2023 ജനുവരി 19, വ്യാഴാഴ്‌ച

ചരിത്രത്തോടൊപ്പം സഞ്ചരിച്ചകാർ


 വൈകുന്നേരമായപ്പോൾ ഫോൺവന്നു.

"നമ്പർ പ്ലേറ്റ് എത്തിയോ...?
ഞാൻ ഇവിടെ കാത്ത് നിൽക്കുകയാണ് ..! "

ഞാൻ മറുപടിയായി പറഞ്ഞു
"അപ്പുട്ടേട്ടാ,
ഞാനും കാത്തുനിൽക്കയാണ്;
ഷൊർണൂർ ബസ്സ്റ്റാൻഡിൽ.
പട്ടാമ്പിയിൽ നിന്ന് വരുന്ന ബസ്സ്‌ എത്തിയിട്ടില്ല".

"വന്നാൽ ഉടൻ കൊണ്ടുവന്ന്തരണം "
അതും പറഞ്ഞു അദ്ദഹം ഫോൺ വെച്ചു.
ആൾ അക്ഷമനാണ്......

പഴയൊരു അംബാസിഡർ കാറാണ്.
അത് പുതുക്കിപണിത് നിരത്തിൽ ഇറക്കാൻ കാത്തിരിക്കയാണ് .
ഏതാണ്ട് പണികൾ പൂർത്തിയായി.
അതിന്റെ നമ്പർ പ്ലേറ്റ് ആണ് ബസ്സിൽ വരുന്നത്.
ആ കാറും നമ്പറും ചെറുതുരുത്തിക്കാർ മറക്കില്ല.
ആ കാറ്കാരനെയും.

ആ കാർ ഞാനും മറക്കില്ല.

1999 ൽ ജനുവരിമാസത്തിൽ തന്നെയാണ്. നല്ല തണുപ്പുണ്ട് .
പതിവുപോലെ സി പി ഐ എംന്റെ ഏതോ പരിപാടിയുടെ ചുമെരെഴുത്താണ്.
അന്ന് സിപിഐ എം ന്റെ മാത്രം ചുമരെഴുതുന്നകാലമാണ്.
പുതുശ്ശേരിയിൽ എഴുത്ത് കഴിഞ്ഞു നിൽക്കുകയാണ്.

രാത്രി 8മണിക്ക് 'അപ്പുട്ടേട്ടനാണ് ' (കെ പി രാധാകൃഷ്ണൻ )
എന്നെ പുതുശ്ശേരിസെന്ററിൽ ചുമർ എഴുതാൻ കൊണ്ടുപോയത്.
അദ്ദഹം എവിടേയോ ദൂരെ പോയിവരുന്ന വഴിയാണ്
ചെറുതുരുത്തിയിൽ നിന്ന് എന്നെയും കൂട്ടിയത്.
എഴുത്ത്തുടങ്ങിയപ്പോൾ
ഞാൻ ഒറ്റക്ക് ആവാതിരിക്കാൻ
കുറച്ചു പ്രവർത്തകരെ കൂടെ നിർത്തി.

എന്നിട്ട് അദ്ദേഹം പറഞ്ഞു.

"എഴുത്ത് കഴിഞ്ഞു നീ ഒറ്റക്ക് പോകേണ്ട.
ഞാൻ വരും. വൈകിയാലും "

അപ്പുട്ടേട്ടൻ പോയി ഒരു 10 മണിയായപ്പോൾ
പ്രവർത്തകർ കുറച്ചു കട്ടൻചായ വാങ്ങിത്തന്ന് സ്ഥലം വിട്ടു.
6 ചുമർ എഴുതി കഴിഞ്ഞപ്പോൾ രാത്രി 2 മണിയായിക്കാണും.
റോഡിൽ ആരുമില്ല.
അപ്പൂട്ടേട്ടനെ വിളിക്കാനും വഴിയില്ല.
അന്ന് മൊബൈൽ ഫോൺ എന്റെ കയ്യിൽ ഇല്ല.
മൊബൈൽ ഫോൺ ഇറങ്ങിയിട്ടുണ്ടോ എന്നും അറിയില്ല.

ഇനി കാത്തുനിന്നിട്ട് കാര്യമില്ല,
അപ്പുട്ടേട്ടൻ ഗാഢ നിദ്രയിലാകും.
ഞാൻ നടക്കാൻ തീരുമാനിച്ചു.
അങ്ങിനെ തണുപ്പത്ത്,
അർദ്ധരാത്രി,
വിജനത ഭീതിപ്പെടുത്തുന്ന റോഡിൽ,
മങ്ങിയ വഴിവിളക്കിന്റ വെളിച്ചത്തിൽ നടക്കാൻ തുടങ്ങി.

നടന്നു നടന്നു പുതുശ്ശേരി കള്ള്ഷാപ്പിന്റെ മുന്നിൽ എത്തി.
പുതുശ്ശേരി മനപടിക്കൽ അന്നും ഇന്നും കള്ള്ഷാപ്പുണ്ട് .
ഷാപ്പ്കഴിഞ്ഞതും അവിടെ കൂടിയിരുന്ന നായ്ക്കൾ
എന്നെ കണ്ടതും ചാടിവന്നു.
കയ്യിൽ കരുതിയ നീളമുള്ള ശീമകൊന്നയുടെ വടി ഞാൻ വീശി.
നായ്ക്കളെ അടുത്ത് വരാൻ അനുവദിക്കാതെ ശ്രദ്ധിച്ചു.

പക്ഷെ, നായ്ക്കൾ നിരനിരയായിനിന്നു.
പിന്നെ എനിക്ക് നടക്കാനും ഓടാനും വയ്യാത്ത അവസ്ഥ.
ആരെ വിളിക്കും എന്ത് ചെയ്യും.
അടുത്തുതന്നെയാണ് സജിമാഷിന്റെ അച്ഛൻ ദേവരാജൻമാഷ്ടെ വീട്.
മാഷ് RSP യുടെ ജില്ലാ സെക്രട്ടറി ആയിരുന്നു .
ദേവരാജൻമാഷെയാണ് അവിടെ ആകെ അറിയുന്നത്.
അദ്ദേഹത്തിന്റെ ജീപ്പിൽ മുൻപ് 'കിളി'യായി പോയിട്ടുണ്ട്.
പക്ഷെ ഈ അർദ്ധരാത്രി വിളിച്ചാൽകേൾക്കുമോ..?.
ആകെതളർന്നു.

ഞാനും നായ്ക്കളും അങ്ങിനെ കുറച്ചുനേരം
എന്തുചെയ്യണം എന്നറിയാതെ നിന്നു.
അപ്പോൾ പുതുശ്ശേരി ഭാഗത്തുനിന്നും ഒരുവണ്ടിയുടെ വെളിച്ചം.
മനസ്സിൽ ഒരു സന്തോഷത്തിന്റെ മിന്നൽ.
'ബഷീറിന്റ ഭാഷയിൽ
"ആ വെളിച്ചത്തിനെന്തൊരു വെളിച്ചം"

വെളിച്ചം അടുത്ത് വന്നുതുടങ്ങി.
എന്തായാലും ഞാൻ റോഡിനുനടുവിൽ നിൽക്കുവാൻ തീരുമാനിച്ചു.
അതല്ലാതെ ആ നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു.
ആവണ്ടി എങ്ങാനും നിർത്താതെ പോയാൽ ഓർക്കാനും വയ്യ.

ഒരു കാറാണ് !
അടുത്ത് വരുമ്പോൾ
ഒന്നൂടെ നോക്കി അംബാസിഡർ കാർ
അതെ,
അപ്പുട്ടേട്ടന്റ കാർ KLP 2392 !

വന്നപാടെ കിട്ടി.....
"നിന്നോട് ഞാൻ വന്നിട്ട് പോയാൽ മതി എന്ന് പറഞ്ഞതല്ലേ......"

സത്യത്തിൽ ഞാൻ കരുതി മൂപ്പർ എന്നെ മറന്നുകാണും.
നേതാവല്ലേ,
നാട്ടിലെ നൂറുകൂട്ടം പ്രശ്നങ്ങളും പ്രവർത്തനങ്ങളു മായി നടക്കുന്നആളാണ്.....

"ഡോ...ഞാൻ ഒന്ന് ചാരിഇരുന്ന്മയങ്ങി.
ഉണർന്നപ്പോൾ വേഗം വണ്ടിയുമായി വന്നു.
എഴുതിയ മതിലുകൾ നോക്കി,
എഴുത്ത് ഇപ്പോൾ കഴിഞ്ഞിട്ടേ ഉള്ളു എന്ന്
മനസിലാക്കിയത് കൊണ്ടാണ്
ഞാൻ ചെറുതുരുത്തി ഭാഗത്തേക്ക്‌
കാറു മായി വന്നത്"
അത് അദ്ദഹം പറയുമ്പോൾ, ആ വർത്തമാനം ഞാൻ ശ്രദ്ദിക്കുന്നെ ഉണ്ടായിരുന്നില്ല .
എന്റെ മനസ്സിൽ നായ്ക്കളും ഞാനും
മുഖാമുഖം നിന്ന ഫ്രെയിം ആയിരുന്നു

എന്റെ ജീവിതത്തിൽ ഇത്ര ഭീതിജനകമായ ഒരു അവസ്ഥ
ഞാൻ അഭിമുഖീ കരിച്ചിട്ടില്ല.

അന്ന് വന്ന കാറ് തന്നെയാണ് ഇപ്പോൾ പുതുക്കി പണിയുന്നത്.
ഈ കാർ എനിക്ക് മാത്രമല്ല പലർക്കും പ്രതിസന്ധിഘട്ടത്തിൽ മുന്നിൽ വന്നിട്ടുണ്ട്.

പോലിസ് സ്റ്റേഷനിൽ സാധാരണക്കാർ പോകാൻ പേടിച്ചിരുന്ന കാലത്ത്
അതിനുമുന്നിലും ആ കാർ വന്നുനിന്നിട്ടുണ്ട്.

ആംബുലൻസ് ഇല്ലാത്ത കാലത്ത്
ചെറുതുരുത്തിക്കാരുടെ ആംബുലൻസ് ആയിരുന്നു ആ കാർ.

രോഗിയെ ആശുപത്രികളിൽ കൊണ്ടു ചെന്നാക്കി കാർ അവിടെ നിൽക്കും.
ജീവന്റെ മിടിപ്പുമായി പോയ ആൾ മടങ്ങുന്നത് മരിച്ചിട്ടായിരിക്കും.
അന്ന് നാട്ടിൽ ആംബുലൻസ് ഒന്നും ഇല്ല.
വടക്കാഞ്ചേരി രണ്ട് കാറുകൾ ഉണ്ട് .
അവരാണ് മിക്കവാറും ഡെഡ്ബോഡികൾ കൊണ്ടു വരാറ്.
നല്ല കാശ് വാങ്ങും.
പാവപ്പെട്ടവർക്ക് അപ്പോൾ ഈ കാർ ഒരു അത്താണിയാണ് .

അപ്പുട്ടേട്ടന്റെ അനിയൻ വേണുഏട്ടൻ,ശെൽവരാജ്,
കല്ലഴിക്കുന്നത്ത് യൂസുട്ടിക്ക,
തോണിപറമ്പിൽ അയ്മുട്ടിക്ക
കരിപ്പാലക്കൽ വീരൻകുട്ടി (ചുക്കിന്റ)
സുരേന്ദ്രേട്ടൻ (ഡിസ്പൂട്ട് ) ഇവരെല്ലാം
വണ്ടിയിൽ ഡ്രൈവർമാരാകാറുണ്ടു.

ചെറുതുരുത്തി ബ്രദേഴ്സ് ഫുട്‌ബോൾ ടീമിന്റെ ചരിത്രത്തിലും
ഈ കാറ്‌ പലപ്പോഴും രക്ഷകനായി എത്തിയിട്ടുണ്ട്.
തളിയിൽ നടന്ന മത്സരം ബ്രദേഴ്സ് തളി ടീമുമായിഅടിയിൽ കലാശിച്ചപ്പോൾ
അന്ന് പോലീസുകാരനായ 'മുന്ന'ബായിയെ രക്ഷിച്ചതും ഈകാർ വന്നാണ്.
ബ്രദേഴ്സ് കളിച്ച ഒറ്റപ്പാലത്തും രക്ഷക്കായി ഈ കാർ എത്തിയിട്ടുണ്ട് .
ഇതെല്ലാം ഓർമകളാണ്.

വള്ളത്തോൾ നഗർ പഞ്ചായത്തിൽ അധികാരത്തിലേറിയ
ആദ്യ കമ്യൂണിസ്റ്റ്ഭരണം സത്യപ്രതിജ്ഞ ചെല്ലുമ്പോൾ ഈ കാർ,
പഞ്ചായത്തിന്റ മുറ്റത്ത് പ്രസിഡന്റിന്റെ കാറായി കിടപ്പുണ്ട്.
അത് ചരിത്രമാണ്.

ആകാറാണിത് ,
വല്ലാത്ത കൗതുകം.
പുതിയ വണ്ടിയൊന്നുമല്ല.
പഴയവണ്ടിക്കാണി നമ്പർ പ്ലേറ്റ്.
എന്നിട്ടും അദ്ദഹത്തിന് വല്ലാത്ത ആകാംക്ഷ പോലെ.

ഇരുന്നിട്ടും ഇരുപ്പുറക്കാതെ അയാൾ
കോലായിൽനിന്ന് മുറ്റത്തേക്കും അകത്തേക്കും നടന്നു.
വണ്ടിയുടെ എല്ലാ സാധനങ്ങളും ഓർഡർ ചെയ്തത് എത്തിയിട്ടില്ല.
അതിലും അയാൾ അക്ഷമനാണ്.

വണ്ടിയുടെ മുന്നിലെ ചില്ലിൽ
'പൊതിയിൽ' എന്ന് പേര് ഒട്ടിക്കാൻ നിന്നപ്പോൾ
അദ്ദേഹം പറഞ്ഞു.
" ധൈര്യമായി ബോണറ്റിൽ ഇരുന്നോ
ഒന്നും പറ്റില്ല, നല്ല ഉറപ്പാണ് "
ചില ചെറിയ അല്ലറചില്ലറ സാധങ്ങൾ മാത്രമാണ് മാറ്റിയിട്ടുള്ളത്.
എന്നെ പോലെ ചുളിയുന്ന തൊലിയല്ലഇത്.
എന്റെ മനസ്സുപോലെ ഉറപ്പുള്ളതാണ് ...........
വണ്ടിയോടുള്ള വികാരവായ്പ്പ് കണ്ട് ഞാൻ ചോദിച്ചു .

"ഈവണ്ടി ഒരു നൊസ്റ്റാൾജിയ ആണോ"..?
എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

"അല്ല എൻ്റെ ചരിത്രവും ജീവിതവുമാണ്.
ഞാൻ 45 വർഷം മുന്നെ ഇതുസ്വന്തമാക്കുന്നത് 6500 രൂപക്ക് ആണ്.
വാടാനാംകുർശ്ശിയിലെ ഒരു മേനോൻ കൽക്കത്തയിൽ നിന്ന് വാങ്ങിയവണ്ടിയാണിത്.
പിന്നെ അയാളുടെ മകൻ ഉണ്ണി ഇതു ഓടിച്ചു.
ഇതു ഞാൻ സ്വന്തമാക്കുമ്പോൾ ചിറകുണ്ടായിരുന്നില്ല.

ചിറകൊ..?
അതെനിക്ക് മനസിലായില്ല...

പക്ഷെ ഒന്നെനിക്ക് അറിയാം
ഈ വണ്ടി അദ്ദേഹത്തെയും കൂടി പറന്നത് ചരിത്രത്തിലേക്കാണ്.
ഇത് ചരിത്രത്തോടൊപ്പം സഞ്ചരിച്ച വണ്ടിയാണ്.

ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: