എൻ്റെ കുട്ടിക്കാലം, 8 വയസ്സ് പ്രായം .അന്നാണ് ഹരിയേട്ടൻ ചെറുതുരുത്തിയിൽ മെഡിക്കൽ സ്‌റ്റോറുമായി വരുന്നത്. പഴയ മാർക്കറ്റ് ബിൽഡിംഗ് പൊളിച്ച് പുതിയത് കെട്ടിയ കാലം. പറയൻമാർ മുറം, കൊട്ട എന്നിവ നെയ്തിരുന്ന മാർക്കറ്റിൻ്റെ പിൻവശം, കാദർക്കാൻ്റെ ചായക്കട ,എല്ലാം ഓർമ്മയിൽ വരുന്നു. എൻ്റെ വല്യാപ്പ (കുഞ്ഞുമാൻക്ക)കുട നന്നാകുന്ന പണിയുമായി പോലീസ്റ്റേഷനു മുന്നിൽ ഇരുന്നിരുന്ന കാലം .എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
വല്ല്യാപ്പ പറഞ്ഞതാണ് ഹരിയേട്ടൻ ഡോക്ടറാണ് എന്ന് . പിന്നെ എന്ത് കൊണ്ട് മെഡിക്കൽ സ്‌റ്റോർ ഇട്ടു എന്ന എൻ്റെ ചോദ്യത്തിന് വല്ല്യാപ്പ തന്ന ഉത്തരം. "ജനങ്ങളെ സേവിക്കിൻ അവര് മനക്കലെ ആള്കളാണ്. "
അത് കൊണ്ട് തന്നെ അന്ന് വീട്ടിലെ എല്ലാവരുടെയും ചെറിയ രോഗങ്ങൾക്ക് മരുന്ന് വാങ്ങിയിരുന്നത് ഒരു ഡോക്ടറോട് പറയും പോലെ പറഞ്ഞ് തന്നെയാണ് .
വല്യപ്പാക്ക് എന്നും വേണ്ടത് ' ജലൂസിലിൻ, ആണ് .എപ്പോഴോ ഡോക്ടർ കുറിച്ച് കൊടുത്തതാണ്. പിന്നെ ഗ്യാസ് വന്നാൽ വല്യാപ്പ അത് തന്നെ വാങ്ങും
വല്ല്യാപ്പാൻ്റെ അവസാന കാലത്ത് പല രോഗങ്ങളും വന്നു അന്ന് പട്ടിണിയുടെ കാലമായതിനാൽ കടമായി മരുന്ന് വാങ്ങിയിട്ടുണ്ട്,പല പ്രാവശ്യം. പലതും ഇനിയും ഹരിയേട്ടന് കൊടുക്കാനുമുണ്ടാകും എന്ന് ഉറപ്പാണ് .
ഹരിശ്രീ മെഡിക്കൽസ് പൂട്ടുന്നത് കുറച്ച് കാലമായി ലാഭമില്ലാതെ ഓടിയ ശേഷമാണ് എന്ന് അറിയാൻ കഴിഞ്ഞു. ഈ കാലത്ത് ഇത് അത്ഭുതമായി തോന്നാം. കാരണം എന്തിനും ഏതിനും മരുന്ന് കഴിക്കുന്ന കാലത്ത്. മരുന്ന് കമ്പനികൾ തടിച്ച് കൊഴുക്കും കാലത്ത് .
അപ്പോഴെ നമുക്ക് ഈ ഹരിയേട്ടനെ മനസ്സിലാകു, അദ്ദേഹത്തിൻ്റെ നല്ല മനസ്സും
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ