2023 ജനുവരി 19, വ്യാഴാഴ്‌ച

ഉണ്ണി.


 


നിലാവുള്ള ഒരു രാത്രിയിൽ
കിനാവിൽ അവൻ വന്നുവിളിച്ചു.
"ഉറങ്ങിയോ "
"ആരാണ് "?
ഞാൻചോദിച്ചു
"മറന്നോ "!
കണ്ണുകൾതിരുമ്മി ഞാൻ എഴുന്നേറ്റിരുന്നു.
പിന്നെ നിലാവിന്റെ നീലവെളിച്ചത്തിൽ
ആ മുഖം ഞാൻ കണ്ടു
" ഉണ്ണി...... "
മറന്നില്ലാലെ "
"മറക്കുമോ ?
മറക്കാൻ ചെറിയ ഓർമ്മകൾ അല്ലല്ലോഉള്ളത്".
ഉണ്ണീ........
നീ അറിഞ്ഞോ "?
ഉമ്മർക്ക ( പടപ്പ് ) വീണ്ടും കോഴിക്കോട് സംസ്ഥാന സ്കൂൾ
കലോത്സവത്തിന് പന്തൽ കെട്ടുകയാണ്.
"ഉം" അവൻ മൂളി
പിന്നെ അവൻ പറഞ്ഞു തുടങ്ങി .
"ഞാൻ നാല്പത് വർഷം പിറകോട്ട് ഓർക്കുന്നു .
അന്ന് കോഴിക്കോട് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിനുകെട്ടുന്ന പന്തലിൽ ഞാനുണ്ട്.
എൻ്റെ ചിത്രങ്ങളാണ് ആ പന്തൽ നിറയെ.
ഇന്നത്തെ പോലെ ഫ്ളക്സ് അല്ല .
രാവും പകലും ഞങ്ങളിരുന്നു വരക്കുകയാണ്.
കൂടെ ബാഹുലേയനും."
"അന്ന് ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത്.
ജില്ലാമത്സരം കഴിഞ്ഞ് ഞാനും മത്സര രംഗത്തുണ്ട്,
സംസ്ഥാന യുവജനോത്സവത്തിൽ.
ഓഫ് സ്റ്റേജ് മത്സരങ്ങൾ മുന്നേ തുടങ്ങും"
ഉച്ചക്കാണ് സുലൈമാൻക്ക(പടപ്പ്) വന്നു പറയുന്നത്.
"ഉണ്ണി ഈ വര നിർത്ത്
മത്സരം തുടങ്ങാറായി"
വാട്ടർകളർ പെയിന്റിംഗ് മത്സരമായിരുന്നു.
പന്തലിലെ വരയിൽ കയ്യിൽ പറ്റിയ പെയിന്റ്ശ
രിക്കും കളയാതെ ഞാൻ വേഗം പോയി
അതിനേക്കാൾ സ്പീഡിൽ വരച്ച് ഞാൻ തിരിച്ചുവന്നു.
കാരണം,
പ്രധാനപന്തലിൽ ഉദ്ഘടനം നടക്കാൻ പോകുകയാണ്.
മിനുക്കുപണികൾ തീർക്കേണ്ടതുണ്ട്.....
ആ പണിയിൽ മുഴുകിനിക്കുമ്പോഴാണ്
മത്സരഫലം വന്നത്.
വിജയൻ മാഷാണ് പറഞ്ഞത്.
"ഉണ്ണീ ഫസ്റ്റുണ്ട്"
അത് ഒരുകാലമാണ്.
മരിച്ചിട്ടും മറക്കാൻ കഴിയാത്ത കാലം.
വിശപ്പൊഴിഞ്ഞസുന്ദരമനോഹര ദിവസങ്ങൾ.
അന്ന് പന്തലിൽ എത്രയെത്ര ചിത്രങ്ങൾ വരച്ചു .
എ കെ ജി, ഇ എം എസ്,
ഉറൂബ്, എം പി പോൾ, എസ് കെ പൊറ്റക്കാട്......
വരക്കാത്ത സാഹിത്യകാരില്ല.
പിന്നീടും പല യുവജനോത്സവങ്ങളിലും......
ഇപ്പോൾ അതെല്ലാം ഫ്ളക്സായില്ലേ.....!
ഞാൻ പറഞ്ഞു
"ഉണ്ണി...
നിന്നെ ഞാൻ കാണുന്നത്
നീ ദീപ ആർട്സിൽ പ്രദീപേട്ടന്റെ കൂടെ
വരച്ച് പഠിക്കുന്ന കാലത്താണ്.
നീ അന്ന് കല്യാണക്ഷണകത്ത് ഈളുകളായ് കീറി
ഒരു കുട്ട നെയ്തത് ഞാൻ കണ്ടുനിന്നിട്ടുണ്ട്.
അതെവിടെയാണ്.!?
ഹാർഡ്‌ബോർഡീൽ നീ തീർത്ത ലോറിയും ksrtc ബസ്സും
അതെല്ലാം എവിടെയാ....'
ഓർക്കുന്നുണ്ടോ... ഉണ്ണീ..."
ഉണ്ണി ചിരിച്ചു. എന്നിട്ട് ചോദിച്ചു.?
"ഇ.എം.എസ് ചെറുതുരുത്തിയിൽ വന്ന തിരഞ്ഞെടുപ്പ് പരിപാടിക്ക്
ഹാർഡ്‌ബോർഡീൽ ഞാൻ തീർത്ത ടീവി,
അതിൽ ചലിക്കുന്ന ചിത്രങ്ങൾ നീയത് കണ്ടിരുന്നോ...?"
"പിന്നെ കണ്ടിരുന്നു..!
കറങ്ങുന്ന അരിവാൾ ചുറ്റികയും ഞാൻ കണ്ടിരുന്നു."
'ഉണ്ണീ നീ എന്തിനാ പിന്നെ പോയത്....?'
അതിനു മൗനം മാത്രമായിരുന്നു ഉണ്ണിയുടെ മറുപടി.
പിന്നെ കുറെ നേരത്തേക്ക് അവൻ മിണ്ടിയില്ല.
ഉണ്ണി തുടക്കത്തിൽ കുറച്ചുകാലം നാട്ടിൽ നിന്നു.
സിപിഐഎം ന്റെ പരിപാടികൾക്ക്‌ അവൻ എഴുതാത്ത
ചുമരുകൾ അന്ന് നാട്ടിൽ ഉണ്ടായിരുന്നില്ല.
ഷെയ്ക്ക്ക്കയാണ് പഠിപ്പ് നിർത്തിയ ഉണ്ണിയെ വീണ്ടും സ്കൂളിൽ ചേർക്കുന്നത്.
അന്ന് അവനെ കൊണ്ട് പാർട്ടി പരിപാടികൾ
എഴുതിച്ചിരുന്നതും ഷെയ്ക്ക്‌ ക്കതന്നെ യാണ്.
പിന്നീട് തൃശൂർ ആർസി ആർട്സിൽ ഉണ്ണിയെ
കൊണ്ടുപോയി നിർത്തുന്നത് ഉമ്മർക്കയാണ്.
ഉമ്മർക്കാക്ക് തൃശൂർ പൂരത്തിന്റെ നിലപ്പന്തൽ
വരച്ചു നൽകിയിരുന്നത് ആർസി ആർട്സിന്റെ ഓണർ
രാമചന്ദ്രൻ ചങ്ങരത്ത് ആയിരുന്നു.
ആ പേരിന്റെ ചുരുക്കമാണ് ആർസി
ആളോട് ഉമ്മർക്ക പറഞ്ഞു
"ചെക്കൻ നന്നായി വരക്കും എഴുതും'
അയാൾ ഉണ്ണിയെനോക്കി
"ശരി നിന്നോട്ടെ.
പിന്നെ കൂട്ട് കെട്ട് വേണ്ട നല്ലനിലക്ക് നിന്നോണം"
ഉമ്മർക്ക ഇടപെട്ടു
" രാമചന്ദ്രൻ , ഞാൻ ഗ്യാരണ്ടി"
അന്നുമുതൽ തൃശ്ശൂരിന്റെ പരസ്യഎഴുത്ത് കലയിലെ രാജാവാണ്.
ഒരിക്കൽ sphinxലെ തിലകൻ ചേട്ടൻ എന്നോട് പറഞ്ഞു.
"ഉണ്ണി എന്നെ തോല്പ്പിക്കും."
തൃശ്ശൂരിന്റെ ബാനർ ബോർഡുകളിൽ വിസ്മയങ്ങൾ തീർത്ത ആളാണ് തിലകൻ.
ഇന്നും ഒരുഗ്രാഫിക് സോഫ്റ്റിവെയറിനും ആ ഡിസൈനുകൾ നിർമിക്കാൻ കഴിഞ്ഞിട്ടില്ല.
തൃശ്ശൂരിലെ ബാനർ ബോർഡിലെ മലയാളം ഫോണ്ടുകൾ ചിലത് ഇന്ന്
ml-kv-veerankutty എന്ന പേരിൽ വരുന്നുണ്ടെങ്കിലും
സുന്ദരമായ മിക്ക ഫോണ്ടുകളും ഇന്നും ആരും ഉണ്ടാക്കിയിട്ടില്ല.
അവിടെയാണ് ഉണ്ണി വിസ്മയങ്ങൾ തീർത്തത്.
ഞാൻ ഇന്നും ഓർക്കുന്നു
നമ്പൂതിരി പൽപ്പൊടിയുടെ അടപ്പ് പൊട്ടി
അതിലെകൂട്ടുകൾ പുറത്തേക്ക് ചിതറിതെറിക്കുന്ന ചിത്രം.
പിന്നീട് ആർക്കും അത് അങ്ങിനെ വരയ്ക്കാൻ കഴിഞ്ഞിട്ടില്ല.
സരിത ആർട്സ് പഴയന്നൂർ ആഭാഗത്ത്
ചിത്രം ഫ്ളക്സ് പ്രിന്റ് ഒട്ടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
തൃശ്ശൂർ പൂരം എക്സിബിഷന്റെ പരസ്യ വർക്ക് അന്നെല്ലാം ആർസിക്കായിരുന്നു.
കൂറ്റൻ പരസ്യബോഡുകൾ, സ്റ്റാളുകൾ, എല്ലാം ഉണ്ണി വരച്ചു മനോഹരമാക്കി....
ഇടക്ക് ഞാൻ വിളിച്ചു..
"ഉണ്ണി നീപോയോ"
"ഇല്ല"
അവൻ പ്രതിവചിച്ചു.
"ഞാൻ ഷൊർണൂ രിലെ മുത്തലിബിനെ കണ്ടിരുന്നു."
ഉണ്ണി ചോദിച്ചു
"അവനിപ്പോൾ സുന്ദരനായോ'
"ആ നീ ഇതും പറഞ്ഞു കാളിയാക്കാറുള്ള വിവരം
അവൻ എന്നോട് പറഞ്ഞു."
'അവൻ നാട്ടിൽ പോയി തിരിച്ചുവന്നപ്പോൾ ആർസിയിൽ
വരച്ചിട്ട അവന്റെ ചിത്രംകണ്ട്
ഇന്നും അത്ഭുതം മാറീട്ടില്ല'
'എന്നെ നോക്കാതെ എങ്ങിനെ ഉണ്ണി
എന്നെ വരച്ചു എന്നാണ് അവന്റ ചോദ്യം:
2006 ലോകകപ്പ് ഫുട്ബാൾ സമയത്ത്
ഒരു രാത്രികൊണ്ടു നീ വരച്ചു തീർത്ത
35 അടി യുള്ള ബ്രസീലിയൻ താരം റൊണാൾഡോയുടെ ചിത്രം
അവൻ മറന്നിട്ടേയില്ല......
ഉണ്ണീ...എന്തിനാ നീ പോയതെന്ന് അവനും
ചോദിച്ചു....?
ഉണ്ണീ....
നീ എന്തിനാ പോയത്...?
ഉണ്ണി പിന്നെയും മിണ്ടിയില്ല
ആ നിശബ്ദത എത്രനേരം നിലനിന്നു എന്നറിയില്ല.
അവൻ ചോദിച്ചു
നീ ബാഹുലേയനെ കാണാറുണ്ടോ.?
ഞാൻ പറഞ്ഞു
"വല്ലപ്പോഴും "
നിങ്ങൾ രണ്ടുപേരും ഒരുമിച്ച് എത്രഎത്ര വർക്കുകൾ......
വീണ്ടും നിശബ്ദത
ചോദ്യം ഞാൻ ആവർത്തിച്ചു
'ഉണ്ണീ...എന്തിനാ നീപോയെ....?'
ഈ ചോദ്യത്തിന് നിശബ്ദത വെടിഞ്ഞു ഉണ്ണി പറഞ്ഞു.
"എനിക്ക് ഇടമില്ലാതായി "
അത്ഭുത്തോടെ ഞാൻ ചോദിച്ചു
" നിനക്കോ..?
ആരെങ്കിലും വിശ്വസിക്കുമോ...?"
"ഉണ്ണീ നീ എന്താ ഈ പറയിണത് ..?
നിന്റെ മദ്യപാനം അല്ലാതെഎന്താ "
ഉണ്ണി പറഞ്ഞു
"അല്ല....
ഉണ്ണി തുടർന്നു...
നീ ശ്രദ്ധിച്ചോ? കലോത്സവത്തിന് ഉമ്മർക്ക പുതുതായി തീർക്കുന്ന പന്തലിൽ
തൂണായി കഴുങ്ങുണ്ടോ...?
ഇല്ല ഇപ്പോൾ ഇരുമ്പ് തൂണാണ്....!
കഴുങ്ങിന് ഇടം നഷ്ടമായി...
"നീ എന്താ ഉണ്ണീ ഈ പറയിണത്
കഴുങ്ങ് പോലെയാണോ മനുഷ്യൻ..?
വേറെ എന്തെല്ലാം ചെയ്യാം..
ഉണ്ണി വീണ്ടും പറഞ്ഞു...
" ഫിലിം ക്യാമറക്കും, ടൈപ്രേറ്ററിനും, ഓഡിയോ കാസറ്റ് പ്ലയറിനും,
വി സി ആർ നും ഇടം നഷ്ടമായപ്പോൾ ആളുകൾ വലിച്ചെറിഞ്ഞു.
ചിലർ പുരാവസ്തുവാക്കി
അവർക്കൊന്നും വേറെ ധർമ്മമുണ്ടായിരുന്നില്ല.
അവയുടെ സൃഷ്‌ടാവ് അവക്ക് നൽകിയ ധർമ്മം അവസാനിച്ചപ്പോൾ
അവ കാലത്തിനുള്ളിൽ മറഞ്ഞു.
ഒരിക്കൽ ആർസിയുടെ മുതലാളി രാമചന്ദ്രൻ ചങ്ങാരത്ത് എന്നെ വിളിച്ചു
പറഞ്ഞു
" ഉണ്ണ്യേ... തൃശൂർ റൗണ്ടിൽ നെറച്ചും ഫ്ളക്സാ
മ്മ്ക്ക് ഇനി പിടിച്ചു നിൽക്കാൻ പറ്റില്ലാട്ടോ മാറാണ്ട്."
പിന്നെ മാറ്റം വന്നു
എന്നെ പോലെയുള്ളവർ എഴുതിയ അക്ഷരങ്ങൾ കോപ്പി ചെയ്തു ഫോണ്ടാക്കിആരോ....
ഫോട്ടോഷോപ്പിൽ വാർത്ത ജീവനില്ലാത്ത അക്ഷരങ്ങളിൽ തീർത്ത
ബോർഡുകൾഏറ്റി നടക്കലായി പിന്നെ പണി.
എന്റെ സൃഷ്ടി ധർമ്മം അവസാനിച്ചതായി തോന്നി.
സ്കൂളുകളിലെ വരകൾ അവസാനിച്ചപ്പോൾ
തെർമോകോളിൽ അക്ഷരങ്ങൾ തീർത്തു.
പക്ഷെ, ആ അക്ഷരങ്ങൾക്ക് ജീവനുണ്ടായിരുന്നില്ല.....
'ദേ പോകുന്നത് പഴയൊരു കലാകാരനാ 'എന്ന്
എന്നെ ചൂണ്ടി പുരാവസ്തുവിനെപോലെ പറയുന്നത്എ
നിക്ക് ഇഷ്ട്ടമല്ല.'
'ഒരോ സൃഷ്ടിയുടെയും ധർമം അവസാനി ക്കുമ്പോൾ ഇല്ലാതെയാവും.
എഴുത്തായിരുന്നു എന്റ ധർമ്മം .
ഇത് പ്രകൃതിപരമാണത്.
ഈ ഉണ്ണിയിലെ കൃഷ്ണൻ ഭഗവാൻ കൃഷ്ണനെ പോലെയാണ്
കൗരവരുടെയും നീതിയുടെയും വിജയത്തിന് ശേഷം ഭഗവാൻ കൃഷ്ണന് ഇടം ഇല്ലാതെയായി.
അതുകൊണ്ടാണ് കൃഷ്ണഭഗവാനും പോയത്
ഉണ്ണീ അപ്പോൾ നീ എപ്പോഴാണ് ഭഗവാൻ കൃഷ്ണനെ പോലെ തിരിച്ചുവരിക.
ബ്രഷ് കൊണ്ടുള്ള എഴുത്തു കൾക്ക് മൂല്യം സംഭവിക്കുന്ന കാലത്ത്,
അതിനുമുൻപ് ഡാവിഞ്ചി മോണാലിസ ഒന്നുകൂടിവരക്കും
അവരുടെ ഭാവം എന്തായിരുന്നു എന്ന് ലോകമറിയും...
വാക്കുകൾ മുറിഞ്ഞു
നിലാവ് മാഞ്ഞു
ഇരുട്ട് പരന്നു
ഉണ്ണീ.....
ആ വിളി അവൻ കേട്ടില്ല....
(ശുഭം )
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: