അലിഖാൻ സാഹിബ്
മോഹൻലാൽ മോഹിച്ച വീട് സ്വന്തമാക്കി. ചാവക്കാട് മമ്മിയൂർ മുതുവട്ടൂർ മഹല്ലിൽ നിന്ന് ചെറുതുരുത്തിയിലേക്ക് വന്ന അലി ഖാൻ സാഹിബ്.
ചെറുതുരുത്തിയുടെ 'ഖാൻ' ആയി മാറി. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വന്ന് താമസിച്ച ചെറുതുരുത്തിയിലെ വലിയ ബംഗ്ലാവ്, അദ്ദേഹം സ്വന്തമാക്കുമ്പോൾ, കേരളത്തിലെ പല പ്രമുഖരും സ്വന്തമാക്കാൻ ആഗ്രഹിച്ച ബംഗ്ലാവായിരുന്നു അത്.
ജർമൻ വാസ്തുശിൽപ്പികൾ കേരള വാസ്തുശില്പ മാതൃകയും കൂട്ടിക്കലർത്തി കൊളാടി രാമൻ മേനോന് വേണ്ടി നിർമ്മിച്ചതാണ് ആ സൗധം. നൂറ്റാണ്ടു പഴക്കമുള്ള ആ ബംഗ്ലാവ് സ്വന്തമാക്കി വാങ്ങിച്ചതിൽ അധികം പൈസ ചിലവാക്കി മോഡി നഷ്ടപ്പെടാതെ പഴമകൾ പോകാതെ കേടുപാടുകൾ തീർത്തു. ചിലപ്പോഴൊക്കെ സംസാരിക്കുമ്പോൾ അദ്ദേഹം ബംഗ്ലാവിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി സഞ്ചരിച്ചത് പറയും. പൊട്ടിപ്പോയ ടൈലുകൾ അതേ രൂപത്തിലുള്ളത് കിട്ടാൻ കേരളത്തിനു പുറത്തും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. കാരണം അദ്ദേഹം ഒരു ആർക്കിടെക്ച്ചർ ആണ്.
ഗൾഫ് പൂത്തുലഞ്ഞു നിൽക്കുന്ന കാലത്ത് ചാവക്കാടിന്റെ നിർമ്മാണ ഭൂപടത്തിൽ കല്പക ഗ്രൂപ്പ് ഓഫ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനവും കൊണ്ട് നാടിന്റെ വികസന പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കുകൊണ്ടു.
ചെറുതുരുത്തി ചുങ്കം പള്ളി അടക്കം നൂറിലധികം പള്ളികൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പണിതുയർത്തിയിട്ടുണ്ട്. ചെറുതുരുത്തിയുടെ പഴയ പള്ളിയിലെ ഒരു ഹൗളിന്റെ പണി ഇന്നും ഓർമ്മയിൽ നിൽക്കുന്നു.
അദ്ദേഹം നല്ലൊരു ചിത്രകാരനായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളൊക്കെ അപൂർവമായി മാത്രമേ ആളുകൾ കണ്ടിട്ടുള്ളൂ. അഡ്വർടൈസ് മേഖലയിൽ അദ്ദേഹം കുറേക്കാലം പണിയെടുത്തിട്ടുണ്ട്.
കാലം ആരോഗ്യത്തെ ശയിപ്പിച്ച് കിടക്കയിലേക്ക് ചായിക്കും വരെ ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ ആയിരുന്നു. കൃത്യമായ വ്യായാമങ്ങൾ ജീവിത രീതികൾ പലപ്പോഴും നമ്മൾ മാതൃകയാക്കാൻ കൊതിക്കും.
ചെറുതുരുത്തിയിൽ എത്തിയ അലിഖാൻ പ്രയാസപ്പെടുന്ന ആളുകളെ മടികൂടാതെ സഹായിച്ചു. ചോദിച്ചു വരുന്നവർക്ക് മുന്നിലെല്ലാം അദ്ദേഹം മണിമാളികയുടെ വാതിലുകൾ തുറന്നു വെച്ചു. പലപ്പോഴും പലരെയും കൂട്ടി സഹായത്തിനു വേണ്ടി ബംഗ്ലാവിന്റെ പടികടന്നു പോയിട്ടുണ്ട് . വലിയ ദാനശീലനായ മനുഷ്യനാണ്. മനുഷ്യസ്നേഹിയാണ് വിട പറഞ്ഞിരിക്കുന്നത്. ചെ ചുറുചുറുക്കും ഉന്മേഷവും അവസാനിച്ച് കുറച്ചുകാലം അദ്ദേഹം വീൽചെയറിൽ ഇരുന്നു.ആ കാഴ്ച കാണാൻ ഞാനൊരിക്കലും ഇഷ്ടപ്പെട്ടില്ല. കാരണം,എന്റെ യൗവ്വനത്തേക്കാൾ തുടിപ്പുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാർദ്ധക്യത്തിന്.
ഇന്ന് ആ വാർത്ത വന്നു. അലിഖാൻ വിട പറഞ്ഞിരിക്കുന്നു. അദ്ദേഹം ഈ ഭൂമിയിൽ അനുഭവിച്ച പ്രയാസങ്ങൾ ഒക്കെ ഒഴിവാക്കി പടച്ചവൻ തിരിച്ചു വിളിച്ചിരിക്കുന്നു. അദ്ദേഹത്തെ നാഥൻ സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കട്ടെ...ആമീൻ


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ