2025 ജൂൺ 14, ശനിയാഴ്‌ച

നാടോർമ്മ 1

 അയാൾ എവിടെയാവും...?

ബാല്യത്തിലെ ഓർമ്മകളിൽ
വില്ലനായ് നിറഞ്ഞ്നിന്നയാൾ...?
ഡിസംബറിൽ ഋതു ശിശിരമാണ്.
രാവിലെ മഞ്ഞ് പെയ്യുന്നുണ്ട്.
പ്രഭാത സവാരിക്ക് കൊച്ചിൻ പാലത്തിന് മുകളിൽ നിന്നപ്പോൾ,
കിഴക്കെ റെയിൽപാലം
കാണുന്നില്ല. അത്രക്ക് മഞ്ഞ്ണ്ട്.
പടിഞ്ഞാറോട്ട് നോക്കിയാൽ തടയിണയും കാണില്ല.
റോഡിന് നടുവിൽ നിന്നാൽ വടക്കുനിന്നും തെക്കുനിന്നും വരുന്ന വാഹനങ്ങളുടെ ലൈറ്റ് മാത്രം കാണാം.
പഴയ കലാമണ്ഡലം റോഡ് മഞ്ഞിൽ മൂടിയിരിക്കുന്നു.
നടത്തം അസാനിപ്പിച്ച് ടാക്സി സ്റ്റാന്റിന്റ കൽപടവിൽ റോഡിലേക്ക് കണ്ണുനട്ടിരുന്നു.
ഈ ഇരുത്തം വെളുപ്പാൻകാത്ത് ചില
ഓർമ്മകളിലേക്ക് കൊണ്ട് പോയി.
മുമ്പ് നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയുടെ അഡ്മിനിസ്ട്രഷൻ ബ്ലോക്ക് സ്ഥിതി ചെയ്യുന്നസ്ഥലം കൃഷി ചെയ്യാത്തതരിശ് ഭൂമിയായിരുന്നു.
അതിന്റെ പിറകിലായി, പി എൻ എൻ എമ്മിന്റെ ഹോസ്പിറ്റൽ സ്ഥിതിചെയ്യുന്ന സ്ഥലവും അങ്ങനെ തന്നെയായിരുന്നു.
മുമ്പ് ഈ റോഡിൽ നിന്ന് നോക്കിയാൽ കലാമണ്ഡലം കൃത്യമായി കാണാം.
ഈ പാടങ്ങളിൽ മുമ്പ് മനോരമ ട്രോഫി ' ഫുട്ബോൾ മത്സരം പേപ്പർ 'കുഞ്ഞുമോൻക്ക 'കുറെകാലം നത്തിയിട്ടുണ്ട്.
PNNM നിൽക്കുന്ന സ്ഥലത്ത് മുമ്പ് ഒരു സർക്കസ് ട്രൂപ്പ് വന്നിട്ടുണ്ടായിരുന്നു.
അക്കാലത്ത് സർക്കസുകളിൽ
മൃഗങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല.എതാണ്ടെല്ലാ മൃഗങ്ങളും ട്രൂപ്പിൽ ഉണ്ടായിരുന്നു എന്നാണ് അറിവ്.
പാടം ആരംഭിക്കുന്ന റോഡിന് സമീപത്ത് അക്കാലത്ത് ആളുകൾ കുടിൽകെട്ടി താമസിച്ചിരുന്നു. തെങ്ങിൻ ഓലമേഞ്ഞ മേൽകൂര. ചുമരുകളും,ഒപ്പം വാതിൽപ്പൊളിയും ഓല കൊണ്ട് തന്നെയായിരുന്നു.
അവിടെ എപ്പോഴോ
എന്നോ..?
ഭീമാകാരനായ മനുഷ്യൻ വന്ന് താമസം തുടങ്ങി.
അയാളെയാണ്
ഞാൻ അന്വേഷിക്കുന്നത്
അയാൾ എവിടെയാവും.....?
കോഴിക്കോട്ട് നിന്ന് കുടുംബ സമേതം വന്ന 'മൊയ്തീൻക്ക '...!
വേണമെങ്കിൽ സിദ്ധൻ എന്ന് പറയാം.
നല്ല കണക്ക് വശമുള്ള,
അത്യാവശ്യം ദിക്റുകളും സലാത്തും ഖുർആനും അറിയുന്നയാൾ.
നല്ല അഭ്യാസി.
കുട്ടിക്കാലത്ത് കുളിക്കാൻ, രാവിലെ എന്റെ പുഴയിലേക്കുള്ള പോക്കിൽ, മിക്കവാറും അഭ്യാസവും വ്യായ യാമവുമായി അയാൾ ആ കുടിലിന് പുറത്ത് ഉണ്ടാവും.
ആ കുടിലിൽ അയാൾ നിവർന്ന് കയറിയാൽ പുര പൊളിഞ്ഞ് പോകും. അത്രയ്ക്കും ഉയരം ഉണ്ടായിരുന്നു അയാൾക്ക്.
പുറത്ത് ചെറിയ രണ്ട് മൂന്ന് കുഞ്ഞുങ്ങൾ മൂക്കള ഒലിപ്പിച്ച് നിൽക്കുന്നുമുണ്ടാവും.
അത് അയാളുടെ മക്കളാണ്.
ഭാര്യമാർ ഒന്നിൽ കൂടുതൽ ഉണ്ട് പക്ഷെ ആ കുടിലിൽ ഒരേസമയം എല്ലാവർക്കും പാർക്കാൻ ആകില്ല.
ഇടക്ക് നോക്കുമ്പോൾ കുടുംബം മാറിയിട്ടുണ്ടാവും.
പിന്നീട് ഞാൻ വായിച്ച നോവലുകളിലെ വില്ലൻ മാർക്ക് ആ ദൃശ്യതകൈവന്നു.
എന്റെ ഭാവനയിലെ വില്ലൻ അയാൾ മാത്രമായി.
എതാണ്ട് വിയറ്റ്നാം കോളനി സിനിമയിലെ റാവുത്തരുടെ ആ കാരഭംഗി.
പക്ഷെ, മുണ്ടും ജുബ്ബയുമാണ് വേഷം എന്ന് മാത്രം
രാവിലെ വീടുകളിൽ കറങ്ങി
ആത്മിയതവിറ്റ് വൈകീട്ട് വരും.
കിട്ടിയ കാശിന് പിന്നെ കള്ള് കുടിച്ച് ഒച്ചപ്പാടുണ്ടാക്കും.
നാട്ട്കാർക്ക് ഇത് ശല്യമായി തുടങ്ങി.
അക്കാലത്തെ നാട്ടിലെ ചട്ടമ്പികൾ അയാളോടൊന്ന് മുട്ടിനോക്കി. പക്ഷെ, ദേഹം വേദനിച്ചു എന്നല്ലാതെ കാര്യമുണ്ടായില്ല. നാട്ട്കാരുടെ മുന്നിൽ വെച്ച് കിട്ടിയത് ഇരുട്ടിന്റെ മറവിൽ കൊടുക്കാൻ നോക്കി . പക്ഷെ, അയാളെ കീഴടക്കാൻ അവർക്കായില്ല.
അത്രക്ക് അഭ്യാസിയായിരുന്നു. അയാൾ.
മൈക്ഉമറിക്കാനെ പറ്റി എഴുതിയപ്പോൾ ഈ ഏറ്റുമുട്ടൽ ഞാൻ കുറിച്ചിരുന്നു. അന്നത്തെ ചട്ടമ്പിമാരിൽ ഒരാൾ ഉമ്മർക്ക യായിരുന്നു.
ചട്ടമ്പിമാർ മാത്രമല്ല, പോലീസുകാരും തോറ്റു പോയിരുന്നു.
ചെറുപ്പത്തിലെ
ആ ഒരു കാഴ്ച. ഇന്നും മറക്കാത്ത കാഴ്ചയായി നിലനിൽക്കുന്നു
സംഭവം ഇതാണ്,
ശല്യം സഹിക്കവയ്യാതെ നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടു.
അയാളെ പിടിച്ചുകൊണ്ടുപോകാൻ നാലഞ്ചു പോലീസുകാരുമായി ഒരു അംബാസിഡർ കാർ വന്നുനിന്നു.
ആ കാഴ്ച കാണാൻ ഞാൻ അവിടെ ഉണ്ടായിരുന്നു.
ആളുകൾ ചുറ്റും കൂടിയിരുന്നു.
വലിയ വടം പോലുള്ള കയറുകൊണ്ട് അയാളെ ഒരുവിധം ബന്ധിച്ചു.
എന്നിട്ട് കാറിന്റെ അടുത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. പക്ഷേ കൊണ്ടുപോയവരും പിടിച്ചവരും രജനീകാന്തിന്റെ സിനിമയിലെ സ്റ്റൻണ്ട്സീൻ പോലെ തെറിച്ചു പോകുന്നതാണ് ഞാൻ കണ്ടത്. അദ്ദേഹമൊന്ന് കുതറിയപ്പോൾ എല്ലാവരും ദൂരെ വീണുപോയി.
അദ്ദേഹത്തിന്റെ കൈകൾ തട്ടി അംബാസിഡർകാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിതകർന്നു.
ശരീരത്തിൽ ആകെ ചോരയായി.
ആ ചോരയും കൊണ്ട് അയാൾ വീണ്ടും കുടിലിലേക്ക് തന്നെ മടങ്ങി.
പിന്നെ കുറെ സമയത്തിന് ശേഷം. പോലീസിന്റെ ഇടിവണ്ടി വന്നു. അവശനായ അയാൾ വലിയ പ്രതിരോധം കൂടാതെ അതിൽ കയറുന്നതാണ് കണ്ടത്.
ചെറുപ്പത്തിലെ ത്രസിപ്പിക്കുന്ന കാഴ്ചകളാണ് അത്. എത്ര വയസ്സായാലും മറന്നു പോകാത്ത കാഴ്ചകൾ. ഏറെ താമസിയാതെ അവിടെ നിന്ന് എല്ലാവരും കുടിയൊഴിപ്പിക്കപ്പെട്ടു. പലരും പല ദിക്കുകളിൽ കുടിയേറി.
അന്ന് പോലീസ് കൊണ്ടുപോയ മൊയ്തീനെ പിന്നീട് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അയാൾ എവിടെയാവും......
കാലത്തിന്റെ പ്രയാണത്തിൽ തിരോഭവിച്ചിരിക്കും.......
വർഷങ്ങൾ കുറേ ആയില്ലേ....
പക്ഷേ ഓർമ്മകൾക്ക് മാത്രം മരണമില്ലല്ലോ... !
ശുഭം
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: