'കളി പടിക്കണവര്!'... "വട്ടനടിമേട് കളി പടിക്കണവര് പടച്ചോന്റീം മുത്ത്നബീന്റീം നേർച്ചക്കാരീടേം ഒദവി ഒണ്ടായിട്ടു വട്ടനടിമേട് അവരു കളി പടിക്കും!....
ഒരു നൂറ്റാണ്ടിനോട് അടുക്കുന്നു വൈക്കം മുഹമ്മദ് ബഷീർ കുഞ്ഞിപാത്തുമ്മാന്റെ പുതിയാപ്ല നിസാർ അഹ്മദിന്റെകൂടെ ഓൾടെ വാപ്പ വട്ടനടിമയെ വിട്ടിട്ട് .പിന്നെ മൂപ്പർ പള്ളിപ്രസിഡന്റ് ആയിട്ടുണ്ടോ..? ! അറിയില്ല !വൈക്കം മുഹമ്മദ് ബഷീർ പിന്നെ ആ കഥ പറഞ്ഞില്ല.പക്ഷെ , അന്ന് പളളി പ്രസിഡന്റ് ആകാനുള്ള യോഗ്യത ബഷീർ പറഞ്ഞുവെച്ചിരുന്നത് ഇതാണ്....
". പള്ളിക്കൈത്താനക്കാര്യത്തിനാണ്. സമുദായത്തിന്റെ നേതാവാകണം. അതാണു പ്രശ്നം പള്ളിയുടെ ഭരണ കാര്യങ്ങൾ ബാപ്പായ്ക്കു നോക്കാൻ അവകാശമില്ലത്രേ! അവകാശം പിന്നെ ആർക്കാണ്? നാട്ടിലെ പ്രമാണിയാണ് എവിടേയും എന്നും "പള്ളിക്കൈത്താനക്കാരൻ. പ്രമാണിയാകണമെങ്കിൽ എപ്പോഴും പണം വേണം. കുഞ്ഞുപാത്തുമ്മയുടെ ബാപ്പായാണ് നാട്ടിലെ ഏറ്റവും മുന്തിയ പണക്കാരൻ. "
കാലം പിന്നിട്ട് പോയപ്പോൾ ഈ കാര്യത്തിന് മാറ്റം വന്നോ ...ഇല്ല പക്ഷെ ചിലത് അതിൽ കൂടിച്ചേർന്നു . അത് എന്താണ് .
ആ കഥയാണ് പറയാൻ പോകുന്നത് ...
നിസാർ അഹ്മദ് കുഞ്ഞി പാത്തുമ്മാദമ്പതികൾക്ക് കുട്ടികൾ രണ്ടായിരുന്നു .അവരിൽ ഒരാൾ പെണ്ണായിരുന്നു .ആ പെൺകുട്ടിയ അവർ വിവാഹം കഴിച്ചു വിട്ടു. അവൾക്ക് ഒരുപെൺകുട്ടി പിറന്നു അവളുടെ പേരാണ് ബി.പാത്തു.നമ്മുടെ തല്ലുമാലയിലെ ബീപാത്തു.
ഓൾടെ വാപ്പാന്റെ ഒരു രസകരമായ കഥയാണ് (ഇത് ജീവിച്ചിരിക്കുന്നവരുമായോ വല്ല പള്ളികമ്മറ്റി പ്രസിഡന്റുമായോ ഇതിന് വല്ല ബന്ധം തോന്നിയാൽ ........)
നാട്ടിൽ പണം മാത്രം പോര ഇന്ന് പള്ളി പ്രസിഡന്റാകാൻ കുടുംബങ്ങൾ വേണം കൂടാതെ ഒരു ലീഡിംഗ് പാർട്ടിടെ ഒദ്യോഗിക പിന്തുണ വേണം . പ്രത്യേകിച്ച് പ്രദേശിക ഭരണം മുതൽ സംസ്ഥാന ഭരണംവരെ പിടിപാടുള്ള പാർട്ടിയായാൽ
ബലേ ബേഷ് ...!
പാത്തൂന്റെ ബാപ്പാക്ക് ഇപ്പോൾ അതെല്ലാം ഉണ്ട്.
കൂടെ കുറേ സിദ്ധികളും ഉണ്ട്
അതെന്താണ് ആസിദ്ധികൾ
മൂപ്പർ സ്വപ്നം കാണും
'അത് സിദ്ധിയാ ന്നോ?'
'അല്ല..
'പിന്നെ ! ?
മൂപ്പര് കാണുന്ന സ്വപ്നങ്ങളാണ് മിക്കവാറും പള്ളിക്കമ്മറ്റി തീരുമാനങ്ങൾ !
അതെങ്ങനെ?
അതാണ് ആസ്വപ്നങ്ങൾമിക്കവാറും കാണുക വിശ്വപ്രസിദ്ധ മസാറുകളിൽ ഒന്നായ അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി തങ്ങളെ യായിരിക്കും
കമ്മറ്റിയിൽ വന്നാൽ മൂപ്പർ പറയാൻ തുടങ്ങും
"സഹോദരങ്ങളെ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. അജ്മീറിലെ ഉപ്പാപ്പ...."
അതിങ്ങനെ പല തീരുമാനങ്ങളുമായി പോകും
അപ്പോൾ നിങ്ങൾ ചോദിക്കും കമ്മറ്റിക്കാർ എല്ലാവരു ഇത് അംഗീകരിക്കോ...?എതിർക്കില്ലേ ?
അവിടെയാണ് കഥ എതിർക്കണമെങ്കിൽ പാർട്ടി പറയണം
പാർട്ടി ഇപ്പോൾ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം അത് കേട്ടിരിക്കലാണ്.
അപ്പൊ നിങ്ങൾ വീണ്ടും
ചോദിക്കും എല്ലാവരും ഒരേ പാർട്ടിക്കാ രാണോ ?
അല്ല
പിന്നെ ?
ഭരണത്തിൽ നിന്ന് പുറത്തിരിക്കുന്നത് അത്ര നല്ല കാര്യമല്ല എന്ന് മനസിലാക്കുന്നവരാണ് മറ്റൊരുകൂട്ടർ
അപ്പോൾ നിഷ്പക്ഷർ .
അവിടെയാണ് ആ സ്വപ്നത്തിന്റെ ഗുട്ടൻസ് !.
ആരാ സ്വപ്നത്തിൽ വന്നത്.....
അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി
അപ്പോൾ സ്വപ്നത്തെ എതിർത്താൽ ആരെ എതിർക്കലായി.....
തങ്ങളെ ....!
എങ്ങനെയുണ്ട്.
സത്യത്തിൽ പണ്ട് കുഞ്ഞി പാത്തുമ്മാന്റെ ബാപ്പ വട്ടനടിമക്ക് ഈ ബുദ്ധി പോയില്ല.
അങ്ങിനെയെങ്കിൽ മൂപ്പർക്ക് സ്വത്തും സമ്പാദ്യവും കേസിന് വേണ്ടി
തൊലച്ച് കളയേണ്ടിവരുമായിരുന്നില്ല.
കുഞ്ഞിപാത്തുമ്മാനെ പരിഷ്ക്കാരി നിസാർ അഹ്മദിന് കെട്ടിക്കേണ്ടി വരുമായിരുന്നില്ല.!
ഹാ.. എന്ത് ചെയ്യാൻ പോയകാലം.... തിരിച്ച് വരില്ലല്ലോ!
ബീപാത്തൂന്റെ വാപ്പാന്റെ ഈ വക നടപടിയൊന്നും സ്വത്തുക്കാക്ക് പിടിക്കില്ല
ആളൊരു 'തറവാടിയാണ് '.
എന്തിനെയും എതിർക്കാൻ ചങ്കൂറ്റം ഉള്ളയാൾ. വാപ്പ കാർന്നമ്മാരായി അധികാരികൾ. പക്ഷെ, ഇപ്പോൾ വീട്ടിൽ വേവിക്കാൻ ആ പ്രതാപം മാത്രം ബാക്കി.
സ്വത്തുക്കാക്ക് എതിർക്കണം എന്നുണ്ട് പക്ഷെങ്കി ഒറ്റപ്പെടും. ഔലിയാക്കളെ അവമതിച്ചു എന്ന പേരും വരും.
എന്ത് ചെയ്യണമെന്ന് മൂപ്പര്കുറേആലോചിച്ചു.
ഒരിക്കൽ ഒരു കമ്മറ്റിക്ക് ഒരു വിഷയം വന്നു.
സ്വത്തുക്ക പറഞ്ഞു. നമുക്കിത് ചെയ്യാൻ കഴിയില്ല കേസിലാണ്. പുലിവാലാകും
മൂപ്പരെ കമ്മറ്റിയിലെ പാർട്ടി ബുദ്ധിജീവി കബീർക്ക പിന്താങ്ങി പ്രസിഡന്റിന്റെ ഈ വക കണക്കും കയ്യുംഇല്ലാത്ത പ്രവർത്തി കാരണം മഹല്ലിലെ നാലഞ്ച് ആളുകൾ കേസ് കൊടുത്തു. അതാണീ പറഞ്ഞ കേസ്.
പക്ഷെങ്കി. ഇത് സ്വപ്നമാണ്.
അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി സ്വപ്നത്തിൽ വന്ന് പറഞ്ഞതാണ് എന്ത് ചെയ്യും...?
പെട്ടന്ന്,
സ്വത്തുക്ക ഇളകിയാടി
" യാ.. ശൈഖ് രിഫാഈ.....
യാ.. ശൈഖ് രിഫാഈ....."
കണ്ട് നിന്നവർ അന്തം വിട്ടു.
ഇളകിയാടി സ്വത്തുക്ക പറഞ്ഞു. "തീരുമാനം എടുക്കരുത് എന്നാണ് രിഫാഇ തങ്ങൾ പറയുന്നത്"
ഇതും പറഞ്ഞ്
സ്വത്തുക്ക തറയിൽ പരുക്ക് ഏൽക്കാത്ത വിധം വീണു.
എല്ലാവരും ഓടി വന്നു.
പള്ളിക്ക് അകത്ത്നിന്ന് കത്തീബും വന്നു.
സ്വത്തുക്കാനെ വെള്ളം തെളിച്ച് എണീപ്പിക്കുന്നതിനിടയിൽ പാർട്ടി ബുദ്ധിജീവി കബീർക്കാനോട്
പ്രസിഡന്റ് ചോദിച്ചു.
" ഏത് വാർഡിലാ ഇപ്രാവശ്യം നിൽക്കുന്നത്" ?
"23 ൽ"
കബീർക്ക പറഞ്ഞു.
" ഓ... എന്റെ കുടുംബക്കാരാ അധികവും അവിടെ "
കബീർക്കാക്ക് കാര്യം പിടികിട്ടി.
ഇന്നലെ പ്രവാചകന്റെ സ്വപ്നങ്ങളെ വിമർശിച്ച യുക്തിവാദി പോസ്റ്റ് ഷെയർ & ലൈക്ക് ചെയ്ത കബീർക്ക പിന്നെ പ്രസിഡന്റിന്റെ സ്വപ്നത്തെ അവിശ്വസിച്ചില്ല.
കമ്മറ്റിയിൽ ആകെ ചർച്ച ആരുടെ സ്വപ്നം സ്വീകരിക്കും
തീരുമാനം പറയാനാകാതെ ഖത്തീബ് ഉസ്താദും കുടുങ്ങി.
ഇരുവരും സത്യം ചെയ്യൽ തുടങ്ങി .
സത്യംചെയ്യൽ മൂർദ്ധന്യത്തിലായി....
" വള്ളാഹി"
" വള്ളാഹി"
"റസൂലാണെ"
"റസൂലാണെ"
" മമ്പുറത്തെ തങ്ങളാണെ"
" മമ്പുറത്തെ തങ്ങളാണെ"
"കാളിറോട്ടേ തങ്ങളാണെ"
"കാളിറോട്ടേ തങ്ങളാണെ"
അവസാനം പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു .....
" കണ്ണുകാണാത്ത സ്വാമിയാണെ മൂപ്പരുടെ ചാത്തനാന്നെ "...! ?...
ഒരു നിമിഷം ഖത്തീബ് ഉസ്താദ് ഞെട്ടി!
സ്വത്തുക്ക ഏറ്റുപറച്ചിൽ നിർത്തി.
കമ്മറ്റിയിലെ മറ്റ് ആളുകൾക്ക് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഉണ്ടായില്ല. ആ സത്യം ഒരു മതേതര സത്യമായി അവർക്ക് തോന്നി.
പിറ്റേന്ന് ഉസ്താദ് മഹല്ലിൽ നിന്ന് വിട പറഞ്ഞു. സ്വത്തുക്ക രാജിനൽകി.
മഹല്ലിൽ ഒന്നും സംഭവിച്ചില്ല. പുതിയ ഖത്തീബ് പരിവാരസമേതം വന്നു.
ബീ. പാത്തൂന്റെ ബാപ്പ പിന്നെയും പള്ളി പ്രസിഡന്റായി തുടർന്നു.
ഒരിക്കൽ പുതിയ ഖത്തീബിനോട് പഴയ ഖത്തീബിനെ കുറിച്ച് പറയുന്നതിനിടയിൽ പ്രസിഡന്റ് പറഞ്ഞു.
"ആൾക്ക് എന്റെത്ര ഔലിയാക്കളിൽ വിശ്വാസം ഇല്ല"
........ഷക്കീർ ചെറുതുരുത്തി.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ