2023 മേയ് 17, ബുധനാഴ്‌ച

എന്റെ തലഭാഗത്ത് ഖുർആൻ'അറബീല് ഓദ്യാമതി


കാദർക്കാക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ എങ്ങനെയെങ്കിലും മഹല്ലിൽ ദർസ് തുടങ്ങണം.....

കാദർക്കാന്റെ സ്വപ്നമാണ്മഹല്ല് പള്ളിയിലെ ദർസ്.

ദർസ് ഉണ്ടെങ്കിലെ മഹല്ലിന് ഒരു ഐശ്വര്യവും അന്തസ്സുള്ളു എന്നാണ് മൂപ്പരുടെ അഭിപ്രായം.

 മഹല്ലിൽ ആരെങ്കിലും മരിച്ചാൽ ഇപ്പോൾ പുറത്തെ മഹല്ലിൽ നിന്നാണ് ദർസ്കുട്ടികൾ ഖുർആൻ ഓതാൻ വരുന്നത്.

 പള്ളിയിലെ മുത്തഅല്ലിമീങ്ങളുടെ (പഠിക്കുന്നവരുടെ)ഒച്ചയും ബഹളവും മൂപ്പർക്കത് ഇഷ്ടമാണ്; ഇഷ്ടമില്ലാത്തവർ നിരവധിഉണ്ടെങ്കിലും.

  പള്ളിയിൽ അങ്ങനെ ഒച്ചയും ആളനക്കവും വേണം എന്ന് പറഞ്ഞാണ്  മഹല്ല് ജനറൽബോഡിയിൽ അദ്ദേഹം ദർസ് വരുന്നത് എതിർത്തവർക്കെതിരിൽ ശക്തിയുക്തം വാദിച്ചത്.

 പ്രസിഡണ്ടിനോട് കാദർക്ക പറഞ്ഞു.

" അനക്ക് നിശ്ചണ്ടോ...?  ഈ ദർസും മുതഅല്ലിമുകളും ഇല്ലാത്ത മഹല്ല് വിളക്കില്ലാത്ത വീടാണ്. ഇജ്‌ അന്റവീട്ടിൽ ഇരുട്ടാണെങ്കിൽ എന്തെയ്യാ ...?"

പ്രസിഡന്റ് അതിന്റെ ബുദ്ധിമുട്ടുകളൊക്കെ  പറഞ്ഞതൊന്നും കാദർക്കാക്ക് ബോധിച്ചില്ല. അതിന്റെ ചിലവിലേക്ക് കാദർക്ക നല്ല തുക തന്നെ നൽകി.പണം കിട്ടിയപ്പോൾ പ്രസിഡന്റ്   ദർസ് തുടങ്ങാൻ ഉസ്താദിനായി അന്വേഷണം ആരംഭിച്ചു.

അവസാനം 25 മുതഅല്ലിമീങ്ങൾ( പഠിതാക്കൾ )ശിഷ്യ  ഗണങ്ങളായുള്ള ഒരു ഖത്തീബിനെ മഹല്ല് പള്ളിയിൽ നിയമിച്ചു.അപ്പോൾ കാദർക്കാക്ക് ദർസ് (പഠന ക്ലാസ്) കാണാൻ ഒരു പൂതി.

  സുബ്ഹി കഴിഞ്ഞ് എല്ലാവരും പോയിട്ടും കാദർക്ക പള്ളിയുടെ കിഴക്കേ വശത്തെ ചുമരിൽചാരി ദസ്‌വിയിൽ ദിക്ർ എണ്ണം പിടിച്ചിരുന്നു.ഖുർആൻ പാരായണം കഴിഞ്ഞ് മുതഅല്ലിമീങ്ങൾ( പഠിതാക്കൾ ) പള്ളിക്ക് നടുവിലായി ഒരു മുക്കാൽ വട്ടത്തിലിരുന്നു. വട്ടം മുട്ടിക്കാതെ ഉസ്താദ് പടിഞ്ഞാറു നിന്ന് കുട്ടികൾക്ക് നേരെ തിരിഞ്ഞ്നിന്നു.

വെള്ളകള്ളി മുണ്ടെടുത്ത് ഒരു ബനിയനിട്ട് ബനിയനെ പൊതിഞ്ഞ ഇഹ്റാമിന്റെ വസ്ത്രം പോലെ കെട്ടിയ കഫിയയിൽ ഉസ്താദ് കോഡ്ലസ് കോളർമൈക്ക് കുത്തി .കുറച്ച് മാറി ഇരുന്ന ചൈനീസ് നിർമ്മിത 60 w Trolly outdoor Party Speaker അടഞ്ഞ റൂമിന്റെ നോയിസുകളുടെ അധിരേഖത്താൽ ബാസുള്ള മുട്ടലും തട്ടലും പുറത്ത് വിട്ട് തുടങ്ങി.

ഇതെല്ലാം കണ്ടപ്പോൾ കിഴക്കോട്ട് ചാരി ഇരുന്ന  കാദർക്ക സന്തോഷത്താൽ വടക്കോട്ട് വന്ന് ദർസ് കേൾക്കാൻ ചാരി ഇരുന്നു.

ഉസ്താദ് തുടങ്ങി

"അസ്സലാമു അലൈക്കും

യ മുതഅല്ലിമൂൻ....

മർഹബൻ....."

"അക്കൂമുൽ യൗമ ബി തദ് രീസി സൂറത്ത് അനംമ്‌ല്. താരീഹ് അന്നബിയ്യി സുലൈമാന വ ബൽഖീസ്"

"  ഹൽ സമിഅത ഹാദിഹിൽ ഖിസ്സ !?

പിന്നെ ഒരു മുതഅല്ലിമിന് (വിദ്യാർത്ഥി) നേരെത്തിരിഞ്ഞു ഉസ്താദ് ചോദിച്ചു 

" അൻത്ത മഅലൂം ഹാദിഹിൽ ഖിസ്സ" കേട്ടിരിന്ന കാദർക്കാക്ക് സലാം കഴിഞ്ഞ് പിന്നെ മനസ്സിലായത് അവസാനം പറഞ്ഞ 'അൻത്ത മഅലൂം 'എന്ന വാക്ക് മാത്രമാണ്പഴയ കാലത്ത് ആട് മേക്കുന്ന വിസയിൽ ഒരു ആറ് മാസം കഴിച്ചുകൂട്ടിയതിന്റെ ഓർമ്മയാണത്.

ഉസ്താദിന്റെ അറബി കാദർക്കാക്ക് നന്നായി പിടിച്ചു.

കാദർക്കാന്റെ സന്തോഷഭാവങ്ങൾ ഉസ്താദിലും ഹരം കൂട്ടി ഉസ്താദ് പിന്നെ ഇംഗ്ലീഷിലായി


" Did you understand that?"

do you know

Did you understand that?"

"do you know

Class taken today

Surat Naml is the history of

Prophet Sulaiman and Balkhis Ranji

It was decided to punish the bird 'HudHud ' "


പക്ഷെ ഇംഗ്ലീഷ് കേട്ടപ്പോൾ കാദർക്കാന്റെ സന്തോഷം നിലച്ചു. മനസ്സിലെവിടെയൊ എന്തോ ഒരു കനം വന്നു.

'നരകത്തിലെ ഭാഷ'

കാദർക്ക ഇരുന്നിടത്ത് നിന്ന് എണീറ്റു.പുറത്തേക്ക് പാദങ്ങൾ ചലിപ്പിച്ചു.

വീട്ടിലെത്തിയ കാദർക്ക പതിവില്ലാത്ത വിധം അസ്വസ്ഥനായി കോലായിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു.

"എന്താ... വാപ്പ" ?

മകൻ കയറി വന്നപ്പോൾ ചോദിച്ചു.

"ഒന്നുല്ല...

പിന്നെ കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം കാദർക്ക മകനോട് പറഞ്ഞു.

"ഞാൻ മരിച്ചാൽ അടുത്തിരുന്ന് ഓതാൻ അടുത്ത മഹല്ലിലെ ദർസ്കുട്ട്യേള വിളിച്ചാ മതി. "

അതെന്താ വാപ്പ...?

മകൻ ചോദിച്ചു.

"അവര് ഇന്നേവരെ ഇംഗ്ലീഷിൽ ഓത്ണത് കേട്ടിട്ടില്ല.

എന്റെ തലഭാഗത്ത് ഖുർആൻ'അറബീല് ഓദ്യാമതി'


ശുഭം

ഷക്കീർ ചെറുതുരുത്തി

പഴയ ഖത്തീബിന് എന്റെത്ര ഔലിയാക്കളിൽ വിശ്വാസം ഇല്ല



'കളി പടിക്കണവര്!'... "വട്ടനടിമേട് കളി പടിക്കണവര് പടച്ചോന്റീം മുത്ത്നബീന്റീം നേർച്ചക്കാരീടേം ഒദവി ഒണ്ടായിട്ടു വട്ടനടിമേട് അവരു കളി പടിക്കും!....

 ഒരു നൂറ്റാണ്ടിനോട് അടുക്കുന്നു വൈക്കം മുഹമ്മദ് ബഷീർ  കുഞ്ഞിപാത്തുമ്മാന്റെ പുതിയാപ്ല നിസാർ അഹ്മദിന്റെകൂടെ ഓൾടെ വാപ്പ വട്ടനടിമയെ വിട്ടിട്ട് .പിന്നെ മൂപ്പർ പള്ളിപ്രസിഡന്റ് ആയിട്ടുണ്ടോ..? ! അറിയില്ല !വൈക്കം മുഹമ്മദ് ബഷീർ പിന്നെ ആ കഥ പറഞ്ഞില്ല.പക്ഷെ , അന്ന് പളളി പ്രസിഡന്റ് ആകാനുള്ള യോഗ്യത ബഷീർ പറഞ്ഞുവെച്ചിരുന്നത് ഇതാണ്....

". പള്ളിക്കൈത്താനക്കാര്യത്തിനാണ്. സമുദായത്തിന്റെ നേതാവാകണം. അതാണു പ്രശ്നം പള്ളിയുടെ ഭരണ കാര്യങ്ങൾ ബാപ്പായ്ക്കു നോക്കാൻ അവകാശമില്ലത്രേ! അവകാശം പിന്നെ ആർക്കാണ്? നാട്ടിലെ പ്രമാണിയാണ് എവിടേയും എന്നും "പള്ളിക്കൈത്താനക്കാരൻ. പ്രമാണിയാകണമെങ്കിൽ എപ്പോഴും പണം വേണം. കുഞ്ഞുപാത്തുമ്മയുടെ ബാപ്പായാണ് നാട്ടിലെ ഏറ്റവും മുന്തിയ പണക്കാരൻ. "

കാലം പിന്നിട്ട് പോയപ്പോൾ ഈ കാര്യത്തിന് മാറ്റം വന്നോ ...ഇല്ല പക്ഷെ ചിലത് അതിൽ കൂടിച്ചേർന്നു . അത് എന്താണ് .

ആ കഥയാണ് പറയാൻ പോകുന്നത് ...

നിസാർ അഹ്മദ് കുഞ്ഞി പാത്തുമ്മാദമ്പതികൾക്ക് കുട്ടികൾ രണ്ടായിരുന്നു .അവരിൽ ഒരാൾ പെണ്ണായിരുന്നു .ആ പെൺകുട്ടിയ അവർ വിവാഹം കഴിച്ചു വിട്ടു. അവൾക്ക് ഒരുപെൺകുട്ടി പിറന്നു അവളുടെ പേരാണ് ബി.പാത്തു.നമ്മുടെ തല്ലുമാലയിലെ ബീപാത്തു.

ഓൾടെ വാപ്പാന്റെ ഒരു രസകരമായ കഥയാണ് (ഇത് ജീവിച്ചിരിക്കുന്നവരുമായോ  വല്ല  പള്ളികമ്മറ്റി പ്രസിഡന്റുമായോ ഇതിന് വല്ല ബന്ധം തോന്നിയാൽ ........)

നാട്ടിൽ പണം മാത്രം പോര ഇന്ന് പള്ളി പ്രസിഡന്റാകാൻ കുടുംബങ്ങൾ വേണം കൂടാതെ ഒരു ലീഡിംഗ് പാർട്ടിടെ ഒദ്യോഗിക പിന്തുണ വേണം . പ്രത്യേകിച്ച് പ്രദേശിക ഭരണം മുതൽ സംസ്ഥാന ഭരണംവരെ പിടിപാടുള്ള പാർട്ടിയായാൽ

ബലേ ബേഷ് ...!

പാത്തൂന്റെ ബാപ്പാക്ക് ഇപ്പോൾ അതെല്ലാം ഉണ്ട്.

കൂടെ കുറേ സിദ്ധികളും ഉണ്ട്

അതെന്താണ് ആസിദ്ധികൾ

മൂപ്പർ സ്വപ്നം കാണും

'അത് സിദ്ധിയാ ന്നോ?'

'അല്ല..

'പിന്നെ ! ?

മൂപ്പര് കാണുന്ന സ്വപ്നങ്ങളാണ് മിക്കവാറും പള്ളിക്കമ്മറ്റി തീരുമാനങ്ങൾ !

അതെങ്ങനെ?

അതാണ് ആസ്വപ്നങ്ങൾമിക്കവാറും കാണുക വിശ്വപ്രസിദ്ധ മസാറുകളിൽ ഒന്നായ അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി തങ്ങളെ യായിരിക്കും

കമ്മറ്റിയിൽ വന്നാൽ മൂപ്പർ പറയാൻ തുടങ്ങും

"സഹോദരങ്ങളെ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. അജ്മീറിലെ ഉപ്പാപ്പ...."

അതിങ്ങനെ പല തീരുമാനങ്ങളുമായി പോകും

അപ്പോൾ നിങ്ങൾ ചോദിക്കും കമ്മറ്റിക്കാർ എല്ലാവരു ഇത് അംഗീകരിക്കോ...?എതിർക്കില്ലേ ?

അവിടെയാണ് കഥ എതിർക്കണമെങ്കിൽ പാർട്ടി പറയണം

പാർട്ടി ഇപ്പോൾ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം അത് കേട്ടിരിക്കലാണ്.

അപ്പൊ നിങ്ങൾ വീണ്ടും

ചോദിക്കും എല്ലാവരും ഒരേ പാർട്ടിക്കാ രാണോ ?

അല്ല

പിന്നെ ?

ഭരണത്തിൽ നിന്ന് പുറത്തിരിക്കുന്നത് അത്ര നല്ല കാര്യമല്ല എന്ന് മനസിലാക്കുന്നവരാണ് മറ്റൊരുകൂട്ടർ

അപ്പോൾ നിഷ്പക്ഷർ .

അവിടെയാണ് ആ സ്വപ്നത്തിന്റെ ഗുട്ടൻസ് !.

ആരാ സ്വപ്നത്തിൽ വന്നത്.....

അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി

അപ്പോൾ സ്വപ്നത്തെ എതിർത്താൽ ആരെ എതിർക്കലായി.....

തങ്ങളെ ....!

എങ്ങനെയുണ്ട്.

സത്യത്തിൽ പണ്ട് കുഞ്ഞി പാത്തുമ്മാന്റെ ബാപ്പ വട്ടനടിമക്ക് ഈ ബുദ്ധി പോയില്ല.

അങ്ങിനെയെങ്കിൽ മൂപ്പർക്ക് സ്വത്തും സമ്പാദ്യവും കേസിന് വേണ്ടി

തൊലച്ച് കളയേണ്ടിവരുമായിരുന്നില്ല.

കുഞ്ഞിപാത്തുമ്മാനെ പരിഷ്ക്കാരി നിസാർ അഹ്മദിന് കെട്ടിക്കേണ്ടി വരുമായിരുന്നില്ല.!

ഹാ.. എന്ത് ചെയ്യാൻ പോയകാലം.... തിരിച്ച് വരില്ലല്ലോ!

ബീപാത്തൂന്റെ വാപ്പാന്റെ ഈ വക നടപടിയൊന്നും സ്വത്തുക്കാക്ക് പിടിക്കില്ല

ആളൊരു 'തറവാടിയാണ് '.

എന്തിനെയും എതിർക്കാൻ ചങ്കൂറ്റം ഉള്ളയാൾ. വാപ്പ കാർന്നമ്മാരായി അധികാരികൾ. പക്ഷെ, ഇപ്പോൾ വീട്ടിൽ വേവിക്കാൻ ആ പ്രതാപം മാത്രം ബാക്കി.

സ്വത്തുക്കാക്ക് എതിർക്കണം എന്നുണ്ട് പക്ഷെങ്കി ഒറ്റപ്പെടും. ഔലിയാക്കളെ അവമതിച്ചു എന്ന പേരും വരും.

എന്ത് ചെയ്യണമെന്ന് മൂപ്പര്കുറേആലോചിച്ചു.

ഒരിക്കൽ ഒരു കമ്മറ്റിക്ക് ഒരു വിഷയം വന്നു.

സ്വത്തുക്ക പറഞ്ഞു. നമുക്കിത് ചെയ്യാൻ കഴിയില്ല കേസിലാണ്. പുലിവാലാകും

മൂപ്പരെ കമ്മറ്റിയിലെ പാർട്ടി ബുദ്ധിജീവി കബീർക്ക പിന്താങ്ങി പ്രസിഡന്റിന്റെ ഈ വക കണക്കും കയ്യുംഇല്ലാത്ത പ്രവർത്തി കാരണം മഹല്ലിലെ നാലഞ്ച് ആളുകൾ കേസ് കൊടുത്തു. അതാണീ പറഞ്ഞ കേസ്.

പക്ഷെങ്കി. ഇത് സ്വപ്നമാണ്.

അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി സ്വപ്നത്തിൽ വന്ന് പറഞ്ഞതാണ് എന്ത് ചെയ്യും...?

പെട്ടന്ന്,

സ്വത്തുക്ക ഇളകിയാടി

" യാ.. ശൈഖ് രിഫാഈ.....

യാ.. ശൈഖ് രിഫാഈ....."

കണ്ട് നിന്നവർ അന്തം വിട്ടു. 

ഇളകിയാടി സ്വത്തുക്ക പറഞ്ഞു. "തീരുമാനം എടുക്കരുത് എന്നാണ് രിഫാഇ തങ്ങൾ പറയുന്നത്"

ഇതും പറഞ്ഞ്

സ്വത്തുക്ക തറയിൽ പരുക്ക് ഏൽക്കാത്ത വിധം വീണു.

എല്ലാവരും ഓടി വന്നു.

പള്ളിക്ക് അകത്ത്നിന്ന് കത്തീബും വന്നു.

സ്വത്തുക്കാനെ വെള്ളം  തെളിച്ച് എണീപ്പിക്കുന്നതിനിടയിൽ പാർട്ടി ബുദ്ധിജീവി കബീർക്കാനോട്

പ്രസിഡന്റ് ചോദിച്ചു.

" ഏത് വാർഡിലാ ഇപ്രാവശ്യം നിൽക്കുന്നത്" ?

"23 ൽ"

കബീർക്ക പറഞ്ഞു.

"  ഓ... എന്റെ കുടുംബക്കാരാ അധികവും അവിടെ "

കബീർക്കാക്ക് കാര്യം പിടികിട്ടി.

ഇന്നലെ പ്രവാചകന്റെ സ്വപ്നങ്ങളെ വിമർശിച്ച യുക്തിവാദി പോസ്റ്റ് ഷെയർ & ലൈക്ക് ചെയ്ത കബീർക്ക പിന്നെ പ്രസിഡന്റിന്റെ സ്വപ്നത്തെ അവിശ്വസിച്ചില്ല.

കമ്മറ്റിയിൽ ആകെ ചർച്ച ആരുടെ സ്വപ്നം സ്വീകരിക്കും

തീരുമാനം പറയാനാകാതെ ഖത്തീബ് ഉസ്താദും കുടുങ്ങി.

 ഇരുവരും സത്യം ചെയ്യൽ തുടങ്ങി .

സത്യംചെയ്യൽ  മൂർദ്ധന്യത്തിലായി....

" വള്ളാഹി"

" വള്ളാഹി"

"റസൂലാണെ"

"റസൂലാണെ"

" മമ്പുറത്തെ തങ്ങളാണെ"

" മമ്പുറത്തെ തങ്ങളാണെ"

"കാളിറോട്ടേ തങ്ങളാണെ"

"കാളിറോട്ടേ തങ്ങളാണെ"

          അവസാനം പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു .....

" കണ്ണുകാണാത്ത സ്വാമിയാണെ മൂപ്പരുടെ ചാത്തനാന്നെ "...! ?...

ഒരു നിമിഷം  ഖത്തീബ് ഉസ്താദ് ഞെട്ടി!

സ്വത്തുക്ക ഏറ്റുപറച്ചിൽ നിർത്തി.

കമ്മറ്റിയിലെ മറ്റ് ആളുകൾക്ക് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഉണ്ടായില്ല. ആ സത്യം ഒരു മതേതര സത്യമായി അവർക്ക് തോന്നി.

പിറ്റേന്ന് ഉസ്താദ് മഹല്ലിൽ നിന്ന് വിട പറഞ്ഞു. സ്വത്തുക്ക രാജിനൽകി.

മഹല്ലിൽ ഒന്നും സംഭവിച്ചില്ല. പുതിയ ഖത്തീബ് പരിവാരസമേതം വന്നു.

ബീ. പാത്തൂന്റെ ബാപ്പ പിന്നെയും പള്ളി പ്രസിഡന്റായി തുടർന്നു.

ഒരിക്കൽ പുതിയ ഖത്തീബിനോട് പഴയ ഖത്തീബിനെ കുറിച്ച് പറയുന്നതിനിടയിൽ പ്രസിഡന്റ് പറഞ്ഞു.

"ആൾക്ക് എന്റെത്ര ഔലിയാക്കളിൽ വിശ്വാസം ഇല്ല"


........ഷക്കീർ ചെറുതുരുത്തി.........

കാദ്റ്ക്കാന്റെ ചായപീടികയിലെ കുറികല്ല്യാണം


ചായകടയുടെ മുന്നിലെ ക്യാഷ് മേശക്കു പിറകിൽ കാദ്റ്ക്ക ഇരുന്നു.

മേശക്കുമുകളിൽ ഒരു ചെമ്പ്താലത്തിൽ വെറ്റിലയും ചുണ്ണാമ്പും അടക്കയും,

താലത്തിന്റെ നടുവിൽ കുറ്റിയിൽ ചന്ദനത്തിരി പുകയുണ്ട്.

ഒരു സ്റ്റീൽ തളികയുടെ അടിയിൽ പുറത്തേക്ക് കാണുംവിധം  ലെറ്റർ കവറുകൾ.വരുന്നവൻ കവറ് എടുത്ത് പേരും വിലാസവും എഴുതി കയ്യിൽ കരുതിയ ഒരു സംഖ്യ അതിൽ വെച്ച്   തളികയിൽ വെക്കും.

അവർ മേശയിൽ നിന്ന് വിട്ടകലുമ്പോൾ

കാദ്റ്ക്ക അതെടുത്ത് തുറന്ന് നോക്കി നോട്ട്ബുക്കിൽ കവറിന് പുറത്തെ പേരും   വിലാസവും സംഖ്യയും പകർത്തി വെക്കും.എഴുത്തു വശമില്ലാത്ത ഏറെപേരെയും എഴുതാൻ കാദ്റ്ക്ക സഹായിച്ചു.

അപൂർവ്വം ചിലർ പേരും വിലാസവും രേഖപ്പെടുത്തിയ കവറ് കൊണ്ട് വന്നു.

കാദ്റ്ക്കാകൊപ്പം ചിരിച്ച് കൊണ്ട് ഒരാൾ നിൽക്കുന്നു.

അയാളാണ് കുറിക്കാരൻ.

എന്റെ വല്ല്യാപ്പ തന്ന കവറുമായി ഞാൻ പോയി.

ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത കുറിക്കല്ല്യാണം. അവസാനത്തേതും എന്ന് വേണമെങ്കിൽ പറയാം.

പണ്ട് നാട്ടിൻപ്രദേശത്ത് ആളുകള സഹായിക്കാൻ ഉണ്ടായിരുന്ന പരിപാടിയാണിത്.

ചെറുതുരുത്തി പോലീസ്  സ്റ്റേഷനുഎതിർവശത്തായി മേനാശ്ശേരി കാദ്റ്ക്കന്റെ ചായക്കയിൽ നടന്നിരുന്ന ഒരുകുറികല്യാണത്തിന്റ ഓർമ്മയാണിത്.

ഓരോരുത്തരും ചായക്കടയിൽ കുറിവെക്കും.

ഒരു ചായയും എണ്ണക്കടിയും ഫ്രീ ആണ്.

ആ ചായയും എണ്ണക്കടിയും എനിക്ക് കിട്ടിക്കോട്ടെ എന്ന് കരുതിയാണ്. ചായക്കടക്ക് മുന്നിൽ നിന്നും കവറുമായി എന്നെ അകത്തേക്ക് വിട്ട് വല്ല്യാപ്പ വന്നവഴിക്കുതന്നെപോയത്.

സംഖ്യവെച്ചഒരാൾ കുറിവെക്കുമ്പോൾ തുല്ല്യമായതോ  കൂടിയതോ ആയ സംഖ്യ ഈ കുറിക്കാരൻ വെക്കണം .

വട്ടിപലിശക്കാരും ഫിനാഷ്യൽ കമ്പനിക്കാരും ഇല്ലാത്ത സ്വയം സഹായ ഗ്രാമീണ വ്യവസ്ഥയാണിത്.ഒരിക്കൽ ആളുകൾ എല്ലാം എങ്ങനെ പരസ്പരം സഹായിച്ചു ജീവിച്ചിരുന്നു.

അന്ന് കുറിവെച്ചത് കുറിക്കാരന് മീൻ കച്ചവടത്തിനു സൈക്കിൾ വാങ്ങാനായിരുന്നു.

പിന്നീടും പല കുറി കല്ല്യാണങ്ങളും ആ കടയിൽ നടന്നു.ആളുകളുടെ  സഹകരണം കുറയുകയും കുറിവെച്ചവൻ അടുത്തയാൾ കുറിവെക്കുമ്പോൾ തിരിഞ്ഞുനോക്കാതെയായത്തോടെ ആ കുറികല്യാണങ്ങൾ നിലച്ചു.സ്വാർത്ഥത പിടികൂടിയമനുഷ്യൻ പിന്നീട് വട്ടിപലിശക്കാരനും ഫിനാൻഷ്യൽ എന്റർപ്രൈസ്കമ്പിക്കും കീഴടങ്ങി.ആ കുറിയിൽ ചിലർ പാവങ്ങളെ സഹായിക്കാനും ഒരുസംഖ്യവെക്കും ഒരിക്കലും കുറിക്കാരൻ കൊടുക്കേണ്ടിവരാത്ത സംഖ്യ

എന്തിന് ഇപ്പോൾ 

ഇത് ഓർത്തു!?

വെറുത...! വെറുതെ മനസിലേക്ക് ഓടിയെത്തുന്ന ചിലഓർമ്മകൾ...

വറും ഓർമ്മകൾ.....


ഷക്കീർ ചെറുതുരുത്തി..

ചില സകാത്തുകൾ


പീപ്പിൾ ഫൗണ്ടേഷന്റെ റമദാൻ കിറ്റ്, സാധാരണ പോകാറുള്ള  വീടിന്റെ കോലായിതിണ്ണയിൽ വെച്ചു.

അപ്പോൾ തിണ്ണയുടെ ഒരു തലക്കൽ. ഒരു അഞ്ച് കിലോ പഞ്ചസാരയുടെയും 5 കിലോ അരിയുടെയും കിറ്റ്.

പുറത്ത് ആളനക്കമില്ല."വീട്ടിൽ ആരുമില്ലേ ........" 

അകത്തേക്ക് നോക്കി വിളിച്ചു

"താത്താ"'

വീണ്ടും വിളിച്ചു

അകത്ത് നിന്നും

 ഒരു ശബ്ദം വന്നു.

" ഉമ്മ പുറത്ത് പോയതാ"

"ഈ കിറ്റ് അകത്തേക്ക് വെക്കണോ...?"

ഞാൻ ചോദിച്ചു

അപ്പോഴേക്കും

താത്ത വന്നു

താത്ത പറഞ്ഞു.

"നബീസു കൊണ്ടുവന്ന കിറ്റ് അകത്തേക്ക് വെക്കും മുമ്പ് അപ്പുറത്ത് നിന്നും ജമീല വിളിച്ചു അപ്പോൾ ഒന്ന് പോയതാ "

"ഏത് നബീസ,

തെക്കേലെ നബീസോ...?"!

എന്റെ ജിജ്ഞാസ വർദ്ധിച്ചു.

"അതെ" അവർ എല്ലാ വർഷവും ചുറ്റുവട്ടത്തിലുള്ള കുറച്ചധികം വീട്ടുകാർക്ക് ഇതു പോലെ കിറ്റുകൾ നൽകും"

 അത് എന്നെ അത്ഭുതപ്പെടുത്തി

 ഇങ്ങനെയും ഒരു സകാത്ത്

നബീസ ജീവിത മാർഗം കണ്ടെത്തുന്നത് എട്ട് പത്ത് ആടുകളെ വളർത്തിയാണ്.

ഭർത്താവ് മുമ്പേ വിട്ട് പോയി പുതിയ ഇടത്ത് ചേക്കേറി. പിന്നെ വാപ്പ മരിച്ചു. അമ്മാമൻ നല്ല മനുഷ്യനാണ്. അദ്ദേഹമാണ് ഇപ്പോൾ ഇരിക്കുന്ന വീട് വെക്കാൻ സഹായിച്ചത്. മക്കൾ ആരും ഇല്ല. ഈ ആടുകളുമായി അവർ കഴിഞ്ഞു കൂടുന്നു. അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഞഞ്ഞി ഞെരുങ്ങി ജീവിക്കുന്നു.അതിൽ നിന്നാണ് അവർ സകാത്ത് നൽകുന്നത്.

 സത്യത്തിൽ അവർ സക്കാത്തിന് അർഹയാണ്. പക്ഷെ അവരുടെ വിശ്വസം   അത് എന്നെ അത്ഭുതപ്പെടുത്തി.

ചരിത്രത്തിലെവിടെയോ വായിച്ച പ്രവാചകകാലത്തെ കഥ പോലെ തോന്നി.

 ചില കഥകളൊക്കെ സംഭവിച്ചതാണ് എന്ന് മനസ്സിലാക്കുന്നത് ഇങ്ങനെ ജീവിച്ചിരിക്കുന്നവരെ കാണുമ്പോഴാണ്.

 ഉള്ളവൻ കൊടുക്കുമ്പോഴല്ല ഇല്ലാത്തവൻ നാളെക്ക് ഒന്നും എടുത്തു വെക്കാതെ നൽകുമ്പോഴാണ് അത് സൗന്ദര്യപൂർണ്ണമാകുന്നത്.....

ഇങ്ങനെയും ചില സകാത്തുകളുണ്ട്. നാം അറിയേണ്ട സകാത്തുകൾ.

( പേരും മറ്റും യാഥാർഥ്യമല്ല. മറച്ച് വെക്കുന്നു.)


ഷക്കീർ ചെറുതുരുത്തി

2023 ജനുവരി 19, വ്യാഴാഴ്‌ച

കോവഡിന് മുന്നിൽ തോറ്റ് താരു ഡോക്ടർ പരിശോധന നിർത്തിയോ ?


മുന്ന് നാല് പൂട്ടിട്ട് പൂട്ടി ഇപ്പോൾ സ്വപ്ന ക്ലിനിക് അടച്ച് കിടപ്പാണ്. വല്ലപ്പോഴും തുറന്നാലായി. ചെറുതുരുത്തി ഗ്രാമമാകുമ്പോൾ തന്നെ ക്ലിനിക്കും താരു ഡോക്ടറും ഇവിടെ ഉണ്ട് , ചെറുതുരുത്തി ഇപ്പോൾ സൂപ്പർ മാർക്കറ്റുകുടെ ഹബ്ബായി മാറി; ഹോട്ടലുകളുടെയും . 45 വർഷത്തോളമായി ഡോക്ടർ വന്നിട്ട് തലമുറകളെ ചികിൽസിച്ച ഡോക്ടറാണ് . എല്ലാം മാറുമ്പോഴും മാറാതെ ജനകീയ ഡോക്ടറായി നിലകൊണ്ടു. സൂഹത്തിൽ ചികിൽസാരീതി മാറി. പക്ഷെ ഇന്നും 150 രൂപ കൊണ്ട് പരിശോധനാ ഫീസും മരുന്നും നൽകി , രണ്ടാഴ്ച്ചക്കും ഒരു മാസത്തിനും മരുന്ന് കുറിക്കുന്ന ഈ കാലത്തും 2 ദിവസത്തിനും 4 ദിവസത്തിനും മരുന്ന് കുറിച്ചു. ലേബലുകൾ കവറുകൾ ഇല്ലാത്ത ഗുളികകൾ രോഗിയുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞേക്കാം , പക്ഷെ പുറത്തേക്കെഴുതുന്ന മരുന്നിൽ ഡോക്ടർ കൃത്യമായും പറയും 18 രൂപയുടെ ഗുളിക ഉണ്ട് അത് വാങ്ങണ്ട 3 രൂപ 50 പൈസയുടെ വാങ്ങിയാ മതി എന്ന്. ജനറിക്
മെഡിസിന് പ്രാധാന്യം നൽകിയ ഡോക്ടർ ..
ആൻ്റി ബയോട്ടിക്കുകളുടെ കാലത്ത് അദ്ദേഹം പനിക്ക് മാത്രമുള്ള ഡോക്ടറായി കണ്ടു ജനങ്ങൾ . പക്ഷെ, അദ്ദേഹത്തോളം Symptoms (രോഗ ലക്ഷണങ്ങൾ) കണ്ട ഡോക്ടറുണ്ടാവില്ല . അദ്ദേഹത്തിൻ്റെ ഭാഷണത്തിനും വിളിക്കും ഒരു ശൈലിയുണ്ടായിരുന്നു. ട്രോളില്ലാത്ത കാലത്ത് ബഷീർ അഹമ്മദാണ് അതിനെ അനുകരിച്ച് ഞങ്ങളുടെ ക്രിക്കറ്റ് മൈതാനത്ത് ചിരി വിടർത്തിയിരുന്നത് .
കാലം അദ്ദേഹത്തിൻ്റെ വസ്ത്രധാരണരീതിയെയും ബാധിച്ചില്ല. കാലം ഇടക്ക് അദ്ദേഹത്തിൻ്റെ വസ്ത്രധാരണ രീതിയിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട് , ചെറുതുരുത്തി മാറിക്കൊണ്ടിരിക്കുമ്പോൾ അതിൻ്റെ ഓരത്ത് മാറാതെ പിടിച്ചു നിന്ന ഡോക്ടറെ കോവിഡ് കാലത്ത് അധികം കാണാറില്ല. ഞാൻ കോട്ടക്കൽ ആയുർവേദ ശാലയിലെ അജിയേട്ടനോട് തിരക്കി' ." ഇപ്പോൾ ഡോക്ടർ വരാറില്ലേ , പരിശോദിക്കാറില്ലെ" . അജിയേട്ടൻ പറഞ്ഞു. "ഇല്ല ഞാൻ പോയി കണ്ടിരുന്നു. അപ്പോൾ എന്നോട് പറഞ്ഞു. വയസ്സായില്ലേ! റിസ്ക് എടുക്കാൻ വയ്യ ".പല സാക്രമിക രോഗങ്ങളോടും എതിരിട്ട ഡോക്ടർ തൻ്റെ വാർദ്ധക്യകാലത്തും ഉർജ്ജസ്വലതയോടെ തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ...........

ചെറുതുരുത്തിയിലെ ഡോക്ടർ


   എൻ്റെ കുട്ടിക്കാലം, 8 വയസ്സ് പ്രായം .അന്നാണ് ഹരിയേട്ടൻ ചെറുതുരുത്തിയിൽ മെഡിക്കൽ സ്‌റ്റോറുമായി വരുന്നത്. പഴയ മാർക്കറ്റ് ബിൽഡിംഗ് പൊളിച്ച് പുതിയത് കെട്ടിയ കാലം. പറയൻമാർ മുറം, കൊട്ട എന്നിവ നെയ്തിരുന്ന മാർക്കറ്റിൻ്റെ പിൻവശം, കാദർക്കാൻ്റെ ചായക്കട ,എല്ലാം ഓർമ്മയിൽ വരുന്നു. എൻ്റെ വല്യാപ്പ (കുഞ്ഞുമാൻക്ക)കുട നന്നാകുന്ന പണിയുമായി പോലീസ്റ്റേഷനു മുന്നിൽ ഇരുന്നിരുന്ന കാലം .എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
വല്ല്യാപ്പ പറഞ്ഞതാണ് ഹരിയേട്ടൻ ഡോക്ടറാണ് എന്ന് . പിന്നെ എന്ത് കൊണ്ട് മെഡിക്കൽ സ്‌റ്റോർ ഇട്ടു എന്ന എൻ്റെ ചോദ്യത്തിന് വല്ല്യാപ്പ തന്ന ഉത്തരം. "ജനങ്ങളെ സേവിക്കിൻ അവര് മനക്കലെ ആള്കളാണ്. "
അത് കൊണ്ട് തന്നെ അന്ന് വീട്ടിലെ എല്ലാവരുടെയും ചെറിയ രോഗങ്ങൾക്ക് മരുന്ന് വാങ്ങിയിരുന്നത് ഒരു ഡോക്ടറോട് പറയും പോലെ പറഞ്ഞ് തന്നെയാണ് .
വല്യപ്പാക്ക് എന്നും വേണ്ടത് ' ജലൂസിലിൻ, ആണ് .എപ്പോഴോ ഡോക്ടർ കുറിച്ച് കൊടുത്തതാണ്. പിന്നെ ഗ്യാസ് വന്നാൽ വല്യാപ്പ അത് തന്നെ വാങ്ങും
വല്ല്യാപ്പാൻ്റെ അവസാന കാലത്ത് പല രോഗങ്ങളും വന്നു അന്ന് പട്ടിണിയുടെ കാലമായതിനാൽ കടമായി മരുന്ന് വാങ്ങിയിട്ടുണ്ട്,പല പ്രാവശ്യം. പലതും ഇനിയും ഹരിയേട്ടന് കൊടുക്കാനുമുണ്ടാകും എന്ന് ഉറപ്പാണ് .
ഹരിശ്രീ മെഡിക്കൽസ് പൂട്ടുന്നത് കുറച്ച് കാലമായി ലാഭമില്ലാതെ ഓടിയ ശേഷമാണ് എന്ന് അറിയാൻ കഴിഞ്ഞു. ഈ കാലത്ത് ഇത് അത്ഭുതമായി തോന്നാം. കാരണം എന്തിനും ഏതിനും മരുന്ന് കഴിക്കുന്ന കാലത്ത്. മരുന്ന് കമ്പനികൾ തടിച്ച് കൊഴുക്കും കാലത്ത് .
അപ്പോഴെ നമുക്ക് ഈ ഹരിയേട്ടനെ മനസ്സിലാകു, അദ്ദേഹത്തിൻ്റെ നല്ല മനസ്സും

ഷക്കീർ ചെറുതുരുത്തി  

പാമ്പ് പുരാണം ക്ലൈമാക്സ്

പാമ്പ് പുരാണം
ക്ലൈമാക്സ്
വണ്ടി ഒരുവിധം ധൈര്യത്തോടെ വീട്ടിലെത്തിച്ചു. പടിക്ക് പുറത്ത് നിർത്തി വീട്ടുകാരെ വിവരമറിയിച്ചു. എന്റെ നല്ലപാതി ധൈര്യവതി വെളുത്തുള്ളി ചതച്ചതും പാൽകായവും വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു. ഞാൻ കുറച്ചു മണ്ണയും ഒഴിച്ചു. മണ്ണണ്ണ ഒഴിക്കുന്നത് നല്ലപാതി എതിർത്തു. ഒന്ന് വണ്ടിക്ക് തീപ്പിടിക്കും എന്ന ധരണയിൽ രണ്ട് പാമ്പിന് പൊള്ളും എന്ന കാരണത്താൽ.
രാത്രി മുഴുവനും പുറത്തുനിർത്തിയ വണ്ടി . രാവിലെ ആവേശകമ്മറ്റിക്കാരില്ലാതെ ഞാൻ ഒന്നായി ഒന്നായി അഴിച്ചു. താഴെത്തെ തട്ട് ഒഴികെ. ആരുമില്ല, ഭൂമിയുടെ ആവകാശി ഇറങ്ങി പോയിരിക്കുന്നു. വീണ്ടും ഫിറ്റ്‌ ചെയ്തു. ഊരിയ ആണിയൊന്നും ബാക്കിയായില്ല. ഹൌ സമാധാനം.!
വണ്ടിയുമായി ടെൻഷനില്ലാതെ കടയിലേക്ക് വന്നു പത്തുമണി കഴിഞതിനാൽ ഞാൻ വണ്ടിനിർത്തുന്ന സ്ഥലം ഹൌസ്ഫുൾ.
റോഡിൽ വെയിലത്തുതന്നെ വണ്ടിനിർത്തി
സമയം ഒരുമണികഴിഞ്ഞു നമസ്കാരത്തിനു ഇറങ്ങുംനേരം ജമാഅത്ത് നമസ്ക്കാരം കഴിഞ്ഞു വരുന്ന കാജാഹുസൈൻ അണ്ണൻ കടയിലേക്ക് ഓടിവന്നു പാമ്പ് എന്ന് വിളിച്ചുപറഞ്ഞു.
എന്റെ വണ്ടിയുടെ അരികിൽ നിന്നും റോഡിലേക്ക് പോയ പാമ്പ് റോഡ് ചുട്ടു പഴുത്തതിനാൽ അരികിലുള്ള പൊന്തയിൽ കയറിയെത്രെ!!!!?
അപ്പോൾ ഇന്നലെ കയറിയ പാമ്പ് അരിച്ചുപെറുക്കിയിട്ടും കിട്ടാത്ത പാമ്പ് എവിടെയായിരുന്നു. അറിയില്ല. അതോ ഇതു വേറെ പാമ്പാണോ!!!? അതും അറിയില്ല.
ഇനി അതിൽ ആരെങ്കിലുമുണ്ടോ?!! അതും അറിയില്ല
ഷക്കീർ ചെറുതുരുത്തി...

പാമ്പ് പുരാണം


 പാമ്പ് പുരാണം

ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ eye വിഷൻ eye ക്ലിനിക്കിലെ സ്വാലിഹ് വിളിച്ചു. ലേഡീസ് സ്റ്റാഫിന്റ സ്കൂട്ടറിൽ അവരുടെ ലോഗോ അടിക്കാൻ. കാത്തു നിൽക്കാൻ പറഞ്ഞു ഭക്ഷണം കഴിച്ചു ഞാൻ പുറപ്പെട്ടു.
ചെറുതുരുത്തി സാറ ബേക്കിന്റ മുന്നിൽ ചെറിയ ആൾക്കൂട്ടം. രണ്ടുപേർ ഒരുസ്കൂട്ടർ അഴിച്ചെടുക്കുകയാണ്. ഒരുപാമ്പ് അതിൽ കയറിയിട്ടുണ്ട്.
കുറച്ചുനേരം അഴിച്ചെടുക്കുന്നതും നോക്കി ഞാൻ നിന്നു. ഇടക്ക് ഞാൻ പറഞ്ഞു "കയറി എന്നുറപ്പല്ലേ..? ഇതെല്ലാം ഊരി പൊളിച്ചെടുക്കാൻ സുഖമാണ്. തിരിച്ചു ഫിറ്റുചെയ്യാൻ മൂന്നുദിവസം പറയും വർക്ഷോപ്പുകാർ." അപ്പുട്ടേട്ടന്റെ മകൻ പിഞ്ചുവിന്റ സ്കൂട്ടറിൽ കയറിയ പാമ്പിനെ പിടിക്കാൻ അഴിച്ച പുതിയ സ്കൂട്ടർ ഒരു ആഴ്ച്ച കഴിഞ്ഞാണ് വർക്ക്ഷോപ്പിൽ നിന്നും കിട്ടിയത്. ഊരിയ പലസാധനങ്ങളിൽ പലതും പുതിയത് വാങ്ങേണ്ടിവന്നു. ആളുകൾക്കൂടി ഉത്സാഹകമ്മറ്റിയിൽ ഞാനും ലയിച്ചു. സ്വാലിഹിന്റെ ഫോൺവന്നാൽ പോകാം എന്നുനിനച്ചു .
സാറ ബേക്കിന്റെ മുന്നിൽനിന്നും വണ്ടി ടൂൾസുകൾക്ക് വേണ്ടി മസ്ജിദിന്റ മുന്നിലേക്ക് കൊണ്ടുവന്നു. അവിടെ ഗിരീഷിന്റെ വർഷോപ്പുണ്ട്. ഉത്സാഹ കമ്മറ്റിക്കാർക്ക് കിട്ടാത്തത് വർക്ഷോപ്പുകാരനും ഊരി. അവസാനം വണ്ടി എല്ലും തലയുമായി. ആ തലയിൽ ഒരുത്തൻ പാമ്പിരിക്കുന്നത് കണ്ടു. ആളുകൾ കൂടി. മൊബൈൽ കാമറകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കാൻ തയ്യാറായി.
അങ്ങനെ അതിന്റ ഹെഡ്‌ലൈറ് ഊരിയതോടെ പാമ്പ് പ്രത്യേക്ഷപെട്ടു. ആളുകൾ ബഹളം കൂട്ടി. പാമ്പ് ചാടി അടുത്തിരുന്ന സ്കൂട്ടറിൽ കയറി. നോക്കുമ്പോൾ അതെന്റ സ്കൂട്ടർ ആയിരുന്നു.
🙄🙄🙄
ആളുകൾ ചിരിച്ചു. ഞാൻ തരിച്ചുനിന്നു. എന്തുചെയ്യും. സ്വാലിഹിന്റെ വിളിയിൽ പോയാൽമതിയായിരുന്നു.ഞാൻ തലയിൽ കൈവെച്ചു. ഉത്സഹകമ്മറ്റി എന്റെ വണ്ടി മറിച്ചിട്ടു
പിന്നെ ഞാൻ ഒന്നും നോക്കിയില്ല വണ്ടിയെടുത്തു കടയിലേക്ക് പോന്നു.
വണ്ടിയുടെ പോസ്റ്റുമോട്ടം കാണാനുള്ള കെൽപ്പില്ലാത്തതിനാൽ.
വാൽകഷ്ണം : പാമ്പ് കറിയിട്ടും ഞാൻ എന്ത് ധൈര്യത്തിലാണ് വണ്ടിയെടുത്തത് എന്ന ല്ലേ. പാമ്പ് പിടിക്കാൻവന്നയാൾ എന്റെ ചെവിയിൽ പറഞ്ഞു അത് പാമ്പല്ല ചേരകുഞ്ഞാണ്. സത്യത്തിൽ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണോ അറിയില്ല. അതിൽ ഇപ്പോഴും പാമ്പുണ്ടോ അറിയില്ല.ഭൂമിയുടെ അവകാശികൾ ഇനി സ്കൂട്ടറിൽ നിന്നും ഇറങ്ങാതെ അവകാശം സ്ഥാപിച്ചോട്ടെ ഉപദ്രവിക്കരുതെന്ന് മേയർ ബീന ഫിലിപ്പിന്റ ഭാഷയിൽ സ്നേഹപൂർവ്വം ഉപദേശിക്കുകയാണ്. നമുക്കങ്ങനെ സഹവർത്തിത്തത്തോടെ കഴിയാം.....
ഷക്കീർ ചെറുതുരുത്തി

ഞങ്ങളുടെ ജയേട്ടൻ


 ഞങ്ങളുടെ ജയേട്ടൻ................................. .......

ജയേട്ടനെ (കലാമണ്ഡലം ജയകുമാർ) കുറിച്ച് എഴുതാഞ്ഞത് , എഴുതിയാൽ തീരില്ല എന്നത് കൊണ്ടാണ്. മദ്യപിക്കാത്ത കലാകാരൻ എന്നെഴുതിയാൽ കണ്ടിട്ടുള്ള നിങ്ങൾ വിശ്വസിക്കില്ല. കാരണം അദ്ദേഹത്തെ അടുത്തുനിന്ന് കണ്ട് പരിചയപ്പെടുംവരെ ഞാനും വിശ്വസിച്ചില്ല.
(ഇത് എൻ്റെ അനുഭവമാണ് .മറിച്ചുള്ള തൊന്നും എൻ്റെ വിഷയമല്ല)
ജയേട്ടനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരിക. ഞാൻ ആദ്യമായി ബോർഡെഴുതിയതാണ് '. ജയേട്ടൻ്റെ നടന കലോദയം എന്ന കഥകളി ഗ്രൂപ്പിൻ്റബോർഡാണ് എഴുതിയത് .അങ്ങിനെയല്ല പറയേണ്ടത് അദ്ദേഹം എന്നെ കൊണ്ട് എഴുതിക്കുകയായിരുന്നു.

സുഹൃത്ത് ഷാജഹാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി തരുന്നത് .
ചുകന്ന കലങ്ങിയകണ്ണ് , ചുരുണ്ടുചീകാത്തമുടി, അലസമായി ഷാജഹാൻ്റെ പീടിക മുറിയുടെ തട്ടിൻപുറത്ത് ഇരിക്കുമ്പോഴാണ് ഞങ്ങൾ കടന്ന് ചെല്ലുന്നത് .അദ്ദേഹത്തിൻ്റെ ഭാവങ്ങളും ചലനങ്ങളും എന്നെ ആശങ്കപ്പെടുത്തി . ഞാൻ പതുക്കെ ഷാജഹാൻ്റെ ചെവിയിൽ പറഞ്ഞു. "നമുക്ക് പോകാം മൂപ്പര് ഫുൾ ഫിറ്റാണ്" . അവൻ എൻ്റെ കാലിൽ അമർത്തി ചവിട്ടി എന്നിട്ട് മെല്ലപറഞ്ഞു. " മുണ്ടല്ലടാ പൊട്ടാ അദ്ദേഹം മദ്യപിക്കില്ല" ഞാനാകെ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി.

അവൻ പറഞ്ഞു.
"ബോർഡെഴുതാൻ ഒരാള് വേണന്ന് പറഞ്ഞില്ലേ ഇവനെഴുതും "
ആ ബോർഡെഴുത്ത് ഒരു മഹാ മനുഷ്യനിലേക്ക് എന്നെ അടുപ്പിച്ചു.

എത്ര ദിനരാത്രങ്ങൾ
എത്ര യാത്രകൾ, ജയേട്ടനോടൊപ്പം കഴിഞ്ഞ കാലങ്ങൾ മറക്കുവാൻ കഴിയാത്തതാണ്.
അദ്ദേഹത്തിൻ്റെ വീട്ടിൽ രണ്ടാഴ്ച്ചക്കാലം താമസിച്ചത് മറക്കാനാകില്ല .
അദ്ദേഹത്തിൻ്റെ അമ്മ വെച്ചുവിളമ്പിയ ആഹാരങ്ങൾ , അതിലെ ഇഡലിയുടെയും ചഢ് നിയുടേയും സ്വാദ് ഇന്നും നാവിൽ വെള്ളമൂറിക്കിടക്കുന്നു.

ഗോവ യാത്രയിലെ അനുഭവങ്ങൾ വല്ലാത്തതാണ് .കൂടെയുള്ള മദ്യപിക്കുന്ന ആളുകളെ മദ്യപുഴ ഒഴുക്കുന്ന നാട്ടിൽ അത് രുചിപ്പിക്കാതെ ഗോവ വിടുംവരേക്കും പിടിച്ചു നിരത്തിയത് 'കാലഗോട്ട് ബീച്ച് 'അനുഭവങ്ങൾ എല്ലാമെനിക്ക് പറയാനുണ്ട്

കൊല്ലത്തെ
പാപനാശം കടപ്പുറത്തെ കഥകളി തിയ്യറ്ററിനെ കുറിച്ചും എല്ലാം ഒരു പാട് എഴുതാനുണ്ട് '.
എന്നെ എറെ സ്വാധീനിച്ച ഒരു പച്ച മനുഷ്യനാണ് ഞങ്ങളുടെ ജയേട്ടൻ.

ഇന്ന് അദ്ദേഹത്തിൻ്റെ ഓർമ്മദിവസമാണ്. ഓർമ്മിക്കുന്നവർക്കൊപ്പം ഞാനും ജയേട്ടനെ ഓർക്കുന്നു ..... :

ഷക്കീർ ചെറുതുരുത്തി

ഇനി ആ മതിലുകളിൽ പുല്ലുകൾ മുളയ്ക്കും


 


ഇനി ആ മതിലുകളിൽ പുല്ലുകൾ മുളയ്ക്കും...... .ഗോപാലേട്ടനെ ഞാൻ ചെറുപ്പത്തിലെ കണ്ടിട്ടുണ്ട് .പക്ഷെ, അടുത്തുകാണുന്നത് വീട് മാറിയ ശേഷമാണ്. ഞാൻ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അദ്ദേഹത്തിൻ്റെ വീട്.

രാവിലെ നടക്കാനിറങ്ങുമ്പോൾ കാണുക അദ്ദേഹം തെട്ടടുത്ത മതിലുകളിൽ നിന്ന് പുല്ലുകൾ പറിച്ച് കളയുന്നതാകും.

ഒരു മതിൽ പനമനക്കാരുടെ താണ് .വളരെ ഭംഗിയിൽ പഴയ ചെങ്കല്ല്കൊണ്ട് കെട്ടിയതാണത്. അതിനകത്താണ് നാല് കെട്ടുള്ള മന.അടുത്ത മതിൽ കൊട്ടിലിങ്ങൽ കാരുടെതും, അത് സിമൻ്റ് തേച്ച് കരിങ്കൽ കൊണ്ട് കെട്ടിയതാണ്. ഇതിൽ ഒരു പുല്ല് മുളക്കാൻ അദ്ദേഹം സമ്മതിക്കില്ല.

"എന്തിനാണ് ഈ പുല്ലുകൾ പറിച്ച് കളയുന്നത് പലവട്ടം ഞാൻ ചോദിച്ചു. " "വല്ലവരുടെയും മതിലിൽനിന്ന് എന്തിനാണ് ഈ പുല്ല് പറിച്ച് വൃത്തിയാക്കുന്നത് "? 'അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു.

ഇത്തരം നല്ല പ്രവർത്തികൾ കൊണ്ട് അദ്ദേഹത്തെ ഗാന്ധി എന്ന് ആളുകൾ വിളിച്ചു. ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് . മഹാത്മാഗാന്ധിയെ കണ്ടിട്ടുണ്ടോ? , ശിഷ്യനാണോ എന്ന്. അപ്പോഴും അദ്ദേഹം ചിരിച്ചു.
ചെറുതുരുത്തിയിലെ കണക്ക് പിള്ളയാണ് മൂപ്പർ . മുമ്പുള്ള എല്ലാ കടകളിലെയും സ്ഥാപനങ്ങളിലേയും , യത്തീംഖാനയുടെയും എല്ലാം കണക്കുകൾ അദ്ദേഹമാണ് ശരിയാക്കിയിരുന്നത് .

BP മണിക്ക പ്രസിഡൻ്റും ഉമ്മർകുട്ടിക്ക പള്ളി സെക്രട്ടറിയുമായിരുന്ന കാലത് ചെറുതുരുത്തി പള്ളിയുടെ കണക്കും അദ്ദേഹമാണ് നോക്കിയിരുന്നത് . ഒരിക്കൽ ജനറൽ ബോഡിക്ക് കണക്കിൽ തർക്കം വന്നു. ഉടനെ സെക്രട്ടറി പറഞ്ഞു. " ഇത് ഗോപാലൻ നായർ നോക്കിയകണക്കാണ് ". തർക്കം അവിടെ തീർന്നു.

നല്ല ഒരു മനുഷ്യനാണ് അദ്ദേഹം . ചിരിച്ച് മാത്രം കാണുന്നപ്പെടുന്ന ഗോപാലെട്ടനെ ഇനി കാണാൻ കഴിയില്ല , അദ്ദേഹം പോയി ,നമ്മേവിട്ട്

ഷക്കീർ ചെറുതുരുത്തി

കഥ

'സുഗന്ധത്തിന്റെ മാലാഖ ' പൂള പൂക്കാനായി ശുക്ലമണം പരത്തി നിൽക്കുന്ന ചെറുതുരുത്തി പുതിയ കൊച്ചിൻ പാലത്തിന്റെ ഇങ്ങേഅറ്റത്ത് എത്തിയപ്പോൾ
മൂക്കിലേക്ക് കാറ്റിലാടി അത്തറിന്റെ മണംവന്നു.
French fragrance ന്റെ സുഗന്ധം.
പൂളയുടെ കെട്ടമണത്തെ മാറ്റി ആമണം മൂക്കിൽ സ്ഥാനം പിടിച്ചു.
അതുവരെ അടക്കി പിടിച്ച ശ്വാസത്തെ ഉള്ളിലേക്ക് ഒന്നാഞ്ഞുവലിച്ചു പുറത്തുവിട്ടു.
വിട്ടശ്വാസം മുഴുവനായും ഒഴിയുന്നതിന്ന് മുൻപാണ് ആകാഴ്ച കണ്ണിൽവന്നത്.
ഇരുളിൽ, അണഞ്ഞ സ്ട്രീറ്റ് ലൈറ്റിന് താഴെ, എതിർവശത്തുനിന്നടിച്ച വാഹനത്തിന്റ പ്രകാശത്തിൽ, ഒരാൾ സ്ഫടികകുപ്പിയിൽനിന്ന് ഊദ് റോഡരികിലെ പുല്ലുകളിൽ ഒഴിക്കുന്നു.
'ഇതെന്ത് ഭ്രാന്ത്‌ '.?!
ഇത്രയും വിലപിടിപ്പുള്ള ഊദ് റോഡരികിൽ ഒഴിക്കുന്നയാളെ ഒന്ന് നോക്കി.
നീളൻ കുപ്പായമിട്ട്, നീളത്തിൽ താടി നീട്ടിയ യമൻ തൊപ്പിയണിഞ്ഞ നല്ലചെറുപ്പക്കാരൻ.
'അത്തർ ഭ്രാന്തോ..?
എത്രനല്ല ചെറുപ്പക്കാരൻ
പക്ഷെ,,
ആ സുഗന്ധം എന്നെ അവനിലേക്ക് ആകർഷിച്ചു. സുഗന്ധം തെളിച്ച് നടക്കുന്ന അവന്റെ ചുവടുകൾക്കൊപ്പം ഞാനും നടന്നു..അവൻ ഒരു മാലാഖകയാണെന്ന് എനിക്ക് തോന്നി. 'സുഗന്ധത്തിന്റെ മാലാഖ '
പെർഫ്യൂം : ദ സ്റ്റോറി ഓഫ് മർഡർ എന്ന ജർമൻ സിനിമയിൽ ജീൻ - ബാപ്റ്റിസ്റ്റ് തുറന്നുവിട്ട സുഗന്ധം ആരാച്ചാരെ ആകർഷിച്ചകണക്കെ
അയാൾക്കും ആ സുഗന്ധത്തിനുമൊപ്പം ഞാൻ നടന്നു. അയാൾ എത്തിച്ചേർന്നത് വഴിവക്കിൽ ഇട്ട പെർഫ്യൂം വാണിഭസ്ഥലത്താണ്.
അയാൾ
എന്നോട് ചോദിച്ചു
"ഏതാ വേണ്ടത് '
അൽപ്പം പരിഭ്രമിച്ച എനിക്ക്
അപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഞാൻ പറഞ്ഞു " ഒന്നും വേണ്ട "
ഇതൊന്ന് വാസനിക്ക് എന്നുപറഞ്ഞു കയ്യിൽ പുരട്ടി.
ഒരു ചിരിയോടെ ഞാൻ മെല്ലെ നടന്നു നീങ്ങി
ഷക്കീർ ചെറുതുരുത്തി

നാളെ പെരുന്നാളാണ്


 

നാളെ പെരുന്നാളാണ്,
പള്ളിയുടെ വാതിൽക്കലെ ചവിട്ടുപടിയിൽ പുറത്തേക്കുനോക്കി അയാളിരുന്നു.

പെരുന്നാളിന്റെ തിരക്കാണ് റോഡിൽ.
വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്ത അത്ര തിരക്ക്.
ഇറച്ചിക്കടയിൽ ആളുകൾ കൂടിനിൽ ക്കുന്നു. തോരാത്ത മഴയത്തും മുന്നിലെ തുണിക്കടയിൽ സ്ത്രീകളും കുട്ടികളും തിങ്ങി നിൽക്കുന്നു. പുറത്തെ ആൾക്കൂട്ടത്തെ കണ്ട് ഒറ്റപ്പെട്ട് അയാളിരുന്നു .

പള്ളിക്ക് മുന്നിലും തൊ ട്ടടുത്തുമായി പുതിയ കടകൾ തുറക്കുന്നതും . കടകളുടെ ഉദ്ഘാടത്തിന് തങ്ങൾ മാരും നേതാക്കളുമെല്ലാം വന്നുപോകുന്നത് അയാൾകണ്ടുകൊണ്ടിരുന്നു.

പള്ളിയിൽ കുട്ടികൾ വന്നു. മഗ്‌രിബ് നമസ്ക്കത്തിനു ശേഷം അവർ പുറത്തിറങ്ങി.

" ഇക്കാന്റ കടയിൽ ബ്രാൻഡ് ഐറ്റംസ് ആണ് "
അതിൽ ഒരാൾ പറഞ്ഞു.
"വില കൂടുതലാ "
വേറെയൊരു പയ്യൻ ഇടപെട്ടു.
"1500രൂപയിൽ കുറഞ്ഞു എന്ത് ഷർട്ട് "
മറ്റൊരുപയ്യൻ കൂടെകൂടി.
അവരുടെ ചർച്ച അവസാനിച്ചപ്പോൾ, അവർ പുതിയതായി തുറന്ന ബ്രോസ്റ്റഡ് കടയിലേക്ക് നടന്നു.

പിന്നെ യുവാക്കൾ പുറത്തുവന്നു.
നാളെ പോകേണ്ട യാത്ര കളെകുറിച്ചും മഴയെ കുറിച്ചും അവർ കുറച്ചുനേരം തോരാതെ പറഞ്ഞു.

പിന്നെ പ്രായമായവരും പള്ളിയിൽ ബാക്കിയുണ്ടായിരുന്നവരും പുറത്ത് വന്നു. അവർ പെരുന്നാളിന്റെ വിഭവങ്ങളെകുറിച്ച് പറഞ്ഞു
"എല്ലാണ്ടാവും വീട്ടിൽ പക്ഷെ ഞമ്മക് എന്ത് കാര്യം, എല്ലാം നിയന്ത്രണത്തിലാണ്."
പിരിഞ്ഞുപോകവേ ഒരു മധ്യവയസൻ
പിറുപിറുത്തു.

യു പിലെ കാൺപൂറിൽ നാളെത്തന്നെയാണ് പെരുന്നാൾ. അയാൾ നാട്ടിൽ നിന്നുവന്നിട്ട് കൊല്ലം ഒന്നുകഴിഞ്ഞു. കേരളത്തിലെ ഉത്സവകാലത്ത് കളിപ്പാട്ടങ്ങളുമായ് വില്പനക്ക് വന്നതാണ്. സീസൺ രണ്ടു കഴിഞ്ഞു. കാര്യമായ സമ്പാദ്യം ഉണ്ടായില്ല. കുടലിൽ അൾസർ വന്നു ഓപ്പറേഷൻ ചെയ്തതിൽപിന്നെ കനപ്പെട്ടപണിയൊന്നും എടുക്കാൻ കഴിയാതെയായി. ഇപ്പോൾ പള്ളികൾക്ക് മുന്നിലിരിക്കും. ആരെങ്കിലും എന്തെങ്കിലും നൽകും. നാട്ടുകാര് ഇങ്ങനെ ഒട്ടനവധി പേരെ ദിനവും കാണുന്നുണ്ട്.
ഈ പെരുന്നാളുകഴിഞ്ഞു നാട്ടിലേക്ക് ഒന്ന് പോകാൻ അയാൾ ആഗ്രഹിച്ചു.

നാളെ
പള്ളിയിൽ ആളുകൾ വരും. തക്ബീറുകൾ മുഴക്കും. നമസ്ക്കാരശേഷം അവർ പരസ്പരം ആശ്ലേഷിക്കും. പിന്നെ പിരിഞ്ഞു പോകും.
അയാൾ പിന്നെ ഇനിയും നടന്നു തേഞ്ഞുതീരാത്ത കാല്പാദങ്ങൾ മണ്ണിലുറപ്പിച്ചു നടന്നകലും.

ഷക്കീർ ചെറുതുരുത്തി

ഉസ്താദ് ജിന്നിനെ കണ്ട കഥ


 

ഉസ്താദ് ജിന്നിനെ കണ്ട കഥ
(ഒരു അനുഭവം )

സംഭവം ഇപ്പോഴല്ല 1998 ലാണ്. താഴത്തെ മദ്രസയിലെ ഉസ്താദാണ് അബൂബക്കർ.
ഉസ്താദും ഞാനും നല്ല ചങ്ങാതിമാർ ആണ്. അതറിയണമെങ്കിൽ വൈകീട്ട് ആ പഴയ മദ്രസ്സയിലേക്ക് ഒന്ന് വരണം.

ഒരു മേശക്കുമുകളിൽ ഉണ്ടാവും ഉസ്താദ്. അപ്പുറത്തെ ബെഞ്ചിനുമുകളിൽ ഞാനും.

" എടോ വഹ്ഹാബി... പുത്തൻ വാദി. നബിടെ ശരീരം മണ്ണുത്തിന്നോ..?"
അബൂബക്കർ ഉസ്താദ് ഒച്ചയിടും.

ഞാൻ പറയും
" ഞാൻ വഹ്ഹാബിയല്ല ജമാഅത്ത് ഇസ്‌ലാമിക്കാരനാണ്. മണ്ണ് തിന്നും എന്നത് ഞാൻ പറഞ്ഞില്ല "

വീണ്ടും ഉസ്താദ് ഇടപെടും
"അപ്പൊ പ്രബോധനത്തിൽ വന്നതോ..?

"ഉസ്താദേ.. അത് ഹദീസ്
ചർച്ചയാണ്. പ്രബോധനം മണ്ണ് തിന്നും എന്നുപറഞ്ഞില്ല."
ഞാൻ ഇടയ്ക്കുകയറും.

മിക്കവാറും ദിവസം ഞങ്ങൾ ഇങ്ങനെ തർക്കിക്കും.
അതുകഴിഞ്ഞു ചിരിച്ചിട്ട് ഉസ്താദ് പറയും
"നീ മാറില്ല..നിന്നോട് വെറുതെ തർക്കിച്ചു എൻ്റെ നേരംപോയി ". വാ ഇനിനമുക്ക് ചായക്ക് പോകാം."

ഇങ്ങനെ എല്ലാം തർക്കിച്ചു തല്ലുകൂടിയാലും അവസാനം ഞങ്ങൾ ചായകുടിക്കാൻ പോകും.നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കും. ഈ തർക്കം ഒന്നും സൗഹൃദത്തിൽ വിള്ളൽ ഉണ്ടാക്കിയില്ല.

ഞാൻ അന്ന് താമസിച്ചിരുന്നത് പള്ളിയുടെ പുറകിലുള്ള ഉമ്മാന്റെ തറവാട്ടിലാണ്.
എന്നും മദ്രസ്സയുടെ പിറകിലെ ഗൈറ്റ് വഴിയാണ് ഞാൻ കടയിലേക്ക് പോകുന്നത് പള്ളിക്ക് സമീപത്താണ് എന്റെ കട. ചിലപ്പോൾ ഗേറ്റ് കമ്മറ്റിക്കാർ പൂട്ടും. ആളുകൾ റോഡിലെത്താൻ ഷോട്ട്കട്ടായി ഉപയോഗിക്കുന്നത് കാരണം.
അപ്പോൾ മദ്രസ്സക്ക്‌ പുറകിലുള്ള മതിൽ ചാടി കടന്നാണ് ഞാൻ പോകുക. ആമതിൽ എൻ്റെ വീടിനെ പിറകിൽനിന്നും മറച്ചിരുന്നു. പഴയ മതിലാണ്. ആഴത്തിലുള്ള അഴുക്ക് ചാൽ വീടിനും മതിലിനുമിടയിൽ ഉണ്ട്.

ഒരുദിവസം രാത്രി ഭക്ഷണംകഴിച്ചു മതിൽ ചാടിയതും പൊളിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ഭാഗ്യത്തിനു മതിലിനു അടിയിൽ പെടാതെ രക്ഷപ്പെട്ടു. പിന്നെ ഞാൻ അവിടെ നിന്നില്ല. മതിലുപൊളിച്ച പേടിയിൽ കടയിലേക്ക്ഓടി.
മിക്കവാറും കടയിൽതന്നെയാണ് കിടക്കുക.

സുബ്ഹി നിസ്കാരത്തിനു ശേഷം അബൂബക്കർ ഉസ്താദ് അടുത്തുവന്ന് എന്നോട് ചോദിച്ചു

"ജിന്നിൽ വിശ്വാസമുണ്ടോ..?"

ഞാൻ പറഞ്ഞു " ജിന്നിൽ മാത്രമല്ല ഇന്സുലുമുണ്ട് വിശ്വാസം എന്തേ..? "

"ഞാൻ ഇന്നലെ ജിന്നിനെ കണ്ടു "
ഞാൻ ഒന്ന് ചിരിച്ചു.
ഉസ്താദ് പറഞ്ഞു " വള്ളാഹി "
നിന്റെ വീടിന്റ പിറകിൽ.

എനിക്ക് ഒന്നും മനസിലായില്ല
ഞാൻ അങ്ങനെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയപ്പോൾ ഉമ്മ പറഞ്ഞു.
" നീ ചോറ് തിന്ന് പോയഉടനെ ആമതിൽ പൊളിഞ്ഞു വീണു. നിസ്ക്കാരപ്പായിലായിരുന്നു ഞാൻ. ഒരുവിളക്ക് എടുത്തു ഓടിവന്നു നോക്കുമ്പോൾ മദ്രസ്സയിൽ കിടന്നുറങ്ങിയ ഉസ്താദ് എന്തൊക്കൊയോ ചെല്ലി ഊതി കയ്യിലെ വെള്ളം എന്റെനേരെ ഒഴിച്ചു. അപ്പോൾ വിളക്ക് കെട്ടു ഞാൻ പുരയിലേക്ക് കയറി.

എനിക്ക് ചിരി അടക്കാനായില്ല. മതിൽ വീണ കാര്യം അതുവരെ ഉസ്താദ് അറിഞ്ഞിരുന്നില്ല.
ഞാൻ ഉസ്താദിന്റെ അടുത്തേക്ക് ഓടി.
ചിരിച്ചുശ്വാസം കിട്ടാതായ എൻ്റെ പുറത്ത് കൊട്ടി ഉസ്താദ് ചോദിച്ചു. 'എന്തേ '
ഈ ജിന്നിൽ എനിക്ക് വിശ്വാസമില്ല..
"കാരണം..?"
അത് ജിന്നല്ല ഇൻസാണ്.

ആ സംഭവം ഇടക്ക് ഞങ്ങൾ പറയും ചിരിക്കും.വല്ലാതെ കളിയാക്കുമ്പോൾ ഉസ്താദ് എന്നെ പേടിപ്പിക്കും മതിൽ പൊളിച്ചത് നീയാണ് എന്ന് ഞാൻ കമ്മറ്റിക്കരോട് പറയും എന്ന് പറഞ്ഞ്.കുറച്ചു കാലത്തിനുശേഷം കമ്മറ്റി മാറി. ഖത്തീബ് അബൂബക്കർ ഫൈസിപോയശേഷം അബൂബക്കർ ഉസ്താദും മദ്രസ്സവിട്ട് പോയി.
...................................

ഷക്കീർ ചെറുതുരുത്തി