2025 ജൂൺ 14, ശനിയാഴ്‌ച

വാപ്പ

വാപ്പ

മഴ പെയ്തിറങ്ങുകയാണ്.

കാലംതെറ്റിയ മഴ.
ഇക്കൊല്ലം മാമ്പൂവെല്ലാം കൊഴിഞ്ഞു പോകും.
പ്രഭാത നടത്തത്തിനിറഞ്ഞിയതാണ്
ഷിബിർക്ക.
മഴ കനത്തപ്പോൾ
പാലത്തിന് സമീപത്തുള്ള വിശാലമായ ടാക്സി സ്റ്റാന്റിൽ കയറി നിന്നു.
കിഴക്ക് നിന്ന് കാറ്റെത്തി,
മരച്ചില്ലകൾ കാറ്റത്തുലഞ്ഞു.
മുന്നിലെ വലിയ പൂമരത്തിലും കാറ്റ് വന്നു. പക്ഷെ, അതുലയാതെ നിന്നു.
നല്ല പഴക്കണ്ട് ആ പൂമരത്തിന്ന്;
അയാളുടെ വയസ്സിനേക്കാൾ.
ചെറുപ്പം തെട്ട് കാണുന്ന മരമാണത്. അയാൾക്കൊപ്പം വളർന്നമരം. ആ മരം തന്നെയും വിട്ട് ശിഖിരങ്ങളിൽ ആകാശത്തേക്ക് പടർന്നിരിക്കുന്നു.
മരം മാത്രമല്ല, കൂടെ ഉണ്ടായിരുന്നവരും അയാളേക്കാൾ വളർന്നുപോയിരിക്കുന്നു.
മഴ തോരുന്നില്ല. അയാൾ ഏകാന്തനായി ടാക്സി സ്റ്റാന്റിൽ ഇരുന്നു.
ആ ഏകാന്തത അയാളെ പലതും ഓർമ്മിപ്പിച്ചു.
കാലങ്ങൾക്ക് മുമ്പ്, ഇതേക്കാൾ ശക്തമായി മഴപെയ്ത ഒരു ജൂലായ് മാസം.
അന്ന് ഇതേ സ്ഥലത്ത്നിന്ന് കാതിലലച്ച ആ നിലവിളി അയാളുടെ ഓർമ്മയിൽ വന്നു.
ഇപ്പോൾ ടാക്സി സറ്റാന്റ്ഉള്ള ഈ സ്ഥലത്ത് മുമ്പ് ഒരു വില്ലേജ് ഓഫീസാണ് പ്രവർത്തിച്ചിരുന്നത്.
അതിന്റെ ചായിപ്പിൽ നിന്ന് ഒരു പെണ്ണിന്റെ നിലവിളി ഉയർന്നു.
'പ്രസവ വേദന 'വന്ന
ആരും സഹായിക്കാനില്ലാത്ത ഒരു പെണ്ണിന്റെ നിലവിളി.
ഇപ്പോൾ അവിടെ നിൽക്കുമ്പോൾ അയാളുടെ കാതുകളിൽ അത് വന്നലക്കുന്നുണ്ട്.....
ആരും ഇല്ലാതെ നിസഹയായ ഒരുവൾ.
അവൾ എങ്ങിനെ അവിടെ വന്നു...?
അത് പഴയ കാലത്തെ നാടിന്റെ കഥയാണ്.
പലരും ഇങ്ങനെ വന്നിട്ടുണ്ട് ഇവിടെ.
പല ഇടത്ത് നിന്ന് വരുന്നവരാണ് അവർ. കാമുകൻമാരുടെ കൂടെ ഭർത്താക്കൻമാരുടെ കൂടെ
പക്ഷെ, അതെല്ലാം ചതികളാണ്. വന്ന് പെട്ടാൽ പിന്നെ പലരായി ഭർത്താക്കൾ, ചിലർ മടങ്ങിപ്പോകും, ചിലർ ആത്മഹത്യ തെരഞ്ഞെടുക്കും ചിലർക്ക് പിന്നീട് അത് ജീവിക്കാനുള്ള അവസാന തൊഴിലായിമാറും.
അങ്ങിനെ എപ്പോഴോ വന്ന് പെട്ടവളാണ് അവൾ.
നിലവിളി മൂർദ്ധന്യത്തിലായി.
കുറച്ചു പേർ പുറത്തെ ചായക്കടയിൽ നിർനിമേഷരായി നിൽകുന്ന തൊഴിച്ചാൽ മഴയുടെ ശബദം മാത്രം.
ഇന്നത്തെ ബഹളമയമായ കാലമല്ല അത്.
എപ്പോഴെങ്കിലും അത് വഴി പോകുന്ന കാളവണ്ടികളുടെയും നേരം തെറ്റി വരുന്ന ബസ്സിന്റെ ശബദം മാത്രം നിരത്തിലെ നിശബ്ദത ഭേദിക്കും.
അതും പതുക്കെ ....
കരച്ചിൽ നോക്കി നിന്നവർ
ആരും ആ സ്ത്രീയുടെ അടുത്തേക്ക് പോയില്ല. വേണമെങ്കിൽ പോകാൻ ധൈര്യപ്പെട്ടില്ല എന്ന് പറയാം.
ഒരാളൊഴിച്ച്.
ഹസനാർ ഹോട്ടലിൽ നിന്ന് ഒരു ചൂടുള്ള ഒരു ചായ വാങ്ങി. മഴയെ മറച്ച് വില്ലേജിന്റെ ചായിപ്പിലേക്ക് പോയി.
ആനിലവിളി പതിയെ നിന്നു.
ആകാംഷയോടെ ചായക്കടക്ക് പുറത്തുളളവരും നിന്നു.
ഒരു ചോര കുഞ്ഞുമായി ഹസനാർ വന്നു.
അടുത്ത വീട്ടിൽ നിന്ന് തുണികൾ വാങ്ങി അതിനെ തുടച്ചു.
ആ വീട്ടിലെ പെണ്ണുങ്ങൾ ആ കുട്ടിയെവാങ്ങി അകത്തേക്ക് പോയി.
മഴ കുറഞ്ഞപ്പോൾ ഹോട്ടലിന് പുറത്ത് കുറച്ചുകൂടി ആളുകൾ വന്നെത്തി.
അവർ പറഞ്ഞു.
'വാപ്പ'
അതെ മനുഷ്യത്വത്തിന് അയാൾ കൊടുക്കേണ്ടി വന്ന വില.
ഇന്നും അവിടെ നിൽക്കുമ്പോൾ ആനിലവിളിയേക്കാൾ അയാൾ ഓർക്കുന്നത് ഹസനാരിനെയാണ്.
അയാളെ പിന്നെ അധികകാലം നാട്ടിൽ കണ്ടില്ല.
മഴ കുറഞ്ഞു. ദീർഘശ്വാസം വലിച്ചു ഷിബിർക്ക പ്രഭാത നടത്തം തുടങ്ങി
എല്ലാം ഓർത്ത് കൊണ്ട്
ശുഭം
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: