൈക്ക് കുത്തി .കുറച്ച് മാറി ഇരുന്ന ചൈനീസ് നിർമ്മിത 60 w Trolly outdoor Party Speaker അടഞ്ഞ റൂമിന്റെ നോയിസുകളുടെ അധിരേഖത്താൽ ബാസുള്ള മുട്ടലും തട്ടലും പുറത്ത് വിട്ട് തുടങ്ങി.
ഇതെല്ലാം കണ്ടപ്പോൾ കിഴക്കോട്ട് ചാരി ഇരുന്ന കാദർക്ക സന്തോഷത്താൽ വടക്കോട്ട് വന്ന് ദർസ് കേൾക്കാൻ ചാരി ഇരുന്നു.
ഉസ്താദ് തുടങ്ങി
"അസ്സലാമു അലൈക്കും
യ മുതഅല്ലിമൂൻ....
മർഹബൻ....."
"അക്കൂമുൽ യൗമ ബി തദ് രീസി സൂറത്ത് അനംമ്‌ല്. താരീഹ് അന്നബിയ്യി സുലൈമാന വ ബൽഖീസ്"
" ഹൽ സമിഅത ഹാദിഹിൽ ഖിസ്സ !?
പിന്നെ ഒരു മുതഅല്ലിമിന് (വിദ്യാർത്ഥി) നേരെത്തിരിഞ്ഞു ഉസ്താദ് ചോദിച്ചു
" അൻത്ത മഅലൂം ഹാദിഹിൽ ഖിസ്സ" കേട്ടിരിന്ന കാദർക്കാക്ക് സലാം കഴിഞ്ഞ് പിന്നെ മനസ്സിലായത് അവസാനം പറഞ്ഞ 'അൻത്ത മഅലൂം 'എന്ന വാക്ക് മാത്രമാണ്പഴയ കാലത്ത് ആട് മേക്കുന്ന വിസയിൽ ഒരു ആറ് മാസം കഴിച്ചുകൂട്ടിയതിന്റെ ഓർമ്മയാണത്.
ഉസ്താദിന്റെ അറബി കാദർക്കാക്ക് നന്നായി പിടിച്ചു.
കാദർക്കാന്റെ സന്തോഷഭാവങ്ങൾ ഉസ്താദിലും ഹരം കൂട്ടി ഉസ്താദ് പിന്നെ ഇംഗ്ലീഷിലായി
" Did you understand that?"
do you know
Did you understand that?"
"do you know
Class taken today
Surat Naml is the history of
Prophet Sulaiman and Balkhis Ranji
It was decided to punish the bird 'HudHud ' "
പക്ഷെ ഇംഗ്ലീഷ് കേട്ടപ്പോൾ കാദർക്കാന്റെ സന്തോഷം നിലച്ചു. മനസ്സിലെവിടെയൊ എന്തോ ഒരു കനം വന്നു.
'നരകത്തിലെ ഭാഷ'
കാദർക്ക ഇരുന്നിടത്ത് നിന്ന് എണീറ്റു.പുറത്തേക്ക് പാദങ്ങൾ ചലിപ്പിച്ചു.
വീട്ടിലെത്തിയ കാദർക്ക പതിവില്ലാത്ത വിധം അസ്വസ്ഥനായി കോലായിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു.
"എന്താ... വാപ്പ" ?
മകൻ കയറി വന്നപ്പോൾ ചോദിച്ചു.
"ഒന്നുല്ല...
പിന്നെ കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം കാദർക്ക മകനോട് പറഞ്ഞു.
"ഞാൻ മരിച്ചാൽ അടുത്തിരുന്ന് ഓതാൻ അടുത്ത മഹല്ലിലെ ദർസ്കുട്ട്യേള വിളിച്ചാ മതി. "
അതെന്താ വാപ്പ...?
മകൻ ചോദിച്ചു.
"അവര് ഇന്നേവരെ ഇംഗ്ലീഷിൽ ഓത്ണത് കേട്ടിട്ടില്ല.
എന്റെ തലഭാഗത്ത് ഖുർആൻ'അറബീല് ഓദ്യാമതി'
ശുഭം
ഷക്കീർ ചെറുതുരുത്തി