2023 ജനുവരി 19, വ്യാഴാഴ്‌ച

പാമ്പ് പുരാണം


 പാമ്പ് പുരാണം

ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ eye വിഷൻ eye ക്ലിനിക്കിലെ സ്വാലിഹ് വിളിച്ചു. ലേഡീസ് സ്റ്റാഫിന്റ സ്കൂട്ടറിൽ അവരുടെ ലോഗോ അടിക്കാൻ. കാത്തു നിൽക്കാൻ പറഞ്ഞു ഭക്ഷണം കഴിച്ചു ഞാൻ പുറപ്പെട്ടു.
ചെറുതുരുത്തി സാറ ബേക്കിന്റ മുന്നിൽ ചെറിയ ആൾക്കൂട്ടം. രണ്ടുപേർ ഒരുസ്കൂട്ടർ അഴിച്ചെടുക്കുകയാണ്. ഒരുപാമ്പ് അതിൽ കയറിയിട്ടുണ്ട്.
കുറച്ചുനേരം അഴിച്ചെടുക്കുന്നതും നോക്കി ഞാൻ നിന്നു. ഇടക്ക് ഞാൻ പറഞ്ഞു "കയറി എന്നുറപ്പല്ലേ..? ഇതെല്ലാം ഊരി പൊളിച്ചെടുക്കാൻ സുഖമാണ്. തിരിച്ചു ഫിറ്റുചെയ്യാൻ മൂന്നുദിവസം പറയും വർക്ഷോപ്പുകാർ." അപ്പുട്ടേട്ടന്റെ മകൻ പിഞ്ചുവിന്റ സ്കൂട്ടറിൽ കയറിയ പാമ്പിനെ പിടിക്കാൻ അഴിച്ച പുതിയ സ്കൂട്ടർ ഒരു ആഴ്ച്ച കഴിഞ്ഞാണ് വർക്ക്ഷോപ്പിൽ നിന്നും കിട്ടിയത്. ഊരിയ പലസാധനങ്ങളിൽ പലതും പുതിയത് വാങ്ങേണ്ടിവന്നു. ആളുകൾക്കൂടി ഉത്സാഹകമ്മറ്റിയിൽ ഞാനും ലയിച്ചു. സ്വാലിഹിന്റെ ഫോൺവന്നാൽ പോകാം എന്നുനിനച്ചു .
സാറ ബേക്കിന്റെ മുന്നിൽനിന്നും വണ്ടി ടൂൾസുകൾക്ക് വേണ്ടി മസ്ജിദിന്റ മുന്നിലേക്ക് കൊണ്ടുവന്നു. അവിടെ ഗിരീഷിന്റെ വർഷോപ്പുണ്ട്. ഉത്സാഹ കമ്മറ്റിക്കാർക്ക് കിട്ടാത്തത് വർക്ഷോപ്പുകാരനും ഊരി. അവസാനം വണ്ടി എല്ലും തലയുമായി. ആ തലയിൽ ഒരുത്തൻ പാമ്പിരിക്കുന്നത് കണ്ടു. ആളുകൾ കൂടി. മൊബൈൽ കാമറകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കാൻ തയ്യാറായി.
അങ്ങനെ അതിന്റ ഹെഡ്‌ലൈറ് ഊരിയതോടെ പാമ്പ് പ്രത്യേക്ഷപെട്ടു. ആളുകൾ ബഹളം കൂട്ടി. പാമ്പ് ചാടി അടുത്തിരുന്ന സ്കൂട്ടറിൽ കയറി. നോക്കുമ്പോൾ അതെന്റ സ്കൂട്ടർ ആയിരുന്നു.
🙄🙄🙄
ആളുകൾ ചിരിച്ചു. ഞാൻ തരിച്ചുനിന്നു. എന്തുചെയ്യും. സ്വാലിഹിന്റെ വിളിയിൽ പോയാൽമതിയായിരുന്നു.ഞാൻ തലയിൽ കൈവെച്ചു. ഉത്സഹകമ്മറ്റി എന്റെ വണ്ടി മറിച്ചിട്ടു
പിന്നെ ഞാൻ ഒന്നും നോക്കിയില്ല വണ്ടിയെടുത്തു കടയിലേക്ക് പോന്നു.
വണ്ടിയുടെ പോസ്റ്റുമോട്ടം കാണാനുള്ള കെൽപ്പില്ലാത്തതിനാൽ.
വാൽകഷ്ണം : പാമ്പ് കറിയിട്ടും ഞാൻ എന്ത് ധൈര്യത്തിലാണ് വണ്ടിയെടുത്തത് എന്ന ല്ലേ. പാമ്പ് പിടിക്കാൻവന്നയാൾ എന്റെ ചെവിയിൽ പറഞ്ഞു അത് പാമ്പല്ല ചേരകുഞ്ഞാണ്. സത്യത്തിൽ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണോ അറിയില്ല. അതിൽ ഇപ്പോഴും പാമ്പുണ്ടോ അറിയില്ല.ഭൂമിയുടെ അവകാശികൾ ഇനി സ്കൂട്ടറിൽ നിന്നും ഇറങ്ങാതെ അവകാശം സ്ഥാപിച്ചോട്ടെ ഉപദ്രവിക്കരുതെന്ന് മേയർ ബീന ഫിലിപ്പിന്റ ഭാഷയിൽ സ്നേഹപൂർവ്വം ഉപദേശിക്കുകയാണ്. നമുക്കങ്ങനെ സഹവർത്തിത്തത്തോടെ കഴിയാം.....
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: