2025 ജൂൺ 16, തിങ്കളാഴ്‌ച

അനുസ്മരണം 11

 കല്ലാക്കൽ മുഹമ്മദ്ക്ക

സുറുമയെഴുതിയ കണ്ണുകളും, ചുണ്ടിൽ മാപ്പിളപ്പാട്ടും, കൈയ്യിൽ പാട്ട് പുസ്തകങ്ങളും ,മുസ്ഹഫും , നമസ്ക്കാര കണക്കും ,കൂടെ ഒരു സുഗന്ധം പരത്തുന്ന അത്തർപ്പെട്ടിയും.

കല്ലാക്കൽ ചന്ദനത്തിരി മുഹമ്മദ്ക്കാനെ ഞാൻ ചെറുപ്പത്തിൽ കണ്ട ഓർമ്മയാണിത്.

"കായലരികത്ത് വലയെറിഞ്ഞ " പാട്ടും ദുബായ് കത്തുപാട്ടും കല്ലാക്കൽ മുഹമ്മദ് ക്ക എഴുതിപാടിയതാണെന്ന് ഞാൻ ചെറുപ്പത്തിൽധരിച്ചു. അത്രക്കഅധികം ആ പാട്ടുകൾ അദ്ദേഹത്തിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട് . ഒരോഅത്തർ കുപ്പികൊപ്പവും ഒരോ കെസ്സുകൾകെട്ടും.
കിസ്സ പാട്ടുകളും പടപ്പാട്ടുകളും പാടിപ്പറഞ്ഞാണ്. അദ്ദേഹം റോഡരികിൽ നിന്ന് പാട്ട് പുസ്തകങ്ങൾ വിറ്റിരുന്നത്.
എൻ്റെ കുട്ടിത്വം കൗതുകത്തോടെ നോക്കി നിന്നവരെല്ലാം കാലയവനിക്കുള്ളിൽ കയറി .
അദ്ദേഹം കൂടി വിടവാങ്ങുമ്പോൾ ചെറുതുരുത്തിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ് .
അദ്ദേഹത്തിന് പടച്ചവൻ പൊറുത്തു കൊടുക്കുകയും അദ്ദേഹം വർണ്ണിച്ച് പാടാറുള്ള ജന്നത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. ...ആമീൻ

അനുസ്മരണം 9

 

ബക്കർ മാഷിനെ കുറിച്ചുള്ള ഓർമ്മകളാണ്, എന്റെ സ്കൂളിലെ ഒന്നാം ക്ലാസ് ഓർമ്മകൾ. അതിനപ്പുറം എനിക്ക് ആ കാലത്തെ കുറിച്ച് ഒന്നും ഓർമ്മയിലില്ല.

ജനാലയിലൂടെ എന്റെ പുറത്തേക്കുള്ള നോട്ടം, മാഷിന്റെ പുഞ്ചിരിക്കുവേണ്ടിയാണ്.....ഞാൻ നോക്കുമ്പോൾ എല്ലാം മാഷ് ചിരിക്കും.... അപ്പുറത്തെ രണ്ടാം ക്ലാസിലാണ് മാഷ് പഠിപ്പിച്ചിരുന്നത്....

ഞാൻ സ്കൂളിൽ ഒന്നിലും രണ്ടിലും പഠിക്കുമ്പോൾ LP സ്കൂളിന്റെ അത്രയും ഭാഗം ഇപ്പോൾ ചെറുതുരുത്തി ഹയർ സെകണ്ടറി സ്കൂളിന്റെ പുതിയ +1 +2 ബ്ലോക്ക് നിലനിൽക്കുന്നിടത്തായിരുന്നു. രണ്ട് ലൈനുകൾ ഉള്ള ക്ലാസ് റൂമുകൾ.താഴത്തെ ലൈനിലെ ക്ലാസ് റൂമുകൾ അടച്ചുറപ്പ് ഇല്ലാത്ത അരമതിൽ ക്ലാസ് റൂമുകളായിരുന്നു.
അറബി പഠിപ്പിച്ചിരുന്ന മാഷാണ് ബക്കർ മാഷ്. പക്ഷെ,എന്നെ പഠിപ്പിച്ചിട്ടില്ല. റഷീദ് മാഷാണ് എന്റെ അറബി മാഷ്. പക്ഷെ, എന്നെ സന്തോഷിപ്പിച്ച സ്വാധീനിച്ച മാഷാണ് ബക്കർമാഷ്. വെളുത്ത് ചുവന്ന മാഷിനെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു.... ഒപ്പം നിറഞ്ഞ പുഞ്ചിരിയുമായി നോക്കുന്ന മാഷിനെ പ്രത്യേകം ഓർത്തു....
ആ സ്നേഹം ഇന്നും എന്റെ മനസിൽ തങ്ങിനിൽപ്പുണ്ട്. മുഖംപോലെ സുന്ദരമായിരുന്നു മാഷിന്റെ മനസ്സും .അത് അനാഥ അഗതി സംരക്ഷത്തിലേക്ക് തിരിച്ചുവെച്ചു. ബക്കർമാഷ് ചെറുതുരുത്തി യത്തീംഖാനയിൽ കുറേകാലം ജോ: സെക്രട്ടറിയായിരുന്നു. റിട്ടേർഡ് മെന്റിനു ശേഷം മനേജറായും പ്രവർത്തിച്ചു. പിന്നീട് മാഷിനെ കാണുമ്പോളെല്ലാം കുശലന്വേഷണം നടത്തി. അപ്പോളെല്ലാം മാഷ് നിറഞ്ഞ പുഞ്ചിരി സമ്മാനിക്കും. ഞാൻ എന്റെ സ്നേഹത്തേ അറിയിക്കും. ഈ അടുത്ത് കണ്ടപ്പോഴും മാഷ് ചിരിച്ചു. ഇനി ചിരിക്കുന്ന മുഖവുമായിമാഷില്ല. ബക്കർ മാഷ് ചിരിച്ചു കൊണ്ട് നമ്മിൽ നിന്ന് വിട പറഞ്ഞു. അല്ലാഹു പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ....ആമീൻ

2025 ജൂൺ 15, ഞായറാഴ്‌ച

"മാണിക്ക കല്ലിനെ മറക്കില്ല ഞാന്നിന്നെ "


മാണിക്ക കല്ലിനെ....മറക്കില്ല ഞാൻ നിന്നെ...


ഇന്നലെ, ചെറുതുരുത്തി കോഴിമാംപറമ്പ് പൂരം. ആനയില്ലാതെ ഓർമ്മയുടെ ചരിത്രത്തിൽ ഇടം പിടിച്ചപ്പോഴും, ഇന്നും ഞാനാ കുറവനേയും കുറത്തിയേയും (പൊറാട്ട് നാടകം ) തിരയുകയാണ് .

എൻ്റെ ബാല്യത്തിൽ കണ്ട് കൊതിതീരാത്ത കലാരൂപം.
ചെറുതുരുത്തി മാർക്കറ്റിന് പിറകിലുള്ള രാമചന്ദ്രൻമാസ്റ്ററുടെ സഹോദരി ഭാമ ചേച്ചിയുടെ വീട്ടിലാണ് ആ കലാകാരൻമാർ വരുന്നതും മേക്കപ്പ് ഇടുന്നതും . വൈകീട്ട് അതെല്ലാം അഴിച്ച് വെക്കുന്നതും.
അന്നാണ് ഗോറില്ല സിങ്ക് വൈറ്റ് കാണുന്നത്. പിന്നീട് ഞാനത് കർട്ടനിൽ എഴുതാൻ ഉപയോഗിച്ചിട്ടുണ്ട് .
 പൂരത്തിന് ഒരു നാല് അഞ്ച് ദിവസം മുമ്പേ അവർ എത്തും . പിന്നീട് ആ വരവകുറഞ്ഞ് കുറഞ്ഞ് പൂര ദിവസം മാത്രമായി .
 അവർ വന്നാൽ.  അവരുടെ പിറകെ പിന്നെ ഒരു യാത്രയാണ്. ആ ചെണ്ടയുടെ താളത്തിൽ മുഴുകി പാട്ടിൽ ലയിച്ച്. അന്ന് ആറേഴ് കലാകാരൻമാരാണ്  ട്രൂപ്പിൽ ഉണ്ടാവുക. അതിനാൽ നായാടികളുടെ കോൽകളി പോലെ എല്ലാ വീടുകളിലും കളിപ്പിക്കില്ല. അത്യാവശ്യം സാമ്പത്തികവും താൽപര്യവുമുള്ള വീടുകളിലെ പൊറാട്ട് നാടകം കളിപ്പിച്ചിരുന്നുവൊള്ളു.
 ആ ഗ്രൂപ്പിന്ന് ചുരുങ്ങിയത് അന്ന് ഒരുവീട്ടിൽനിന്ന്  25 രുപയെങ്കിലും കിട്ടിയിരുന്നു .പിന്നീട് അവർക്ക് ഈ കാലാരൂപംകൊണ്ട് ജീവിതം സാധ്യമല്ലെന്ന് വന്നു.
 വാർക്കപണിക്കാരായിരുന്നു. അതിലെ ചില കലാകാരൻമാർ. പ്രത്യേഗിച്ച് കറുത്തു പൊക്കത്തിലുള്ള പെൺവേഷം കെട്ടുന്നയാൾ . പാലക്കാട്ട് നിന്ന് വന്നിരുന്ന ഈ കലാകാരൻമാർ പാണ സമുദായ അംഗങ്ങളായിരുന്നു.
 അവരുടെ ചുവടുകൾ മനോഹരമാണ്. പൂരപ്പറമ്പിൽ വെച്ച് നഷ്ടപ്പെട്ട ഭാര്യയെ തിരിച്ച് കിട്ടുന്നതാണ് കഥാഇതിവൃത്തം . ആ സന്ദർഭത്തിൽ പാടുന്ന പാട്ടും സംഭാഷാണവും ആരേയും ആസ്വദിപ്പിക്കും
 എല്ലാ നാടൻ കലകളെപോലെ അതും അടിയാൻമാരുടെ പ്രതിഷേധം തന്നെയായിരുന്നു. കാരണം കാണാതെയായവൾ വല്ല തമ്പുരാൻമാരുടെ കൂടെ പോയോ എന്ന സംശയം തന്നെയാണ് പാട്ടിലും പറച്ചിലിലും അവർ ഉയർത്തുന്നത്..
 ഇപ്പോൾ അവർ വരാതെയായി . ഇന്നലെ ആനപ്പുരം കാണാൻ കഴിയാതെവന്നെങ്കിലും. ഞാനിപ്പോഴും മിസ്സ് ചെയ്യുന്നത് ആ "മണിക്ക കല്ലിനെയാണ് "

*ചെറുതുരുത്തിലെ ഏറ്റവും പഴയ ബോർഡ് എഴുത്ത്*


ചെറുതുരുത്തിലെ ഏറ്റവും പഴയ ബോർഡ് എഴുത്ത്

 ഒരു 30 കൊല്ലം മുമ്പ് . ഈ ബോർഡ്‌  എഴുതുന്നത് ഞാൻ കണ്ടു നിന്നിട്ടുണ്ട് . പുതുശ്ശേരിയിലെ അലവികുട്ടിക്കയാണ് എഴുതിയിരുന്നത് . അലവികുട്ടിക്ക സെറീന ആർട്ട്സ് ഷമീറിൻ്റെ ഉപ്പയാണ് ; ഷക്കീർ മാഷിൻ്റെയും. അലവികുട്ടിക്കയുടെത് ഒരു കലാകുടുംബമാണ്. എഴുത്ത് മാത്രമല്ല നാടകവുമെല്ലാം  ആ കുടുംബത്തിലുണ്ടായിരുന്നു. ഷക്കീർ മാഷ് സ്കൂൾ മത്സരങ്ങളിൽ പാടിയിരുന്നത് ഞാൽ ഓർക്കുന്നു. അന്ന് അലവികുട്ടിക്ക മാത്രമാണ് എഴുതിയുന്നത് . പിന്നീട് കുറേ കാലശേഷമാണ് ദീപ ആർട്സ് വരുന്നത് .അവർ പരസ്യ എഴുത്തിൻ്റെ രാജാക്കൻമാർ ആയിരുന്നു. ജീവനുള്ള ചിത്രങ്ങൾ അന്ന് ചെറുതുരുത്തിയിലെ  കടകളുടെ  ബോർഡുകളിൽ സ്ഥാനം പിടിച്ചു. അവിടെ നിന്നാണ് നമ്മുടെ ഉണ്ണി പൈങ്കുളം ജനിക്കുന്നത് . പ്രതീപ് ഏട്ടനും പ്രശോഭ് ചേട്ടനും പ്രശാന്ത് എട്ടനും ബോബനും പിന്നെ അവരുടെ ഒരു പെങ്ങൾ മോളിയും നന്നായി എഴുതുകയും വരക്കുകയും ചെയ്യും. ഇന്ന് ബോർഡ്എഴുത്ത് കല ഇല്ലാ എന്ന് തന്നെ പറയാം . കലാകാരൻമാരും കുറഞ്ഞു .ഉണ്ണി അകാലത്തിൽ മറഞ്ഞു . കുറേ കാലം മുമ്പ് അലവിക്കയും പോയി . ഷൊർണ്ണൂർ വിജയ് ആർട്ടിലെ വിജയേട്ടനും ദീപ ആർട്സിലെ പ്രദീപ് ഏട്ടനും പോയി .ബാക്കി യുള്ളവർ ഈ പണിയെല്ലാം വിട്ടു. പ്രശാന്ത് ബത്തേരിയിൽ ഉണ്ട് എന്നറിയുന്നു. എന്നിരുന്നാലും ഒരു മുപ്പത് മുപ്പത്തിഅഞ്ച് കൊല്ലം മുമ്പുള്ള എഴുത് ഇന്നും മായാതെ നിൽക്കുന്നു . അതും ചെറുതുരുത്തിയുടെ തിലകക്കുറിയായ് നിൽക്കുന്ന കെട്ടിടത്തിൻ്റെ നടുവിൽ തന്നെ. അലവികുട്ടിക്ക നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞിട്ടും ..... 

പള്ളി പക്ഷിക്കുമുള്ളതാണ് .....!

പള്ളി പക്ഷിക്കുമുള്ളതാണ്
ഉച്ചക്ക് നമസ്കരിക്കാൻ വൈകിയാണ് എത്തിയത് . ഉച്ചഭക്ഷണം കഴിഞ്ഞതിന്റെ ക്ഷീണം എന്നെ മുസല്ല(കാർപ്പെറ്റ് )യിലേക്ക്ചായിച്ചു. കിടന്ന് മുകളിലേക്ക് നോക്കിയപ്പോൾ ഒരു പക്ഷി ഈ കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ വട്ടമിട്ട് പറക്കുന്നു. ഇടക്ക് ഹാളിന് നടുവിലായി തൂക്കിയിട്ട അലങ്കാര ലൈറ്റിൽ വന്നിരിക്കും .
നോക്കിയപ്പോൾ ഈ ചെറുതുരുത്തി ചുങ്കത്തെ പള്ളിക്കുള്ളിൽ ഒരു പക്ഷിക്കൂട് . എണീറ്റ് ലൈറ്റിടാൻ സ്വിച്ച് അമർത്തിയപ്പോഴെക്കും ഉസ്താദ് മുനീർ സഖാഫി ഓടിവന്നു " ഫാനിടല്ലേ ".... എന്ന് പറഞ്ഞ് കൊണ്ട് . ഇല്ല " ഞാൻ ആ കൂടു കാണാൻ ലൈറ്റിട്ടതാ''... ''നിങ്ങള് ഉച്ചയുറക്കം നടത്തിയില്ലേ" ..... ഇല്ല ആ പക്ഷി കൂടുകുട്ടിയ അന്ന് തൊട്ട് ഉറക്കം ശരിക്കും വരുന്നില്ല. ഇപ്പോൾ അതിൽ കുഞ്ഞുങ്ങളുണ്ട്. അമ്മ പക്ഷി ഫാനാൻതട്ടി ചിറക് ഒടിഞ്ഞു പോയതാ , പിന്നെ കണ്ടിട്ടില്ല . എന്റെ വേവലാതി ആര് അതുങ്ങൾക്ക് അന്നം കൊടുക്കും എന്നുള്ളതായിരുന്നു . ഇപ്പ വാപ്പ പക്ഷിയാണ് ഭക്ഷണം കൊടുക്കുന്നത് . ജമാഅത്ത് നമസ്ക്കാരത്തിന് ഫാനിട്ട് ഇമാമ് നിൽക്കുമ്പോൾ വല്ലാത്ത വിടച്ചിലാണ് . പൈതങ്ങൾ കണ്ണു മിഴിച്ച് പറക്കാനാകുന്നത് വരെ..... ഉസ്താദ് പറഞ്ഞു നിർത്തി ... പോകുന്നതിടയിൽ ഉസ്താദ് പറഞ്ഞു അല്ലാന്റെ വീട് പക്ഷിക്കു കൂടി ഉള്ളതാണ് .

 

ആ ആട്ടുകല്ലുകളിൽ ഒരുചരിത്രമുണ്ട് , പോയകാലത്തിന്റെ ചരിത്രം


 ആ ആട്ടുകല്ലുകളിൽ ഒരുചരിത്രമുണ്ട് , പോയകാലത്തിന്റെ ചരിത്രം

ചെറുതുരുത്തി ഫെഡറൽ ബാങ്കിന്റെ ATM ലേക്ക് കയറുമ്പോൾ അഴിച്ചുവെച്ച പ്രതാപങ്ങളാൽ അരഞ്ഞുതേഞ്ഞ മൂന്ന് ആട്ടുകല്ലുകൾ ( അരിഅരക്കുന്ന വസ്തു ) ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടിട്ടുണ്ടാവും. അത് ഒരുതലമുറയെ സ്വാദിഷ്ട്ടമായ ദോശകൊണ്ടും ഇഡലികൊണ്ടും ഊട്ടിയ ചെറുതുരുത്തിയിലെ രാമൻ നായരുടെ ദേവദാസ് ഹോട്ടലിലെ ആട്ടുകല്ലുകളാണ്.
ഇപ്പോൾ ഫെഡറൽ ബാങ്ക് നിലനിൽക്കുന്ന സ്ഥലത്താണ് മുൻപ് ഹോട്ടൽ നിലനിന്നിരുന്നത്. എന്റെ ചെറുപ്പത്തിൽ അതിൽ അരക്കുന്നതും അരക്കുന്നവരെയും കണ്ടിട്ടുണ്ട്. ഒരു കല്ലിനെ അരഞ്ഞുതേഞ്ഞു അന്നേ പുറത്താക്കിയിരുന്നു. ആ ആട്ടുകല്ലുകളിൽ
അരച്ച ഒരുപാട് ഭക്ഷണവും കഴിച്ചിട്ടുണ്ട്. വളരെകുറച്ച് ഹോട്ടലുകളെ അന്ന് ചെറുതുരുത്തിയിൽ ഉണ്ടായിരുന്നുള്ളു. ഇന്ന് ചെറുതുരുത്തി ഹോട്ടലുകളുടെ ഹബ്ബായിതീർന്നു.
കാലം മാറിയതോടെ ഹോട്ടലുകളിൽ ഗ്രൈന്ററുകൾ വന്നു. പിന്നീട് റെഡിമെയ്ഡ് മാവുകൾ ആസ്ഥാനം കീഴടക്കി. തലേദിവസം തന്നെ അരച്ചുവെക്കുന്നതും, കരന്റ്കട്ട് അടക്കമുള്ള പ്രശ്നങ്ങളും റെഡിമെയ്ഡ് മാവ് വന്നതോടെ തീർന്നു. ജോലിഭാരവും കുറഞ്ഞു.
ആ ഹോട്ടലിനുമുകളിൽ പല ട്യൂഷൻ സെന്ററുകളും ഉണ്ടായിരുന്നു. അക്ഷയ ട്യൂഷൻ സെന്റർ ആദ്യം അവിടെയായിരുന്നു
ആ കല്ലുകൾ കഥ പറയുന്നത് രാമൻ നായരുടേയും ചായക്കാരൻ ശങ്കുണ്ണി നായരുടേതും അതിൽ അരച്ചിരുന്ന വെട്ടുകാട്ടിൽ ഉണ്ണിയേട്ടന്റയും പുതുശേരിയിലെ രാജമ്മയുടയും പേരറിയാത്ത അമ്മമാരുടെതുമാണ്. ATM ൽ പോകുമ്പോഴേല്ലാം ആ ആട്ടുകല്ലിൽ ഇവരുടെ ആത്മാക്കളുള്ളത് പോലെ തോന്നും. അവരെല്ലാം മുകന്ദന്റെ മയ്യഴിപ്പുഴയുടെ തീരത്തെ വെള്ളിയാങ്കല്ലിലെ ആത്മാക്കളെ പോലെ നമ്മോടു സംസാരിക്കുന്നതായി തോന്നും.

വീരാക്കായിയുടെ ആ ട്രെൻക് പെട്ടിയിൽ എല്ലാം ഭദ്രമായിരുന്നു


2025 ജൂൺ 14, ശനിയാഴ്‌ച

കൊടിയുടെ കഥ

 കൊടിയുടെ കഥ

'ഈ കഥ നടന്നതാണോ... ?' മനോജ് ആന്റണി ചോദിച്ചു .
'നടന്നത് സംഭവമല്ലേ, കഥയല്ലല്ലോ?' !
അപ്പോൾ ഇത് നടന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളുമായി യാതോരുവിധ ബന്ധവുമില്ല എന്ന് എഴുതണോ ?
എന്റെ മൊബൈൽ എഴുത്തിൽ കൗതുകം കൊണ്ടിരുന്ന മനോജ് ആന്റണി പറഞ്ഞു
" ഈ കാര്യത്തിൽ അങ്ങിനെ സൂചിപ്പിക്കുന്നത് നല്ലതാ!"...
" അല്ലെങ്കിൽ കുഴീൽകിടക്കുന്ന പലരും നീ കാരണം .....വിളി കേട്ട് ഉണരേണ്ടിവരും"
'എയ്... അങ്ങിനെ ഒന്നുമില്ല'
ഞാൻ സമാധാനിച്ചു.
കഥ ഇങ്ങനെയാണ്,...
മാറ്റങ്ങളെല്ലാം ലോകത്ത് നടക്കുമ്പോഴും മാറാതെ നിന്നതാണ് ഈ മഹല്ലും പള്ളിയും.
എന്ന് പറഞ്ഞാൽ സമസ്ത രണ്ടായി ഔദ്യേഗികവും വിമതരും ഉണ്ടായ കാലത്തും
മഹല്ലിൽ ഒരു അനക്കവും കണ്ടില്ല.
ഒരിക്കൽ സെക്രട്ടറിയോട് പ്രസിഡന്റ് പറഞ്ഞു.
'കുട്ടി '...കാര്യങ്ങൾ അറിയുന്നുണ്ടല്ലേ നമ്മൾ എവിടെ നിൽക്കണം"
"ഇക്ക നമ്മൾ ഇപ്പോൾ ഉള്ള പോലെ പോയാൽപോരെ
തങ്ങമാർ ഉള്ള പക്ഷത്ത് തന്നെ നിൽക്കാം"
അന്ന് മുതൽ മഹല്ലും പള്ളിയും മദ്രസ്സയും ഔദ്യോഗിക വിഭാഗത്തോടെപ്പം തുടർന്നു
പറയാൻ പോകുന്നത് കൊടിയുടെ കഥയാണ്
കഥ പറയാനൊരു ആമുഖം വേണ്ടേ...?
അതാണ് ഈ പഴമ്പുരാണം.
അങ്ങിനെ കാലം കഴിഞ്ഞപ്പോൾ വിമത പക്ഷം പള്ളിയുടെ അധികാരത്തിൽ വന്നു.
മദ്രസ്സയും സിലബസും ഒക്കെ പഴെ പടി.
പക്ഷെ നബിദിനത്തിന് പിടിക്കുന്ന കൊടി
ഔ സഹിക്കൂല... വിമത പക്ഷം അത് മാറ്റാൻ തന്നെ തന്ത്രങ്ങൾ മെനഞ്ഞു.
ഒരു നാൾ ആ കൊടി മെല്ലെഒന്ന് മാറ്റി.
ഒരു നബിദിനത്തിന്.
ആളുകൾക്ക് അത് മനസ്സിലായോ, ഇല്ല.
മനസ്സിലാവില്ല.
ആ കഥയാണല്ലോ പറയാൻ പോകുന്നത്.
പക്ഷെ ഔദ്യോഗിക പക്ഷത്തുള്ള കുറഞ്ഞ ആളുകൾക്ക് അത് മനസ്സിലായി.
അടുത്ത നബിദിനത്തിന് അവർ കാത്തിരുന്നു.
പള്ളിക്കു മുന്നിൽ
ബോർഡിൽ കൊടികളുയർന്നു. ആ ഉയർന്ന കൊടികൾ ഒരു കൂട്ടർ
രാത്രി അഴിച്ചു മാറ്റാൻ തീരുമാനിച്ചു.
രാത്രിയിൽ അരണ്ട വെളിച്ചത്തിൽ വന്ന മുഹമ്മദ് മേലോട്ട് നോക്കി.
'പടച്ചോനേ ഇതിൽ ഏത് കൊടിയാണ് അവരുടേത്.ഏത് കൊടിയാണ് നമ്മുടേത്.
മുഹമ്മദ് സംഘടന നേതാവിനെ വിളിച്ചു.
"ഏതാ നമ്മുടെ കൊടി"
ഒരുമിനിറ്റ് എന്ന് പറഞ്ഞ് നേതാവ് ഗൂഗിളിൽ തിരഞ്ഞു.
"പച്ച കുബ്ബയുള്ള ചുവന്ന സ്ക്വേയർ ഉള്ള കൊടി മോമദേ..."
അത് പറഞ്ഞ് നേതാവ് ഫോൺ വെച്ചു.
മുഹമ്മദ് മുകളിലേക്ക് നോക്കി
രാത്രിയുടെ ഇരുട്ടിൽ പച്ചയും നീലയുമായ നിറങ്ങൾ കറുപ്പായ് തോന്നി
ചുവപ്പും പർപ്പിളും ഒരേ പോലെ തോന്നി
കാത്ത് നിൽക്കാൻ സമയമില്ലാത്തതിനാൽ
പെട്ടെന്ന് കയറി കൊടി പറിച്ച് മുഹമ്മദ് അപ്രത്യക്ഷനായി.
രാവിലെ നേതാവ് പള്ളിയിലേക്ക് വന്ന് ബോർഡിന്റെ മുകളിലേക്ക് നോക്കി
കൊടി കാണാനില്ല.
അയാൾ ഒച്ച വെച്ചു ആളുകൾ ഓടികൂടി കൂട്ടത്തിൽ മുഹമ്മദ് ഓടി വന്നു
നേതാവ് ഉച്ചത്തിൽ ചോദിച്ചു.
ഞങ്ങളുടെ കൊടി എവിടെ...?
അത് കേട്ട് തരിച്ചു നിന്ന
മുഹമ്മദ് ആളുകൾ എല്ലാം പോയ്ക്കഴിഞ്ഞപ്പോൾ നേതാവിന്റെ ചെവിയിൽ പറഞ്ഞു.
"നേതാവേ നിങ്ങൾ പറഞ്ഞല്ലേ ഞാൻ രാത്രി ഊരിയത്"
തിരിഞ്ഞ് നിന്ന്
നേതാവ് മുഹമ്മദിനോട് പറഞ്ഞു.
കൊടി ഊരുമ്പോൾ നോക്കി ഉരണ്ടടാ...
മുഹമ്മദ് ബോർഡിന്റെ മുകളിലേക്ക് നോക്കി പറഞ്ഞു
" നേതാവേ നമ്മുടെ കൊടി മാറ്റാൻ പറ്റ്വോ.....
ശുഭം

അനുസ്മരണം 8


മുരളിയേട്ടൻ മതേതരനായ നേതാവ്
സാധാരണ കേരളത്തിൽ ഏതെങ്കിലും മതേതര പാർട്ടികളിൽ പ്രവർത്തിക്കുന്ന മുസ്‌ലിം നേതാക്കൾ മരണപ്പെട്ടാൽ കേരള പൊതുബോധവും നേതാക്കളും പ്രയോഗിക്കുന്ന ഒരു വാക്കാണ് 'മതേതരനായ' എന്നുളളത്.ചെറുതുരുത്തിലെ പ്രഗൽഭനായ കോൺഗ്രസ്സ് നേതാവ് എം മുരളിധരനെ (മുരളിയേട്ടൻ ) ആ വാക്കുകൾ കൊണ്ട് ഞാൻ വിശേഷിപ്പിക്കാൻ കാരണമുണ്ട്
അടിയന്തിരസ്ഥ കാലത്ത് പാർട്ടിയിൽ ഉദിച്ചു ഉയർന്ന് വന്ന ആളാണ് മുരളിയേട്ടൻ.കരുണാകരുനുമായി അടുത്ത ബന്ധംസ്ഥാപിച്ചു.പിന്നീട് വള്ളത്തോൾ നഗർ മണ്ഡലത്തിലെ ടോപ്പ് ലീഡർ ആയിമാറി.പിന്നീടാണ് വള്ളത്തോൾ നഗറിൽ പാർട്ടിയിൽ പാർലിമെന്ററി സ്ഥാനത്ത് തലമുറ മാറ്റം നടക്കുന്നത്.ആ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുന്നത് വിവാദവുമായിട്ടാണ്. പങ്ങാവ് ശിവക്ഷേത്രത്തിന്റെ ഊട്ടുപുര വിഷയം മുമ്പ് ചെറുതുരുത്തിയിൽ പാലത്തിന് സമീപം ഇന്ന് വഴിയോര വിശ്രമ കേന്ദ്രം ('കിസ്മിസ് ' )നിൽക്കുന്ന സ്ഥലത്തും, ഇപ്പോൾ പങ്ങാവ് ശിവക്ഷേത്രത്തിന്റെ ഊട്ടുപുര നിൽക്കുന്ന സ്ഥലത്തുമായി മുരളിയേട്ടൻ നേതൃത്വം കൊടുക്കുന്ന സഹകരണ സംഘത്തിന്റെ ആശുപത്രി ഉണ്ടായിരുന്നു. *സഹകരണ ആശുപത്രി*(എന്നെ ഒരിക്കൽ കാറ്ആക്സിഡന്റിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്; Dr. ഷറഫുദീൻ ചികിൽസിച്ചിരുന്ന കാലത്താണ് )
ഊട്ടുപുര കയ്യേറി സ്ഥാപിച്ചതാണ് ആശുപത്രി എന്ന വിഷയം സംഘപരിവാർ ഏറ്റെടുക്കുകയും വിശ്വാസികളിൽ വലിയ സ്വാധീനം ഉണ്ടാക്കുകയും ചെയ്തു. സംഘപരിവാറിന്റെ കുമ്മനം അടക്കമുള്ള അന്നത്തെ സംസ്ഥാന നേതാക്കൾ ഏറ്റെടുത്ത വിഷയം ആയിരുന്നു അത്. അത് ചൂടുപിടിക്കുകയും കോൺഗ്രസ്സിൽതന്നെ അടിയൊഴുക്കകൾ ഉണ്ടാവുകയും ചെയ്ത കാലത്ത് സംഘ പരിവാറുമായി ഒത്ത്തീർപ്പ് ചെയ്യാതെ തെരെഞ്ഞെടുപ്പിൽ പൊരുതാൻ തീരുമാനിച്ച നേതാവാണ് അദേഹം.അത് അദ്ദേഹത്തിന്റെ പാർലിമെന്ററി ശ്രമത്തിന് എക്കാലത്തേക്കുമുള്ള തടയിട്ടു. ആ തീരുമാനം കൊണ്ട് അദ്ദേഹത്തിന് മാത്രമല്ല പാർട്ടിക്കും ഉണ്ടാക്കിയ പരിക്ക് ചരിത്രപരമാണ്. അതിന്റെ ആനുകൂല്യം കിട്ടിയ പ്രതിപക്ഷം ആദ്യമായി വള്ളത്തോൾ നഗറിൽ അധികാരത്തിൽ വന്നു. പിന്നെ ഇത് വരെ ഭരണം വിട്ടു കൊടുത്തിട്ടില്ല.
അത് കൊണ്ട്മാത്രമല്ല അദേഹം മതേതരനായ നേതാവാണ് എന്ന് ഞാൻ പറഞ്ഞത്. ഒരു പാട് കാരണങ്ങൾഉണ്ട്. പക്ഷെ അത് കൂടിയാണ്.കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പു കാലത്തും UDF ന്റെ അവസാന വാക്ക് അദ്ദേഹമായിരുന്നു. അന്ന് അദേഹവുമായി ഏറെ നേരം സംസാരിച്ചിട്ടുണ്ട് അവശത ക്കിടയിലും.
ചെറുതുരുത്തിയെ സംബന്ധിച്ചും കോൺഗ്രസ്സ് പാർട്ടിയെ സംബന്ധിച്ചും ഒരു കാലഘട്ടം അവസാനിക്കുകയാണ്. അദ്ദേഹത്തിന്റെ നഷ്ടത്തിൽ ദുഖിക്കുന്ന കുടുംബത്തിന്റെയും ബന്ധുമിത്രാദിതികളുടെയും ദുഖത്തിൽ പങ്കുചേരുന്നു.
പ്രാർത്ഥനകൾ

അനുസ്മരണം 7


ചെറുതുരുത്തിയിലെ ആദ്യത്തെ വ്യാപാരികളിൽ ഒരാൾ

കുന്നത്ത് വീട്ടിൽ
വേലായുധൻ
മകൻ നാരായണൻ
അങ്ങിനെ ഓർമ്മകളിൽ നിന്ന് നിനച്ചിരിക്കാതെ മാഞ്ഞുപോകേണ്ട ഒരാളല്ല നാരായണേട്ടൻ. ചെറുതുരുത്തിയിൽ ആദ്യത്തെ പാദരക്ഷ കടയുടമയും റിപ്പയറുമാണ് നാരായണേട്ടൻ ഇപ്പോൾ വീ വൈഫ് ഹൈപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം. പണ്ട് മൃഗാശുപത്രിയിലെ ഒരു ( നഴ്സ് ) കമ്പോണ്ടർന്റെ ഉടമസ്ഥതയിൽ ആയിരുന്നു.
( അദ്ദേഹത്തിന്റെ മകൻ റോബർട്ട് ചെറുതുരുത്തി കോർണറിൽ കുറേ കാലം ഒരു പെട്ടിക്കട നടത്തിയിരുന്നു. തെക്ക് നിന്ന് വന്ന ആ കുടുംബം അടുത്ത കാലത്ത് തിരിച്ചു പോവുകയും ചെയ്തു.) കമ്പോണ്ടറുടെ സ്ഥലത്തോ അതിന് സമീപത്തോ ആയി ഒരു കഞ്ഞിക്കട ഉണ്ടായിരുന്നു.
അതിന്റെ അടുത്ത ഒരു ചായിപ്പിൽനാരയണേട്ടന്റെ അച്ചൻ ചെരുപ്പ് കട തുടങ്ങിയത് എകദേശം ഒരു 70 വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ഓട്ടോമൊബൈൽ കോഴ്സ് പാസായി മദ്രാസിലോ മറ്റോ ഒരു കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു നാരായണേട്ടൻ.
നാരായണേട്ടന് ഇന്ന് കാണുന്ന രൂപമല്ലായിരുന്നു മുമ്പ്. ഒരു പഴ ഫോട്ടോ മുമ്പ് ഞാൻ കണ്ടിട്ടുണ്ട്. നല്ല സുമുഖനായ ഒരു ചെറുപ്പക്കാരൻ. അച്ചൻ വാർദ്ധക്യത്തിലേക്ക് പോയപ്പോൾ മകൻ ആ ജോലി ഉപേക്ഷിച്ച് അച്ചനെ സഹായിക്കാൻ വന്നു. പിന്നെ ചെറുതുരുത്തിയുടെ ചരിത്രങ്ങൾ മാറുന്നതും കാലഘട്ടത്തിന്റെ വൃദ്ധിക്ഷയങ്ങൾ സംഭവിക്കുന്നതും നോക്കി നീണ്ടകാലം ചെറുതുരുത്തിയെ കണ്ടുകൊണ്ടിരുന്നു. എന്റെ കുട്ടിക്കാലത്ത് റഷീദ് സൈക്കിൾ കടയിലേക്ക് വരുമ്പോളെല്ലാം ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
ചെറുതുത്തിയിലെ ആദ്യത്തെ വ്യാപാരികളിൽ ഒരാളാണ് അദ്ദേഹം. വ്യാപാരി വ്യവസായി അംഗവുമായിരുന്നു.എന്നിട്ടും ഒരു മിനിറ്റെങ്കിലും കടകൾ അടച്ച് അനുശോചിക്കാൻ ആഹ്വാനം ചെയ്തത്കണ്ടില്ല. അനുചിതമായിപോയി എന്ന് മാത്രം പറയുന്നു. ഓർമ്മകളിൽ, ചെറുതുരുത്തിയുടെ പുതുമകളിൽ മാറാതെ പഴമയിൽ നിലനിന്നു അദ്ദേഹം. ജീവിതാവസാനം വരെയും അദ്ധ്വാനിച്ചു. നാരായണേട്ടന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു
ഷക്കീർ ചെറുതുരുത്തി

അന്ത്രുക്ക ഇപ്പോൾ ജയിലിലാണ്.

 


അന്ത്രുക്ക ഇപ്പോൾ ജയിലിലാണ്.

മഹല്ലിൽ ആകെ പ്രശ്നം,...
കേസ് .....
ഈ കാര്യം നാട്ടിലെ
മാന്യമാഹാ ജനങ്ങൾക്ക് എല്ലാവർക്കും അറിയാം;
ഒപ്പം അന്ത്രുക്കാക്കും അറിയിയാം.
നാലാൾ കൂടുന്ന നാൽക്കവലകളിലും,
ചായപ്പീടികയിലും,
പത്രവിതണ സ്റ്റാന്റിലും,
എന്തിന് ആവിതരണം ചെയ്യുന്ന പത്രത്തിലും ഇക്കാര്യം വലിയ ചർച്ചയാണ്.
കമ്മറ്റിക്കെതിരെ ഒരു വിഭാഗം കേസു കൊടുക്കുന്നു.
കോടതിയിൽ പോകുന്നു.
പള്ളിയുടെ നിർമ്മാണം മുതൽ
പോത്ത് കച്ചവടംവരെ അഴിമതി മണക്കുന്നു എന്നാണ് കേസ്
കൊടുത്തവരുടെ ആരോപണം.
അന്ത്രുക്ക ഇതിൽ കക്ഷിയാണോ അല്ല, കമ്മറ്റിയിൽ ഉണ്ടോ ..?ഇല്ല...!
അപ്പോൾ അന്ത്രുക്കാക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയാം പറ്റോ.....?
പറ്റും..!
'ഉം എങ്ങനെ പറ്റും '
മുപ്പര് മഹല്ലിൽ കൃത്യമായ വരിസംഖ്യ കൊടുക്കുന്ന മെമ്പറാണ്.
എന്നാൽ അങ്ങിനെ സ്വതന്ത്ര അഭിപ്രായം പറഞ്ഞ് മഹല്ലിൽ ഭിന്നിപ്പുണ്ടാക്കി സകല കുഴപ്പങ്ങളും ഉണ്ടാക്കുന്നത് അന്ത്രുക്കയാണ് എന്നാണ്
Cl ഏമാന്റെ മുന്നിൽ കമ്മറ്റിക്കാരുടെ പരാതി.....
എങ്ങിനെണ്ട്....
അന്ത്രുക്ക ED വരും എന്ന് പറഞ്ഞ് പേടിപ്പിക്കുന്നു....
കമ്മറ്റിക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു....
എവിടെ.... ?
കമ്മറ്റിക്കാർക്കിടയിൽ '....! ഹ ഹ ഹ്ഹ
പിന്നെ പള്ളിയുണ്ടാക്കിതന്ന മുതലാളിയെ മാനിക്കുന്നില്ല.... അങ്ങിനെ നീണ്ടു പോകുന്നു....
അന്ത്രുക്കാന്റെ വായ മൂടികെട്ടണം....
ആയതിനാൽ അന്ത്രുക്ക ഇപ്പോൾ
ജയിലിലാണ്....!

ഷക്കീർ ചെറുതുരുത്തി

അനുസ്മരണം 6


ഈ മസ്ജിദിന്റെ കല്ലിനുമുണ്ടാകും ഒരു കഥ പറയാൻ

കോയകുട്ടിക്ക ഭൂമിലെ യാത്ര അവസാനിപ്പിച്ച്, ഖബറും ബർസവും കടന്ന് സ്വർഗത്തിലേക്കുള്ള യാത്ര ആരംഭിച്ചു.
വീടിന് ഏതാണ്ട് അടുത്തുതാണ് കോയകുട്ടിക്ക താമസിച്ചിരുന്നത്. പക്ഷെ, ഇസ്ലാമിയ കോളേജ് പഠനം പാതിയിൽ നിർത്തി വന്ന കാലത്താണ് കോയകുട്ടിക്കയുമായി അടുക്കുന്നത് . കണ്ടാൽ സലാം പറയും. വിശേഷം അന്വേഷിക്കും. പിന്നെ ആ ബന്ധം ഊഷ്മളമായി വളർന്നു. വീടിന്റെ അടുത്തുള്ള ഒത്തുകൂടലിൽ കോയകുട്ടിക്കാന്റെ മക്കളും അനിയൻ അബ്ദുക്കയും സത്യത്തിൽ കളി കൂട്ടുകാരായി. അവർ എന്നെ എന്നും വിമർശിക്കും; ഞാൻ അവരെയും. പക്ഷെ കോയകുട്ടിക്കാനോട് ബഹുമാന മായിരുന്നു.
പല മതആശയകാര്യങ്ങും സംസാരിക്കും. പക്ഷെ, എവിടെ വെച്ച് കണ്ടാലും ചിരിച്ച് സലാം പറയും. മഹല്ലിലെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഒരു പങ്ക് വലുതായി തന്നെയുണ്ടാകും. നമ്മുടെ പഴപള്ളിയും മദ്രസ്സയുമെക്കെ നിർമ്മിക്കാൻ അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്.
അതാണ് സദഖത്തുൽജാരിയ. പരലോകത്ത് എന്നും ഗുണം ലഭിക്കുന്ന സദഖ. ഭൂമിയിൽ അധികരിക്കാൻ ഇട്ടേച്ച് പോകുന്ന പുണ്യ പ്രവർത്തി. അത് കൊണ്ട് ചെറുതുരുത്തി പഴ പള്ളിയുടെ ഒരോ കല്ലും മണലും അദ്ദേഹത്തിനായ് പ്രാർത്ഥിക്കും
സ്വർഗത്തിലെത്തുമ്പോൾ ഒരു കഥ പറയാനുണ്ടാകും ആ കല്ലിനും മണലിനും.
അവർ പറയുന്ന ജീവിത കഥയാണ് നമ്മൾ പറയുന്ന കഥയേക്കാൾ പടച്ചവനിഷ്ടം.
അദേഹത്തോടെപ്പം സുബർക്കത്തിൽ രാപ്പാർക്കാൻ അല്ലാഹു നമ്മേയും തുണക്കുമാറാകട്ടെ..... ആമീൻ

അനുസ്മരണം 5

ഭാരതപ്പുഴയെ സ്നേഹിച്ച
പുഴയുടെ പ്രിയ മകൻ

അയാൾ പോയി,.....
ഭാരതപുഴ നിറഞ്ഞ് നിൽക്കുമ്പോൾ, പഴയ കൊച്ചിൻ പാലത്തിൽ ഓർമ്മകളിൽ അയാൾകൊപ്പം ഇരിക്കണമെന്ന മോഹം സഫലമാക്കാതെ.....

 എന്റെ കുട്ടിക്കാലത്തെ റിയൽ ഹീറോ................   
പഞ്ചായത്ത് പാത്തുമ്മാത്തായുടെയും യൂസഫ്ക്കാന്റെയും മകൻ ഉമ്മർ എന്ന മൈക്കുമർ

പുഴ നിറഞ്ഞ്, പഴയ പാലത്തിന്റെ തൂണുകൾക്ക് മുകളിൽ തട്ടി രൗദ്രഭാവംപൂണ്ട് കുത്തിയൊലിച്ച് വരുന്ന പുഴയിലേക്ക് അയാൾ അരയിൽ കയർ കെട്ടിയും കെട്ടാതെയും ചാടും.
കരകളിലെവിടെയോ കടപുഴകി പുഴയുടെ മടിത്തട്ടിൽ പതിച്ച മരങ്ങളായിരിക്കും മിക്കവാറും അയാളുടെ ലക്ഷ്യം.

കലങ്ങിമറിഞ്ഞ് ചുഴി രൂപപ്പെടുത്തിവരുന്ന പുഴയിൽ കറങ്ങി തിരിഞ്ഞ് വരുന്ന മരത്തിൽ മറുകയ്യിലെ കയർ അയാൾ കുരുക്കും.പിന്നെ മുകളിലെ ആളുകൾ ആർപ്പുവിളിയോടെ അത് വലിച്ച് കയറ്റും.
 ചെറുപ്പത്തിൽ ആ ഭയപ്പെടുത്തുന്ന സാഹസികത ഞാൻ കണ്ടു നിന്നിട്ടുണ്ട്; അത് കാണാൻ എത്തുന്ന വലിയ ആൾകൂട്ടത്തോടൊപ്പം. പിന്നെ സിനിമകളിലെ ഇത്തരം സാഹസിക ദൃശ്യങ്ങളൊന്നും എന്നിൽ ഒരു ഇമോഷനും വരുത്തിയിട്ടില്ല. മോഹൻ ലാലിന്റെ 'നരൻ ' എന്നിലെ ഓർമ്മയിൽ ഉമ്മർക്കാനെ എത്തിക്കുക മാത്രമാണ് ചെയ്തത്. ചിലപ്പോൾ ആ ചാട്ടം ഏതാനും നാളികേര കുലകൾക്ക് വേണ്ടിയാവും. വറുതിയുടെ കാലമാണത്.

എന്റെ തറവാട് വീട്ടിന് സമീപത്ത് കുറച്ചു നാൾ അദ്ദേഹം വാടകയ്ക്ക് താമസിച്ചിരുന്നു. ചുമരിൽ ആണിയിൽ ഉണക്കി സൂക്ഷിച്ച രണ്ട് 'തിരണ്ടി വാൽ 'ആ ബാല്യകാഴ്ചകൾ എന്റെ ഓർമ്മകളായിഉണ്ട്.

'ആ തല്ലും'

ഇന്ന് കേന്ദ്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസ് നിലനിന്നിരുന്ന സ്ഥലം കൃഷിയൊന്നും ചെയ്യാത്ത തരിശ് പാടമായിരുന്നു. അതിൽ പലയാളുകളും കൂരകൾ കെട്ടി താമസിച്ചിരുന്നു. അതിൽ ഒരു ടെന്റിൽ മൊയ്തീൻ എന്ന ആജാനബാഹു ആയ ക്രിമിനിൽ കുടുബത്തോടൊപ്പം കഴിഞ്ഞിരുന്നു. കുറെ കൊച്ചു കുട്ടികൾ ഉള്ള ഒരു ടെന്റായിരുന്നു അത്
അയാളുമായുള്ള ഉമ്മർക്കാന്റെ ഒരു തല്ല് ഇന്നും ഓർമ്മകളിൽ ബാല്യത്തിൽ നിലവിളികളോടെ കണ്ട തല്ലാണ്.

പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം.

 നാല് പോലീസുകാർ മൊയ്തീനെ കയറിൽ കെട്ടി അമ്പാസിഡർ ക കാറിൽ കയറ്റാൻ ശ്രമിക്കുന്നതും പോലിസുകാരെ അയാൾ കുതറി തെറിപ്പിക്കുന്നതും കാറിന്റെ ചില്ലുകൾ തകരുന്നതും ഇടിവണ്ടി വന്ന് കയറ്റി കൊണ്ടുപോകുന്നതും ഭീതി പടർത്തിയ ബാല്യ സ്മരണകളാണ്
  ഒരിക്കൽ ഞാൻ കുടമാറ്റം ഷൂട്ടിംഗ് ലൊക്കേഷനിലെ മുങ്ങിമരണം എഴുതിയപ്പോൾ അന്ന് വെള്ളത്തിൽഊളിയിട്ടിറങ്ങി ആ മൃദ്ദേഹങ്ങൾ പുറത്തെടുത്തത് എഴുതിയിരുന്നു.
എല്ലാവരും ഭയത്തോടെ നിന്നപ്പോൾ വെള്ളത്തിനടിയിൽ അയാൾ പോയി ബോഡികൾ ഓരോന്നായി പൊക്കി കൊണ്ട് വന്നു.

ഭാരതപുഴ തന്നെയായിരുന്നു.
അയാളുടെ ജീവിതം.
ആ പുഴക്ക് ഉള്ളിൽ ശാസമടക്കി അയാൾ ഏറെ സമയം കഴിച്ചു കൂട്ടി.
ഭാരതപ്പുഴയുടെ മകൻ എന്ന് നമുക്ക് ഉമ്മർക്കാനെ വിളിക്കാം.
പുഴയുമായുള്ള ഉമ്മർക്കാന്റെ ചങ്ങാത്തം
ശ്വാസകോശത്തെ പതുക്കെ ദുർബലപ്പെടുത്തി. 
അവസാനകാലത്ത് അത് അദേഹത്തെ വല്ലാതെ വലച്ചു.
ഒഴുക്കിനെതിരെ അക്ഷരാർത്ഥത്തിൽ തന്നെ നീന്തിയ ഒരാൾ
പിന്നെ നടക്കാൻ കഴിയാതെ നിന്നു.
അവസാനം ആ ശ്വാസവും ഇപ്പോൾ നിലച്ചു
ആ കാലത്തെ കുറിച്ച്,...പുഴയെപറ്റി,....
ഏറെ കേൾക്കാൻ കൊതിയുണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്ന്.

അതൊരിക്കൽ
പുഴ നിറഞ്ഞ് ,
തൂണുകളിൽ വെള്ളം ഇടിച്ച്പായുന്ന ഒരു ദിവസമാകാം എന്ന് വെച്ചതുമാണ്.
പക്ഷെ അയാൾ പോയി
ഭാരതപ്പുഴയെ സ്നേഹിച്ച
പുഴയുടെ പ്രിയ മകൻ.....

ഷക്കീർ ചെറുതുരുത്തി 

അനുസ്മരണം 4

മാഹിർക്ക
മറയുമ്പോൾ
ചെറുതുരുത്തിയിൽ ഒരാൾ മാത്രം ഡ്രൈവറായി അറിയപ്പെട്ടിരുന്നകാലം. അത് മാഹിർക്കാന്റെ വല്ല്യാപ്പ ദുബ്ബാൻക്ക ജീവിച്ചിരുന്ന കാലമാണ്. അദ്ദേഹത്തിൽ നിന്നാണ് ചെറുതുരുത്തിയിലെ പഴയ ആളുകൾ മിക്കതും ഡ്രൈവിംഗ് പഠിച്ചിട്ടുണ്ടാവുക. അന്ന് ഇന്നത്തെ പോലെ ഡ്രൈവിംഗ് സ്കൂളുകൾ ഇല്ല.ഷൊർണ്ണൂരിൽ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോയ ആദ്യ ബസ്സിലെ ഡ്രൈവർ. ആ ഒരു ചരിത്രത്തിന്റെ കണ്ണിയാണ് ഇപ്പോൾ അറ്റുപോയത്.ചെറുതുരുത്തി സ്റ്റാന്റിൽ കുറേ കാലം ഡ്രൈവറായി.
ചെറുതുരുത്തി സിനിമാ ഷൂട്ടിംഗ് സജീവമായ കാലത്ത്
പല സിനിമകളിലും മുഖം കാണിച്ചു.(ഗജകേസരിയോഗം സിനിമയിലെ ഒരുസീൻ ഇതോടപ്പം ) ചെറുതുരുത്തി മിനി കോടമ്പാക്കമായിരുന്നു എന്ന എന്റെ വീഡിയോവിലേക്ക് കണ്ടാൽ വിവരങ്ങൾ ആരായാൻ ഇരിക്കയായിരുന്നു. രണ്ട് ദിവസം മുമ്പേ ഉമ്മർ കുട്ടിക്കാന്റെ മകൻ അംജത്മായി ദീർഘനേരം സംസാരിക്കുന്നത് കണ്ടു. അംജത് പറഞ്ഞു. 'ഇത്രയും നേരം പതിവില്ലാത്തതാ '. ചായ കുടിച്ച് പിരിയാൻ നേരം പ്രവാസത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുക്കുന്ന കാര്യം എന്നെ എൽപ്പിച്ചു. 24ാം തിയ്യതിക്ക് വേണമെന്നും പറഞ്ഞു. രാവിലെ അഞ്ച് മണിക്കാണ് മരണ വിവരം അറിയുന്നത് അപ്പോൾ മാഹിർക്ക രാത്രി 12 മണിക്ക് അയച്ച ഒരു വാട്സ് ആപ് വേയിസ് മെസേജ് കിടക്കുന്നു. അത് ഒന്ന് കേട്ടുനോക്കി. ഇങ്ങനെയാണ്

" അംജൂ.... 25 ന് മതി"
 
 ഒരു ദിവസം കൂടി കുടുംബത്തോടൊപ്പം കൂടാനുള്ള മോഹം. പക്ഷെ, അതിനുമുമ്പേ പടച്ചവൻ വിളിച്ചു. നാഥൻ പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
എന്ന് പ്രാർത്ഥിക്കുന്നു. കുടുംബത്തിന്റെ വിഷമത്തോടൊപ്പം പങ്കു ചേരുന്നു.