2023 ജനുവരി 19, വ്യാഴാഴ്‌ച

ഹൗളിലെ മീനുകൾ



ഹൗളിൽ മീനുകൾ പൊങ്ങി വരുന്നതും നോക്കി കരയിൽ സുലൈമാൻക്ക ഇരിക്കുന്നുണ്ട്.

പൊങ്ങിവന്ന ചില മീനുകൾ കുറച്ചുനേരം സുലൈമാൻക്കാനെ നോക്കിനിന്നശേഷം താഴ്ന്നു പോയി.

താഴേക്ക് കുഴിച്ചുവെട്ടിയ ഹൗളിൽ കാലുരക്കാൻ കരിങ്കല്ല് നീളത്തിൽ പാകിയ കല്ലിനുമുകളിലാണ് മൂപ്പരുടെ ഇരിപ്പ്.

കുട്ടികൾ ഇശാക്ക് (രാത്രി നിസ്ക്കാരം)
ഹൗളിൽ മുക്കി താഴ്ത്തിപോയ 'വെള്ളപ്പാട്ടകൾ' എല്ലാം പൊങ്ങിവന്ന് ജലനിരപ്പിൽ കിടക്കുന്നുണ്ട്

എത്രനേരമായി ഈ ഇരിപ്പ് എന്നറിയില്ല.

ആർക്കോ വേണ്ടി കൊണ്ടുപോയ മയ്യത്ത് കട്ടിൽ 'ഇശാക്ക് ' ആളുകൾ കൊണ്ടുവന്നപ്പോഴും മൂപ്പർ അവിടെ യിരിപ്പാണ്.

തട്ടിൻമുകളിൽ നിന്ന് ധൃതിയിൽ ഇറങ്ങി വന്ന് ഉസ്താദ് വന്നവരോട് പറഞ്ഞു

"മുകളിലെ കമ്പിയിൽ തൂക്കണം അല്ലങ്കിൽ ആ സുലൈമാൻ അതില്കയറിക്കിടക്കും "

ഒന്നുറങ്ങി എണീറ്റ് നോക്കുമ്പോഴും സുലൈമാനിക്ക അങ്ങിനെയിരിക്കുണ്ട്.

ഞങ്ങൾ രണ്ടുപേരും പള്ളിയിലെ വലത്തെ വരാന്തയിൽ കിടന്നുറങ്ങാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി.

ഞാൻ ചൂട് കൂടിയപ്പോൾ കടയിൽനിന്നിറങ്ങി കിടത്തം ഹൗളിൻ കരയിലാക്കിയതാണ്.

സുലൈമാനിക്ക മഴയത്തും തണുപ്പിലുമെല്ലാം ഒരു വിരി കൂടാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

സുലൈമാൻക്കാനെ വിട്ട് കണ്ണുകൾ മുകളിലേക്ക് വന്നു.
മയ്യത്ത് കട്ടിൽ,
കുറച്ചുകാലമായി ആക്കാഴ്ച.
അതിനു താഴെയാണുഎന്റെ കിടപ്പ്.
മാറിക്കിടക്കണം എന്നുണ്ട്
പക്ഷെ, ആ സുരക്ഷ സുലൈമാനിക്ക കിടക്കുന്ന സ്ഥലത്ത് കിട്ടില്ല.
അയാൾക്ക്‌ഭ്രാന്തുണ്ട്.

മൂപ്പർക്ക് നാടുണ്ടോ?
ഉണ്ട്!.

പക്ഷെ,
ഈജില്ലയിൽഅല്ല.

കുടുംബമുണ്ടോ?
ഉണ്ട് '
അവർ ഇവിടെത്തന്നെയുണ്ട്

അവരുടെ ജീവിതം?

പലരുടെയും സഹായം കൊണ്ടാണ്.

അവളുടെ വിശപ്പും വികാരവും
പരസഹായത്തിൽ തന്നെയാണ്.

അല്ലെങ്കിൽ പലരുടെയും വികാരം ശമിക്കുമ്പോഴാണ് അവളുടെ വിശപ്പ് ശമിക്കുന്നത്.

അത് അവളുടെ വിധി.

പക്ഷെ നാട്ടുകാർപറയും
അവളുടെ കയ്യിലിരിപ്പ്.

ഇയാൾ , ഒരു ഭ്രാന്തനാണെന്ന്
ആദ്യരാത്രിയിൽ അവൾ അറിഞ്ഞിരുന്നു.

പിന്നെ ഉമ്മ അവളോട് പറഞ്ഞു
"മോളെ വിധി "
വിധി മാറ്റുവാൻ കഴിയില്ലെന്ന് അവളും കരുതി.

ഒരു ഉണർച്ച കൂടി വന്നപ്പോൾ ഹൗളിൻ കരയിലേക്ക് നോക്കി.
മൂപ്പർ ഇപ്പോഴും ഇരിപ്പാണ്.
മീനുകളോട് എന്തെല്ലാമോ പറയുന്നുണ്ട്.
ഒരുവലിയ മീൻ വെള്ളപരപ്പിൽ നിൽക്കുന്നതായി എനിക്ക് തോന്നി.
ഞാൻ ഇത്രയും വലിയ മീനിനെ ഹൗളിൽ കണ്ടിട്ടേയില്ല. അത് കുറേകഴിഞ്ഞപ്പോൾ താഴ്ന്നുപോയി ഞാൻ ഉറക്കിലേക്കുംപോയി.

സുബ്ഹിക്കുമുൻപേ ഉണരാറാണ് പതിവ്.
തണുപ്പ് അപ്പോഴേക്കും അരിച്ചെത്തിയിരിക്കും .
പക്ഷെ ആളുകളുടെ ബഹളം കേട്ടാണ് ഉണർന്നത്.
സുബ്ഹി കഴിഞ്ഞിരിക്കുന്നു.

ആളുകൾ ഹൗളിലെ വെള്ളം കോരി വറ്റിക്കുകയാണ്. ഒരാൾക്ക് താഴ്ച്ചയുണ്ട്.
വെള്ളം പകുതിയായ പ്പോൾ കുട്ടികൾ അതിലിറങ്ങി അവർ ചില്ലറ പൈസകൾ തപ്പാൻ തുടങ്ങി.
വുളു എടുക്കുന്നതിനിടയിൽ പലരുടെയും പോക്കറ്റിൽ നിന്ന് വീണുപോയതാണത്.

മൊല്ലാക്ക
കുട്ടികളോട് പറഞ്ഞു.
" പള്ളിക്കുള്ളതാണ് ആരും പോക്കറ്റിൽ ഇടരുത് "

അതൊന്നും കേൾക്കാതെയെന്നോണം
കുട്ടികൾ അരയിലെ തോർത്തിന്റ കോന്തലിൽ നാണയങ്ങൾ തിരുകി.

കുട്ടികളോട് വീണ്ടും മൊല്ലാക്ക പറഞ്ഞു
" ഹൗളാണ് മുള്ളരുത്"

ആരോപറഞ്ഞു
"ഇനിയെന്ത്‌ മുള്ളൽ എല്ലാം കഴിഞ്ഞില്ലേ "

ഉറക്കച്ചടവിൽ എഴുന്നേറ്റിരുന്ന എന്നെ ആ ബഹളത്തിനിടയിൽ ഉസ്താദ് ഒന്ന് നോക്കി.
ഞാൻ പള്ളിക്കകത്തെ ക്ലോക്കിലേക്കും നോക്കി. 5.55.
ഞാൻ സുലൈമാനിക്ക കിടക്കുന്ന സ്ഥലത്തേക്ക് നോക്കി.
ആരുമില്ല ശൂന്യം.
ആഭാഗത്തു
ഒഴിവ് വന്നിരിക്കുന്നു.
(ശുഭം )


ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: