2025 ജൂൺ 14, ശനിയാഴ്‌ച

അനുസ്മരണം 10

 

ഇത് പോലെ മഴ പെയ്തു ചാലുകൾ നിറഞ്ഞ്. വീട്ടിന്റെ അകത്തേക്ക് വെള്ളം കയറാൻ നിൽക്കുന്ന ഒരു ദിവസമാണ് ബാവക്കാനെ ഞാൻ കാണുന്നത്.

ചെറുതുരുത്തി ഇന്ന് ഒരു ഗ്രാമ പഞ്ചായത്താണ്. മുൻസിപ്പാലിറ്റിയായി മാറാനുള്ള വളർച്ചയിൽ അത് നിൽക്കുന്നു.

പക്ഷെ ഗ്രാമമായിരുന്ന ചെറുതുരുത്തി വളർന്നത് ചെറുതുരുത്തി മാർക്കറ്റിൽ നിന്നാണ് എന്ന് പറയാം. ചെറുതുരുത്തിയിലെ ആദ്യ ഷോപ്പിംഗ് കോംപ്ലക്സ് അവിടെ ഉയർന്നതോടെ വളർച്ചയുടെ സഞ്ചാരത്തിന് അടിത്തറപാകി.
പഴയമാർക്കറ്റ് ഒരു ഓർമ്മയാണ്. എന്റെ കുട്ടിക്കാലത്തിന്റെ ഓർമ്മ. കുട്ട നെയ്യുന്ന കുറവൻമാർ, ഇറച്ചിക്കടകൾ,മുഹമ്മദ്ക്കാന്റെ മില്ല്, ദേശാടന പക്ഷികളെ പോലെ മറ്റ് ദേശങ്ങളിൽനിന്ന് വരുന്ന ആളുകൾ തമ്പടിക്കുന്ന സ്ഥലം, അവരുടെ ഉത്സവഛായപകരുന്ന ഒത്തുകൂടലുകൾ,

ഇടക്കിടെ നടക്കുന്ന കലാ പരിപാടികൾ, പെൺ വേഷങ്ങൾ തകർത്താടുന്ന റെക്കോഡ് ഡാൻസ്,
പിന്നെ സർക്കസ്, സൈക്കളിൽ നിന്ന് ഇറങ്ങാതെ രാത്രി മുഴുവനും സൈക്കിൾ ചവിട്ടി ചെറുപ്പത്തെ വിസ്മയിപ്പിച്ച മെജീഷ്യൻ ( അബ്ദുറഹിമാൻ)

അവിടെ എല്ലാവരുമെത്തി പല ദിക്കുകളിലേക്ക് പിരിഞ്ഞു. അവരെല്ലാം വളർന്നു.
എവിടെയാണ് ബാവക്കാന്റെ ദേശം......

ദേശാടനപറവകൾ ഉത്തരം പറയാറില്ലാത്ത ചോദ്യം....
അങ്ങനെ വന്നതാണ് ബാവക്കാന്റെ കുടുംബം.

ഞാൻ കാണുമ്പോൾ ബാവക്കാക്ക് വെറ്റില മുറുക്കുണ്ട്. കാലമേറെയായിട്ടും ശീലത്തിൽ മാറ്റമുണ്ടായില്ല.
തറവാട്ടിലെ ചെറിയ പണികൾക്കെല്ലാം മാമ ബാവക്കാനെ വിളിക്കും. ഞങ്ങൾ കൊപ്പം ബാവക്കാക്കും അമ്മായി ഭക്ഷണം ഒരേപന്തിയിൽ വിളമ്പും. പക്ഷെ ബാവക്ക ഇറയത്തിരുന്നേകഴിക്കു; മഴയായാലും.

ബാവക്കാനെ പണിക്ക് വിളിക്കാത്ത വീടുകൾ വിരളമാണ് ചെറുതുരുത്തിയിൽ. ചെറിയ തേപ്പ്, കെട്ട്, കുഴിയെടുക്കൽ എന്തും ബാവക്ക ചെയ്യും, ഒറ്റക്ക് കയ്യാളില്ലാതെ. ഇതെല്ലം ഗുരുക്കളില്ലാതെ എങ്ങിനെ പഠിച്ചു എന്നു ചോദിച്ചാൽ ബാവക്ക ചിരിക്കും. ഏത് സാഹസികതക്കും ബാവക്ക റെഡി. ഏത് പൊട്ടാത്ത കല്ലും പൊട്ടിക്കും. ബാവക്കാന്റെ ഉയരക്കുറവ് ഈ വക പണിക്കൊന്നും ഒരു തടസ്സവും ഉണ്ടാക്കിയില്ല.
ചെറുതുരുത്തി വികസിച്ചപ്പോൾ വേസ്റ്റുകൾ നിറഞ്ഞു.പരിഹരിക്കാൻ, കുഴികൾ എടുക്കാൻ ബാവക്ക ചെറുതുരുത്തിയുടെ അഭിവാജ്യഘടകമായി.

എന്ന് പറഞ്ഞാൽ ചെറുതുരുത്തിയുടെ വികസനത്തിൽ ബാവക്കാന്റെ പങ്കും വലുതാണ്.
കുറിച്ച് ദിവസം മുമ്പാണ് അസുഖ വിവരം അറിയുന്നത്. ഇപ്പോൾ മരണവും. ഒരോരുത്തർക്കും ഒരോ കർത്തവ്യമുണ്ട് ഭൂമിയിൽ ബാവക്ക അദ്ദേഹത്തിന്റെ കർത്തവ്യം നിറവേറ്റി യാത്രയായി. യാത്ര പെട്ടന്നായി എന്നു മാത്രം

പടച്ചവൻ അനുഗ്രഹിക്കട്ടെ
തെറ്റുകൾ പൊറുത്ത് കൊടുക്കട്ടെ

ആമീൻ
🤲🏻


 

അഭിപ്രായങ്ങളൊന്നുമില്ല: