സ്വർഗത്തിൽ നിന്നുംഒരു വാട്സ്ആപ്പ്കോൾ
അവളുടെ മുഖത്ത് ആശങ്കയായിരുന്നു. അവന്റെ മുഖത്ത് നിസ്സംഗതയും. അവൾ പോയിട്ട് വേണം സ്വസ്ഥമായി ഒന്നുറുങ്ങാൻ എന്ന വിചാരവും.
അവൾ ഒറ്റക്കാണ് പോകുന്നത്, പക്ഷെ, വാഹനത്തിൽ ഒരു പാട് പേരുണ്ട്.
"എത്തുന്നത് വരെ മാത്രമേ ഫോൺ റെയ്ഞ്ച് ഉണ്ടാവൂ,
പിന്നെ അവിടുത്തെ സിംമ്മ് എടുക്കണം"
അവൾ ഓർമ്മിപ്പിച്ചു.
അവൻ നിസംഗമായി എല്ലാം കേട്ടു.
അങ്ങനെ സ്വർഗത്തിൽ നിന്ന് ഒരു വാട്സ്ആപ്പ് കോൾ വന്നു.
ഒലീവ് മരത്തിന് ചുവട്ടിൽ നദിക്കയിൽ ചാരുമഞ്ചത്തിൽ ഇരുന്ന് കൊണ്ട് ഒരു കോൾ.
ഒഴുകുന്ന പാൽ നിറമുള്ള പുഴ.
പുഴയിൽ നിറയെ കുഞ്ഞോടങ്ങൾ.
അതിൽ മുത്ത് മണിപോലുള്ള കുഞ്ഞുങ്ങളുമുണ്ട്. സുന്ദരികളായ തോണിക്കാരികൾ അവരെ മറുകരയിൽ നിന്ന് ഇക്കരയെത്തിക്കുന്നു.
മറുകരയിൽ വലിയ ഓടങ്ങളിൽ അവരുടെ രമ്യഹർമ്മങ്ങൾ കാണാം.
മഞ്ഞ് പെയ്ത്, ഉദയസൂര്യ കിരണങ്ങളാൽ അവ തിളങ്ങുന്നു.
ക്യാമറ വലത്തോട്ട് തിരിച്ചു. അവിടെ നിറയെ ആപ്പിൾ മരങ്ങൾ.
അതിൽ നിന്ന് ഒന്ന് പൊട്ടിച്ചെടുത്ത് അവൾ കടിച്ചു.
ചുകന്ന ആപ്പിൾ ചുകന്ന ചുണ്ടിൽ, ആ കാഴ്ച്ച
'ഓപ്പോ' മൊബൈൽ അതിന്റെ കളർ ഗ്രേഡിന്റിൽ വിസ്മയമാക്കി
ക്യാമറ ഇടത്തോട്ട്
തിരിച്ചു.
അവിടെ വാൽനട്ടിന്റെയും പിയർ ന്റെയുംതോട്ടം.
ആ തോട്ടത്തിലും അവൾ പ്രവേശിച്ചു.
ചെറിയുടെയും, ആപ്രിക്കോട്ടിന്റെയും ഇടയിലൂടെ അവൾ നടന്നു.
അവൾ നദിയിലെക്ക് ഇറങ്ങി
മുങ്ങി നിവർന്നു. ആ കാഴ്ച്ച പൂർണ്ണമാകും മുമ്പ് ആ വീഡിയോ കോൾ കട്ടായി
സ്വർഗം, ഭൂമിയിലെ സ്വർഗം*
വെയിലിൽ തിളങ്ങുമ്പോൾ നിരത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടിക പതിച്ചത് പോലെ തോന്നും. അത് കസ്തൂരിയുടെ ചാന്ത് കൊണ്ട് കെട്ടി പടുത്തതാണെന്ന് തോന്നും അങ്ങാടിയുടെ സുഗന്ധം. കണ്ണാടി പോലെ വൃത്തി. എല്ലാമവൾ സ്വർഗമെന്ന പോലെ വിവരിച്ചു.
അവനും ആ സ്വർഗത്തിലേക്ക് പോകാൻ പൂതിതോന്നി. പക്ഷെ, ഇപ്പോൾ വാട്ട്സ് ആപ്പ് കോളുകളില്ല ചില മെസ്സേജുകൾ മാത്രം. "തിരക്കാണ് പഠനമാണ് പരീക്ഷയാണ്"
വിളികൾ കുറഞ്ഞപ്പോൾ അയാൾ വിചാരിച്ചു.
സ്വർഗത്തിൽ ഇണകളെയും ലഭിക്കുമല്ലോ ....!
കസ്തൂരിയും കർപ്പൂരവും ചേർന്ന പാനപാത്രത്തിലെ പാനീയം നുകരാൻ
പച്ചനിറമുള്ള തലയിണകളിലും അഴകുള്ള പരവതാനികളിലും ചാരിക്കിടക്കാൻ....
ദൈവമേ..
ശോ.... അവളുടെ കൂടെ പോകാമായിരുന്നു.
* ഭൂമിയിലെ സ്വർഗം കാശ്മീർ
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ