2023 ജനുവരി 19, വ്യാഴാഴ്‌ച

1994 ഫുട്‌ബോൾ ലോകകപ്പും മോഷണ സംഭവവും


 



ഇതു എന്റെ സംശയം മാത്രമാണ്.
വായനക്കാർ നിഗമനങ്ങളിൽ എത്തരുത്.

ഇനി എഴുതട്ടെ....

1994 , നാട്ടിൽ ടെലിവിഷൻ സെറ്റുകൾ വന്നുകൊണ്ടിരിക്കുന്ന കാലം.
ചില വലിയ വീടുകളിലാണ് അന്ന് ടെലിവിഷൻ ഉണ്ടായിരുന്നത്.
ആവീടുകൾ ഷാജഹാൻ ഇന്നും എണ്ണിയെണ്ണി പറയും.
നമ്മുടെ പഴയ 'മീൻ മുള്ള് ' ആന്റിന സ്റ്റാറായ കാലം.
അത് തിരിച്ചു സിഗ്നൽ ശരിയാക്കി നിവൃത്തികൊള്ളുന്ന സമയം.

ഹൌ..! നമ്മള് തിരിച്ചാണ് സിഗ്നൽ കിട്ടിയതെങ്കിൽ ഉള്ളിലെ ഒരുസന്തോഷവും മറ്റുള്ളവർക്ക് മുന്നിലെ ഹീറോയിസവും ഒന്നുവേറെതന്നെആയിരിക്കും!.

അന്ന് ചെറുതുരുത്തിയിൽ sars മനോജേട്ടൻ കേബിൾ തുടങ്ങിയിട്ടില്ല എന്നാണ് ഓർമ്മ. അപ്പോഴാണ് 1994 ലോക കപ്പ് ഫുട്ബാൾ വരുന്നത്.

സാധാരണക്കാർക്ക് ടി വി കാണാൻ സൗകര്യം അന്നില്ല. ചെറുതുരുത്തിയിൽ അങ്ങനെ കാണാൻ പറ്റുന്ന ഏക ഇടം ബാബു ഡോക്ടറുടെ ആശുപത്രിയിൽ സ്ഥാപിച്ച ബ്ലാക് ആന്റ് വൈറ്റ് ടിവി യാണ്. അതും വൈകീട്ട് 5.30 മലയാളം ടെലികാസറ്റ് തുടങ്ങിയാലാണ് വെക്കുക.

മുന്നേ എത്തുന്ന എനിക്ക്, അത്ഭുത പ്രതിഭാസം എന്ന് എന്റെ കുട്ടിത്തം തോന്നിപ്പിച്ച. ഹോസ്പിറ്റലിൽ വന്നിട്ടും നിർത്താതെ മൂത്രമൊഴിക്കുന്ന രോഗശമനംവരാത്ത കുട്ടിയുടെയും വെള്ളം കോരിവരുന്ന അമ്മയുടെയും വാട്ടർഫ്ലോ ഉള്ള പ്രതിമ നോക്കി സമയം നീക്കണം . 7.30 'ചിത്രഹാറോടെ' അത് തീരും.

പക്ഷെ അവിടെ ഒന്നും ഫുട്‌ബോൾ കളി ടിവിയിൽ ഇല്ല. തന്നെയുമല്ല രാത്രിയും അർദ്ധരാത്രിയും പുലർച്ചെ 3.30 ആണ് മത്സരം
ഞങ്ങൾക്ക് എന്നല്ല എല്ലാവർക്കും ഈ അർദ്ധരാത്രിയിലും മത്സരം കാണാൻ ഒറ്റ ഇടമേ അന്ന് ചെറുതുരുത്തിയിൽ ഉണ്ടായിരുന്നുള്ളു.
അത് 'ഷെയ്ക്ക്ക്കാന്റെ' വീടാണ്.(ഇന്നത്തെ വള്ളത്തോൾ നഗർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ) അത് ഒരു മിനി തീയേറ്റർ ആയിമാറിയ കാലം . നാട്ടിലെ എല്ലാവരും സ്ഥാനവ്യത്യാസമന്യേ ഒന്നിച്ചിരിക്കുന്ന കൺകുളിർമ്മയുള്ള കാഴ്ച്ചയായിരുന്നു അത്. പോലീസുകാർ പ്രതേകിച്ചു എസ് ഐ, Citu ചുമട്ടുതൊഴിലാളികൾ, സിനിമക്കാർ, അന്ന് ചെറുതുരുത്തി മിനി കൊടമ്പക്കമാണ്. പുലർച്ചെ മീൻ എടുക്കാൻ വരുന്ന മീൻ വിൽപ്പനക്കാർ , അന്ന് ചെറുതുരുത്തിയിൽ മീൻ മാർക്കറ്റ് പഞ്ചായത്ത്‌ ഷോപ്പിംഗ് കോംപ്ലക്സിനു പിന്നിൽ ഉണ്ടായിരുന്നു. അധ്യാപകർ, ചെറുതുരുത്തി റെസ്റ്റ് ഹൗസിലും T B യിലും താമസിക്കുന്ന vip കൾ വഴിയാത്രക്കാർ തുടങ്ങി എല്ലാ ആളുകളും ഈ അർദ്ധരാത്രിയിൽ ഒത്തുകൂടി മൂന്നു കളികളുംകഴിഞ്ഞു പുലർന്നാണ് പിരിഞ്ഞുപോയിരുന്നത്.
ആകാലം ഓർക്കുമ്പോൾ മറക്കാൻ പാടില്ലാത്ത പലരുമുണ്ട്. ഓർത്താൽ ചിരിക്കുന്ന സംഭവങ്ങൾ ഏറെയും.

കള്ളന്റെ കഥയാണ് പറയേണ്ടത് എന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷെ, ചിലഓർമ്മകളും ആളുകളും വിട്ടുപോകാനും പാടില്ല അത് ഒന്ന് സൂചിപ്പിച്ചു കഥയിലേക്ക് വരും.

*വ്യക്തികൾ*

ഷൈകിക്കാന്റെ ഉമ്മ,
രാത്രി 9 മണിക്ക് വന്നാൽ അവര് പറയും
"ഡാ വാടാ ചോറ്തിന്നാ കൂട്ടാണ്ടഡാ " എന്ന് സ്നേഹത്തോടെ വിളിക്കുന്നു ആവിളി മറക്കാൻ പാടില്ല.
പിന്നെ ഷൈകിക്കാന്റെ മാമ എല്ലാവരുടെയും മാമയാണ്. എല്ലാവരും അങ്ങനെതന്നെയാണ് വിളിക്കുന്നത്. മൂപ്പരാണ് സൈഡിലെ ചായിപ്പ് ഏത് അർദ്ധരാത്രിക്ക് വിളിച്ചാലും തുറന്ന് തരിക. ഓരോ കളിക്ക് ശേഷവും പിരിയുന്നവർ അടുത്തകളികാണാൻ ഓടി വരും. മാമ ഉറങ്ങാൻ കണ്ണ് ചിമ്മുമ്പോഴേക്കും ആളുകൾ വരും. ഫുട്ബാൾഭ്രാന്ത് അദ്ദേഹത്തിന് ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും മൂപ്പർ ഉറക്കം വിട്ടു വരില്ലായിരുന്നു. അന്ന് ഷൈക്ക് ക്കാക്ക്‌ സോസൈറ്റിയിൽ കാവലാണ് ജോലി. ആളെ രാവിലെയേ കാണൂ. 'കുഞ്ഞു 'രാജേട്ടൻ ' അവർ ടി വി വെച്ച് ആൾക്കൂട്ടം എത്തിയാലേ ഉറക്കം വിട്ടുവരൂ . ഇവര് ഷെയ്ക്ക്ക്കാന്റെ അനുജൻ മാരാണ്. കൈതപ്രം രമോദരൻ നമ്പൂതിരി നിത്യ കാണിയാണ് പല നടൻ മാരും സംവിധായകൻ മാരും അവിടെ വരും.

ഇത്ര ആവേശത്തിൽ വന്നിട്ടും അവിടെ ഇരുന്നു ഉറങ്ങുന്ന citu കാസിം ക്കാനെ ആരും മറക്കില്ല.പകലിലെ ചുമടെടുത്ത ക്ഷീണം രാത്രിയിലെ ഫുട്ബാൾ ആവേശത്തിനു തടുക്കാൻ കഴിയുന്നതല്ല.
അന്നുമിന്നും ജർമ്മൻ ആരാധകൻ പട്ടണം ബഷീർക്ക,
മറഡോണയുടെ പതനശേഷം ബ്രസീലിന്റെ ആരാധകനായിമാറിയ മണിക്ക. അങ്ങനെ എത്രപേർ....

21 ഇഞ്ച് ബ്ലാക് ആന്റ് വൈറ്റ് ടിവിക്ക് കളർനൽകാനെന്നരൂപത്തിൽ ഒരു ഗ്ലാസ് ഉണ്ടായിരുന്നു.ആ 'ഡൈനോര ' ടിവി ക്ക്‌ മുന്നിലെ കാലം ഇന്നത്തെ lcd പ്രൊജക്ടർ വെച്ച ബിഗ് സ്‌ക്രീനുകൾക്ക് പകർന്നു നൽകാൻ ഒരിക്കലുമാകില്ല.

കളി നിരൂപകർ അനവധിയാണ് ബ്രസീൽ കോച്ച് ആരെ എപ്പോൾ ഇറക്കും എന്ന് പറയാൻ കഴിവുള്ള ഹംസക്ക (പയറഹംസ ). അർജന്റ്റിനയുടെ ഗതി പ്രവചിച്ച 'ഡിസ്ക്കു ' ആ നിര നീണ്ടതാണ്.

ഓരോകളി കഴിഞ്ഞുള്ള ഇടവേളകളിൽ ഞങ്ങൾ ഉറങ്ങുന്നത് ഷാജഹാന്റെ മില്ലിലാണ്. ഷാജഹാന്റെ വാപ്പ മുഹമ്മദ്‌ക്കാക് പള്ളിക്കു മുന്നിലാണ് അന്ന് മില്ല്. ഷാജഹാൻ ആണ് ഇൻചാർജ്. മുളക്പൊടി ചാക്കിനു മുകളിലെ ഉറക്കം ഇന്ന് ഓർക്കാൻ കഴിയില്ല.

അങ്ങനെ ഇരിക്കെ പലരും കളികാണാൻ വന്നു. കൂട്ടത്തിൽ അപരിചിതനായ ഒരു അർജന്റീന ഫാൻസുകാരനെ ഒരുദിവസം പരിചയപെട്ടു. അർജന്റ്നിയൻ തോൽവിയിലും മയക്കുമരുന്നിൽ 'മറഡോണ ' പിടിക്കപ്പെട്ടതിലും നിരാശനായിരുന്നു അയാൾ. 12.30 കളികഴിഞ്ഞാൽ ഇനി എത്രമണിക്കാണ് കളി എന്ന് എന്നോട് അന്വേഷിച്ചു . പള്ളിക്ക് ഭാഗത്തേക്ക് അയാൾ നടന്നു പോവുകയും ചെയ്തു.
പതിവ് പോലെ ഞാനും ഷാജഹാനും മില്ലിൽ വന്ന് ഉറങ്ങാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ പുറത്തായി തട്ടലും മുട്ടലും കേട്ടു. ഷാജഹാൻ എന്നെ വിളിച്ചു.
"നോക്കിയാലോ എന്താണെന്ന്"
അവൻ പറഞ്ഞു
ഞാൻ വിലക്കി
"അപകടമാണ് പുറത്തിറങ്ങേണ്ട "

കുറേക്കഴിഞ്ഞു ശബ്ദം നിലച്ചു.
ഞങ്ങൾ മില്ലിന്റെ മുകളിലെ നെറ്റ് വഴി എത്തിനോക്കി. റോഡ് ശാന്തം ഒന്നുമില്ല. പള്ളിക്ക് മുന്നിലും ഒന്നുമില്ല. ഞങ്ങൾ ഉറങ്ങാൻ കിടന്നു. നേരത്തെ എണീറ്റു വീട്ടിൽ പോയി. തിരിച്ചു 9 മണിക്ക് ഷാജഹാൻ മില്ലിൽ വന്നപ്പോഴാണ് അറിയുന്നത്, മില്ലിന്റെ മുന്നിലെ,
പള്ളിക്ക് സമീപത്തെ പത്മ ജ്വല്ലറി വർക്സിലും, ശില്പ ജ്വല്ലറി ഡൈ വർക്സിലും കള്ളൻ കയറിയ കാര്യം.
പിന്നെ ഷാജഹാനും ഞാനും മില്ലിൽ കിടന്നില്ല. ഷാജഹാൻ ഷൈക്കിന്റ വീട്ടിൽ തന്നെ കിടന്നു ലോകകപ്പ് തീരുവോളം. ഞാൻ വീട്ടിലും പോകാൻ തുടങ്ങി.

ആ കള്ളൻ ആരാണ്. മനസിൽ തോന്നിയ സംശയം ഞാൻ ആരോടും പറഞ്ഞില്ല.
അയാളകുമോ?
അറിയില്ല!
ഇന്നും അറിയില്ല

അർജന്റ്റിനിയൻ ആരാധകരെ ശാന്തരാകുവിൻ
ഒരു സംശയം മാത്രമാണ്.

ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: