കുടമാറ്റം
സിനിമ ലൊക്കേഷനിലെ
മുങ്ങിമരണം
എൻ്റെ മനസിപ്പോഴും ചോദിക്കുന്നു!.
സലാമിനെയും മറ്റുള്ളവരെയും ആദരിക്കേണ്ടിയിരുന്നില്ലേ......?
ആസംഭവം ഓർക്കുമ്പോഴൊക്കെ ഇക്കാര്യം ചോദ്യമായി ഉയരും.
ധീരതക്കുള്ള അവാർഡിനു അർഹരായിരുന്നില്ലേ അവർ ..!?
സംഭവം 1996 ലാണ് എന്നാണ് ഓർമ്മ.
പഴയ ഭാരതപ്പുഴയാണ്.
സി രാധാകൃഷ്ണൻ വിശേഷിപ്പിച്ച 'ഭാരതകാട് '.
ചെറുതുരുത്തിയിലും അന്ന് ഭാരതപ്പുഴക്ക് സമാനമായ അവസ്ഥയാണ്. മൺകൂനകളും ഉയർന്ന പുല്ലുകളും നിറഞ്ഞു നിൽക്കുന്ന ഭാരതപ്പുഴയിൽ അങ്ങിങ്ങ് മരങ്ങളും വളർന്നു നിൽക്കുന്നുണ്ട്.
പിന്നെ മണലെടുപ്പിൽ രൂപപ്പെട്ട ഗർത്തങ്ങളും. അതിനിടയിലൂടെയാണ് ഭാരതപ്പുഴ ചാലിട്ട് ഒഴുകിയിരുന്നത്. ഇത് ഒരുപഴയ ഓർമ്മക്കാഴ്ചയാണ്.
മിക്കവാറും ദിവസങ്ങളിൽ വൈകീട്ട് ചെറുതുരുത്തി സഹകരണ ആശുപത്രി കടവിൽ (ഇന്ന് ശിവക്ഷേത്രം കടവ് )കുളിക്കാൻ പോകും.
അന്ന് നാട്ടിലെ അധികമാളുകളും കുളിച്ചിരുന്നത് പുഴയിൽ ആയിരുന്നു.
രാവിലെ നേരത്തെ പണിക്കുപോകുന്നവരും വൈകീട്ട് പണികഴിഞ്ഞുവരുന്നവരും കുളിക്കാൻവരും.
മെലിഞ്ഞുണങ്ങിയ പുഴ വേനൽക്കാലത്തു മുറിച്ചുകടക്കാൻ എളുപ്പമാണ് . തെക്കേ റോഡിലുള്ള ഓട്ട് കമ്പിനിയിലേക്ക് ജോലിക്കുപോകുന്നവരും നമ്പ്രം വഴി വടക്കോട്ട് പോകുന്നവരും പുഴ മുറിച്ചുകടന്നാണ് അന്ന് പോയിരുന്നത്.
(തടയണ വന്നശേഷം നിറഞ്ഞുനിൽക്കുന്ന പുഴ എത്രവേനൽ ആയാലും ഇപ്പോൾ മുറിച്ചുകടക്കാനാവില്ല.)
ഉച്ചകഴിഞ്ഞാൽ പുഴയിൽ ആളുകൾ ഉണ്ടാവില്ല.
പക്ഷെ, വടക്കേലെ മോമുട്ടിക്കയും അബുക്കയും ആസമയത്ത് അവിടെ ചൂണ്ടലിട്ട് ഇരിക്കുന്നുണ്ടാവും.
അന്ന് വൈകീട്ട് അവരും കടവിലില്ല.ആ
സമയത്താണ് ഞാൻ വെറുതെ പുഴയിലേക്ക് പോയത്. കുറച്ചുപേരെ കടവിൽ ഉണ്ടായിരുന്നുള്ളു. പുഴക്കപ്പുറത്തു റയിൽവേ പാലത്തിനു സമീപത്തായി സിനിമാ ചിത്രീകരണം നടക്കുന്നുണ്ട്. കൊച്ചിൻ ബ്രിഡ്ജിനു ഇപ്പുറത്തുമുണ്ട് ഒരുസിനിമയുടെ ഷൂട്ടിങ് . പുതിയ പാലം വന്നിട്ടില്ല പഴയ പാലമാണ്.
അക്കാലത്ത് ചെറുതുരുത്തി 'മിനി കോടമ്പക്കമാണ്'. നാട്ടുകാർ സൂപ്പർ സ്റ്റാറുകളെ കണ്ടുമടുത്തകാലം. സാക്ഷാൽ രജനീകാന്തിനെ ആരാധക കൂട്ടങ്ങൾ ഇല്ലാതെ കണ്ടകാലം.
ഞാൻ പടികൾക്കുമുകളിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഏറെയായി. വന്നവരെല്ലാം പോയി. പിന്നെ എൻ്റെ അയൽവാസി കുഞ്ഞലവിക്കാന്റെ മകൻ സലാം വന്നു.
അപ്പോൾ പുഴക്കപ്പുറത്തെ മണലിൽ കൂടി ഒരു സംഘമാളുകൾ വരുന്നത് ദൂരയായികണ്ടു. വർണ്ണ വസ്ത്രങ്ങൾധരിച്ച ഇരുപതിലധികംവരുന്ന ആളുകൾ. റെയിൽവേ പാലത്തിനു അടുത്തായി ചിത്രീകരിച്ചുകൊണ്ടിരുന്ന സിനിമയിലെ ഡാൻസേഴ്സ് ആണത്.
ആ വരവിനും ഒരു നൃത്തചുവട് ഉണ്ടായിരുന്നു. വരിയായി അടിവെച്ച് അവർ കൊച്ചിൻ ബ്രിഡ്ജിനെ ലക്ഷ്യമാക്കിവന്നു. വെള്ളം കുറഞ്ഞ പുഴയുടെ ആഭാഗത്തുകൂടി ആളുകൾ പുഴകടക്കുന്നുമുണ്ട്. കൈകൾ കോർത്തുപിടിച്ചു വന്ന സംഘം പെട്ടെന്ന് കടവിന് മുന്നിലായി ഇടത് വശത്തേക്ക് ഇറങ്ങി.പക്ഷേ ആ ഭാഗത്തു ആഴമുള്ളകുഴിയുണ്ടായിരുന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു.
ഇപ്പുറത്തെ കടവിൽ ആരുമില്ല. രണ്ടു മൂന്നുപേർ പടികൾ ഇറങ്ങി വരുന്നതേയുള്ളു. പക്ഷെ സലാം ഇവരുടെ വരവും നോക്കി പുഴക്കു നടുവിലായി വെള്ളത്തിൽ നിൽപ്പുണ്ട്. സലാമിന് നന്നായി നീന്തൽ അറിയാം. അവൻ ഉറക്കെ ഒച്ചവെക്കാൻ തുടങ്ങി
"ഇറങ്ങല്ലേ ഇറങ്ങല്ലേ "
പക്ഷെ അതൊന്നും മലയാളം അറിയാത്ത അവർക്ക് പെട്ടെന്ന് മനസിലാക്കാൻ ആയില്ല. അവർ മലയാളികളല്ല എന്ന് സലാമിനും പിടികിട്ടിയില്ല. സലാമിന്റെ ഒച്ചകേട്ട് കടവിലേക്ക് എത്തികൊണ്ടിക്കുന്നവർക്ക് കാര്യങ്ങൾ മനസിലാവും മുൻപ് അവർ കൈകൾ കൂട്ടിപിടിച്ച് ചങ്ങല തീർത്ത് വെള്ളത്തിലിറങ്ങി. ആ ചങ്ങല മുറിഞ്ഞു ആളുകൾ മുങ്ങിപൊന്തി. കൂടെയുള്ളവർ അലറിക്കരഞ്ഞു.സലാം അവരുടെ അടുത്തേക്ക് നീന്തി. ഒപ്പം പടിയിറങ്ങി വന്നവരും പടവിൽ നിന്നവരും പുഴയുടെ മറുകരയിലേക്ക് നീന്തി.
ആദ്യമെത്തിയത് സലാമാണ് എന്നാണ് ഓർമ്മ. മുങ്ങിക്കൊണ്ടിരിക്കുന്നവരിൽ കിട്ടിയവരെ കരക്ക് അടുപ്പിച്ചു. കൂടെനീന്തിഎത്തിയവരുടേയും ശ്രമഫലമായി നാലുപേരെ കരക്കടുപ്പിച്ചു. അപ്പോഴേക്ക് മൂന്ന് പേർ വെള്ളത്തിന്റെ അടിയിലേക്ക് പോയി. ആളുകൾ കുറവായിരുന്നു ആർക്കും ഒന്നും ചെയ്യാനും കഴിയാത്ത അവസ്ഥ. നീന്തൽ വശമില്ലാത്ത ഞാൻ ഇപ്പുറത്തു ശബ്ദം നിലച്ചുനിന്നു. കൂട്ട അലർച്ചക്കൊടുവിൽ ആളുകൾ ഓടിയെത്തി.
അപ്പോഴേക്കും മൂന്ന് പേരും വെള്ളത്തിൽ താഴ്ന്നു പോയിരുന്നു.
പിന്നെ ഫയർ ഫോഴ്‌സ് വന്നു പക്ഷെ താഴ്ന്നുപോയവരെ പുറത്തെടുക്കാൻ അവർക്കായില്ല. വെളിച്ചം കുറഞ്ഞു. സൂര്യൻ അസ്തമിച്ചു. ഇരുട്ട് കയറിതുടങ്ങി.വലിയ ലൈറ്റ്കൾ എത്തി.
കൊച്ചിൻ ബ്രിഡ്ജിനു സമീപം അന്ന് ആറാം തമ്പുരാന്റെ ഷൂട്ടിങ് ആണ് നടക്കുന്നത് എന്നാണ് ഓർമ്മ. അവിടെ നിന്നുമാണ് ലൈറ്റുകൾ കൊണ്ടുവന്നത്.
.
അവസാനം ഉമ്മർക്കവന്നു. (ഉമ്മർക്കാനെ കുറിച് പിന്നീട് വിശദമായി എഴുതാം. അത് പുഴനിറഞ്ഞു നിൽക്കുമ്പോൾ വേണം എഴുതാൻ അത് വലിയൊരു ചരിത്രമാണ്.) അതുവരെ പുഴക്കടിയിൽ മൃതദേഹങ്ങളിൽ തൊട്ടവർക്ക് അതെടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല. CITU മണിക്കയും കുറേമുങ്ങി. ആദ്യ മൃതദേഹം എടുത്തത് ഉമ്മർക്കതന്നെയാണ്.
പിന്നീട് ആരൊക്കയോ മൃതദേഹങ്ങൾ പുറത്തെടുത്തു. ചെറുതുരുത്തിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. മൃതദേഹം എടുത്തവർക്ക് സിനിമക്കാർ എന്തൊക്കയോ നൽകി.അവസാന മൃതദേഹവും എടുക്കുംവരെ സലാം പുഴയിൽ ഉണ്ടായിരുന്നു. അപ്പോൾ അവിടെ കൂടിയവരോടൊക്കെ നാലുപേരെ രക്ഷപ്പെടുത്തിയ കാര്യം അവൻ പറയുന്നു ണ്ടായിരുന്നു. പുഴയുടെ അടിയിലേക്ക് താഴ്ന്നുപോയവരെ കുറിച്ചുള്ള വേവലാതിയിൽ ആരും ആവാക്കുകൾ ശ്രദ്ധിച്ചിരുന്നില്ല.ശവം എടുക്കാൻവന്നവരെ ജനം ആഘോഷിച്ചുകൊണ്ടിരിക്കുമ്പോൾ
അയാൾ ആ പടികൾ കയറി. അതുവരെ എടുത്ത തോർത്ത് മാറ്റി മുണ്ട്എടുത്ത് തിരിഞ്ഞുനോക്കാതെ നടന്നു.
പിന്നീട് ആസിനിമ തിയറ്ററിൽ നിന്നും ടെലിവിഷനിൽനിന്നും കണ്ടപ്പോഴെല്ലാം ആദ്യത്തിലും അവസാനത്തിലും ഞാൻ പരതി. പക്ഷെ,മരിച്ചവരുടെ ഫോട്ടോയോ പേരോ ഒന്നും കണ്ടില്ല. രക്ഷിച്ചവരെ പോലെ അവരും മറവിയിലേക്ക് ആണ്ടുപോയിക്കാണും.........
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ