ഓർമ്മകളിലെ കലംമണിക്ക
ജമാഅത്തെ ഇസ്‌ലാമിയുടെ ദഅവത്ത് സമ്മേളനം 1983 ലാണ് നടക്കുന്നത്. അന്നാണ് ഒരു മുസ്ലിം സംഘടന സമ്മേളനത്തിനു വേണ്ടി ആദ്യമായി നാടോട്ടുക്കും ചുമരുകൾ എഴുതുന്നത്.
ചെറുതുരുത്തിയിൽ അന്ന് ഉണ്ടായിരുന്ന മൂന്ന് ജമാഅത്തെ ഇസ്ലാമിക്കാർ ചുമര് എഴുതാൻ തീരുമാനിച്ചു.
ഹോമിയോ. അബ്ദുറഹ്മാൻക്ക എന്റെ വല്യാപ്പ കുഞ്ഞുമാനിക്ക പിന്നെ കലം മണിക്കയും. മണിക്കാന്റെ വീടിനടുത്ത് അന്നൊരു മതിൽ ഉണ്ടായിരുന്നു. ആ മതിലാണ് വെള്ളയടിച്ചിട്ടിരിക്കുന്നത്.
പണിയെല്ലാം കഴിഞ്ഞ്. വീട്ടിൽ വന്ന് ചുമരെഴുത്തിന് പോകാൻ വല്യപ്പ തയ്യാറെടുത്തു. കൂടെ പോകാൻ ഞാനും തയ്യാറെടുത്തു.
ഞാനന്ന് സ്കൂളിൽ മൂന്നിലോ നാലിലോ പഠിക്കുന്ന കാലമാണന്നാണോർമ്മ. എന്തായാലും വല്യാപ്പ എന്നെ കൂടെകൂട്ടി ചുങ്കത്ത് മണിക്കാന്റെ വീടിനു മുന്നിലെത്തിയപ്പോൾ അബ്ദുറഹ്മാനിക്കയും മണിക്കയും അവിടെയുണ്ട്. വളരെ ചെറിയ ഓർമ്മകളാണ് കുറേ മുമ്പുള്ള ഓർമ്മകൾ.
ചുമര് എഴുതാനുള്ള ബ്രഷ് ചകിരിനാര് ചതച്ചുണ്ടാക്കിയതാണ്. വല്യാപ്പയാണ് എഴുതുന്നത്. ആ എഴുത്ത്കണ്ട് എനിക്ക് രസം വന്നില്ല. മണിക്ക അത് നന്നായി ശ്രദ്ധിച്ചു. മണിക്ക അകത്തു പോയി ഒരിഞ്ചിന്റെ പെയിന്റിംഗ് ബ്രഷ് കൊണ്ടുവന്നു. എന്നിട്ട് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു. 'നീയൊന്ന് എഴുതി നോക്ക്.'
അന്ന് നാട്ടില് എന്റെ വീടിന്റെ അടുത്ത് ദീപ ആർട്ട്സ് പ്രവർത്തിച്ചിരുന്ന കാലമാണ്. എഴുതുന്നതിന്റെ വശങ്ങൾ ഒക്കെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ഞാൻ എങ്ങനെ ഒരു വരി എഴുതി പക്ഷേ വല്യാപ്പാക്ക് അത് ഇഷ്ടപ്പെട്ടില്ല. മണിക്ക് പറഞ്ഞു "അതിനെന്താ കുഴപ്പം "?. പക്ഷേ വല്യാപ്പ അത് മായിച്ച് വേറെ എഴുതി. (സത്യത്തിൽ മണിക്ക എന്നെ പ്രോൽസാഹിപ്പിച്ചതാണ്. ആ എഴുത്തിൽ അക്ഷരങ്ങൾ കുറെ ഉണ്ടായിരുന്നില്ല എന്നതാണ് ശരി) എന്തായാലും ആദ്യമായി എഴുതിയത്. ഇന്നും എനിക്ക് ഓർമ്മയുണ്ട്.
കലംമണിക്കാന്റെ മൺപാത്രങ്ങൾ വിൽക്കുന്നകട ആദ്യം ചെറുതുരുത്തി പള്ളിക്ക് സമീപമാണ് ഉണ്ടായിരുന്നത്. അതെന്റെ വീടിന്റെ മുന്നിലായി വരും. നാട്ടിൽ മൺപാത്രങ്ങളുടെ ഉപയോഗങ്ങൾ കുറഞ്ഞ് വരുന്ന കാലമായിരുന്നു അത്. എന്നാലും ലോറികളിൽ നിറഞ്ഞ് നിൽക്കുന്ന മൺപാത്രലോഡുകൾ മണിക്കാന്റെ കടയിൽ വരും.
അങ്ങിനെ ഇരിക്കുന്ന ഒരു നാൾ മണിക്ക ഒരാളോട് എനികൊന്നും മനസ്സിലാകാത്ത വർത്തമാനങ്ങൾ പറയുന്നത് ഞാൻ കേട്ടു. പിന്നീടാണ് അറിയുന്നത്. മൺപാത്രങ്ങൾ ഉണ്ടാക്കുന്ന കുംഭാരന്മാരുടെ ഭാഷയാണെന്ന്. ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിപാർത്തവരാണ് കുംഭാരന്മാർ. തെലുങ്കിനോട് സാമ്യമുള്ള ലിപിയില്ലാത്ത ഒരു ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ചെറുതുരുത്തിയിലും പരിസരപ്രദേശങ്ങളിലും ഉള്ള കുംഭാരമാരെല്ലാം മണിക്കാന്റെ കടയിൽ വരും. മണിക്കാക്ക് കുമ്പാരഭാഷ അനായാസം കൈകാര്യം ചെയ്യാൻ അറിയായിരുന്നു.
മണിക്കാ ന്റെ കണക്കുകൂട്ടലാണ് എന്നെ ആകർഷിച്ച മറ്റൊരു സംഗതി. മുകളിലോട്ടും താഴോട്ടും കണക്കുകൾ മാറിമാറി കൂട്ടും. സരസമായി സംസാരിക്കുന്ന പ്രകൃതം. സ്ഫുടമായി വ്യക്തമായി കാര്യങ്ങൾ പറയും. അന്നേ തുടങ്ങിയ വായന കണ്ണിന് കാഴ്ച കുറയുന്നത് വരെയും തുടർന്നു. ഷാലിമാർ ബഷീർക്കയാണ്, വായനയുടെ അവസാനകാലത്തും അദ്ദേഹത്തിന് പ്രബോധനം വാരിക സ്ഥിരമായി എത്തിച്ചു നൽകിയിരുന്നത്.
അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങൾ അവസാനം വരെയും ജീവിതത്തിൽ പുലർത്തി. ശാരീരിക അസ്വസ്ഥതകൾ ഏറെക്കാലമായി അലട്ടിക്കൊണ്ടിരിക്കുന്നു. ഒരാളെയും ആശ്രയിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റെത്. അത് അദ്ദേഹം അവസാനം വരെയും തുടർന്നു. യൂണിറ്റ് യോഗങ്ങളിൽ സംസാരിക്കുമ്പോൾ അദ്ദേഹം നർമ്മങ്ങൾ കൂട്ടി കാര്യങ്ങൾ അവതരിപ്പിക്കും. അതിൽ ഇന്ന് ഓർക്കാനുള്ള ഒരു കാര്യം മരിച്ചവരുടെ കബറിന്റെ അടുത്ത് ഇരുന്ന് ചെല്ലുന്ന തൽക്കീനെ കുറിച്ചാണ്.
അദ്ദേഹം ചോദിക്കും
" എന്താണ് ചെല്ലുന്നതെന്ന് അറിയാമോ "
"ആരാണ് നിന്റെ റബ്ബ് എന്ന് ഉസ്താദ് ചോദിക്കും എന്നിട്ട് ഉസ്താദുതന്നെ മറുപടി പറയും അല്ലാഹുവാണെന്ന് "
"അടുത്തത് നിന്റെ ദീൻ ഏതാണ് എന്നതാണ്,
ഉത്തരം -ഇസ്ലാം ദീൻ, പിന്നെ
ആരാണ് നിന്റെ ഇമാം എന്നാണ്. മുഹമ്മദ് നബി എന്നാണ് ഉത്തരം.
പിന്നെ ചോദിക്കുന്നത് നിന്റെ ഭരണഘടന ഏതാണ് എന്നാണ് അതിനുത്തരം ഖുർആനെ എന്നാണ്"
എന്നിട്ടും മണിക്ക് ചിരിച്ചിട്ട് പറയും
"ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ പറയേണ്ട കാര്യങ്ങളാണ് മരിച്ചു കഴിഞ്ഞിട്ട് അദ്ദേഹത്തിന്റെ തലക്കുഭാഗത്ത് ഇരുന്ന് പറയുന്നത്. "
എന്നിട്ട് വീണ്ടും ചിരിച്ചിട്ട് പറയും
"മരിച്ചവന്റെ കൈ ഖബറിൽ നിന്ന് പുറത്തുവരില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. മുസ്ലിയാർ അവിടെ തന്നെ ഇരിക്കുന്നത് എന്ന്"
ഖുർആൻ പ്ലേറ്റിൽ എഴുതി കൊടുക്കുന്ന സമ്പ്രദായത്തെക്കുറിച്ച്, മണിക്ക പറയും
"അറബി മഷി എന്നുള്ളത് ഒരു മരുന്നാണ് താണിക്കാ നെല്ലിക്ക കടുക്ക പിന്നെ വേറെ കുറെ പച്ചമരുന്നിന്റെ പേര് പറയും അതെല്ലാം കൂട്ടിയാണ് ആ മഷി ഉണ്ടാക്കുന്നത് എന്ന്. അതു കുടിച്ചാൽ ഏത് രോഗവും മാറും"
ചെറുതുരുത്തി മഹല്ല് പള്ളിയിൽ 25 വർഷത്തോളം ട്രഷറർ ആയി പ്രവർത്തിച്ചു. ജോലി ആവശ്യാർത്ഥം എടപ്പാളിലേക്ക് പോയപ്പോഴാണ്. ആ സ്ഥാനം രാജിവെച്ചത്. അന്ന് ജമാഅത്തെ ഇസ്ലാമിയുമായും കുറച്ച് കാലം വിട്ട് നിന്നു. ചെറുതുരുത്തിയിലെ പ്രമുഖ കുടുംബത്തിലെ അംഗമാണ് മണിക്ക. ഓർമ്മയുടെ അറകൾ തുറന്നാൽ ഓട്ടേറെയുണ്ടാകും പറയാൻ. ഏറെക്കാലം ജീവിച്ചു. പടച്ചവൻ അദ്ദേഹത്തെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ