സിമന്റ് കട്ടകൾ പതിച്ച പള്ളിയിലേക്കുള്ള നടപ്പാത;
പള്ളിപ്പറമ്പിനെ പള്ളിവാതിൽ വരെ രണ്ടായി പകുത്തിട്ടുണ്ട്.
പാതയുടെ ഇരുവശവും ഖബറുകൾ ഉണ്ട്.
ഞാൻ പള്ളിയിലേക്ക് നടക്കുന്നത് ഇരു വശത്തേയും മീസാൻ കല്ലുകൾനോക്കി കൊണ്ടാണ്.
അരണ്ട വെളിച്ചത്തിലും മീസാൻ കല്ലിലെ പേരുകൾ വായിക്കാം. അവരുടെ ഉൽപ്പവും (കുടുംബ പേരും ).
സമയം 8 മണിയായി......
സ്കൂൾ മതിലിലെ അവസാന ചിത്ര പണിയും കഴിഞ്ഞ്,താക്കോൽ അടുത്ത വീട്ടിൽ ഏൽപ്പിച്ച്, സാധനങ്ങൾ ചാക്കിൽ കെട്ടുന്നതിനുമുമ്പേ മഴ തുടങ്ങി.
മഴ തീർന്നാലാണ് യാത്ര സാധ്യമാകുക. കാരണം ഒഴിഞ്ഞപെയ്ന്റ് പാട്ടകളുടെ ഭാണ്ഡകെട്ട് വലുതാണ്.
മഴ തീരുംവരെ വട്ടേക്കോട് ജുമാ മസ്ജിദിൽ ഇരിക്കാൻ തീരുമാനിച്ചു.
പൊതുവേ 'ഇശാക്ക്' (രാത്രി നിസ്ക്കാരം) ആളുകൾ കുറവുള്ള പള്ളിയിൽ മഴയായതിനാൽ രണ്ട് മൂന്നാളും മുക്രിയും മാത്രം. ഖത്തീബ് ഉസ്താദും ദർസ് വിദ്യാർത്ഥികളും നാട്ടിൽ പോയതിനാൽ മുക്രിക്കാണ് നമസ്ക്കാര നേതൃത്വം.
നമസ്കാരത്തിന് ശേഷം എല്ലാവരും പിരിഞ്ഞു.
മുക്രി ഏതോ 'ചിലവ് വീട്ടിലേക്ക് ' ഭക്ഷണത്തിനായി നടന്നു.പള്ളിയുടെ ഉമ്മറപ്പടിയിൽ ഞാൻ കുന്തിച്ചിരുന്നു. ഇപ്പോൾ മീസാൻ കല്ലുകൾക്കും എനിക്കും ഒരേ ഉയരം.
ആ വിജനതയിൽ ഞാനും മീസാൻ കല്ലുകളും മാത്രം.
ഓരോ മീസാൻ കല്ലുകൾക്കും എന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നി.
ഒരു മീസാൻകല്ലിന്റെ തലഭാഗത്ത്, ഒരാൾ കുന്തിച്ചിരിക്കുന്നത് പോലെ തോന്നി.
തോന്നലല്ല അവിടെനിന്നൊരാൾ എഴുന്നേറ്റ് സിമന്റ് കട്ടകൾ പതിച്ച നടപ്പാതയിലൂടെ എന്റെ അടുത്തു വന്നു.
" എവിടുന്നാ....?
എന്താ ഇവിടെ" ....?
ആഗതൻ ചോദിച്ചു.
"AMLP സ്കൂളിൽ ചുമരിൽ ചിത്രങ്ങൾ വരക്കാൻ വന്നതാ. പണി കഴിഞ്ഞു. പോകാൻ നേരത്ത്
മഴവന്നു. തോരുംവരെ ഇവിടെ ഇരിക്കാമെന്ന് വെച്ചു."
ഞാൻ പറഞ്ഞു.
"അതെ മഴ തോർന്നിട്ട് വേണം എനിക്കും പോകാൻ"
അയാളും പറഞ്ഞു.
" നാട്ടിൽ " ....?
അയാളുടെ ചോദ്യം തീരും മുമ്പേ ഞാൻ പറഞ്ഞു.
" ചെറുതുരുത്തി"!
ഓഹോ....!
അയാൾക്ക് വളരെ ആശ്ചര്യം.....
"ആരെങ്കിലും കുടുംബക്കാർ ഉണ്ടോ ചെറുതുരുത്തിയിൽ.....?"
ഒരു നിശബ്ദതക്ക് ശേഷം അയാൾ പറഞ്ഞു.
"ഇവിടെ നിന്ന് പോയവരെല്ലാം...."
"എന്ന് പറഞ്ഞാൽ....?"
അയാളാചരിത്രം പറയാൻ തുടങ്ങി.
പണ്ടേക്ക് പണ്ട് ഒരാങ്ങളയും പെങ്ങളും ഇവിടെനിന്ന് നടന്നു പോന്നിട്ടുണ്ട്.
കമ്മ്യൂണിസവും നക്സലിസവും പൂത്ത്, ചളവറ രക്തവർണ്ണ പൂക്കളാൽ ചുവക്കും മുമ്പ്.
ഇട്ട്യാംപറമ്പത്ത് മനയിലെ സി.പി നമ്പൂതിരിയും എ.പി. രാവുണ്ണിയും പ്രിയദത്തയും പദ്മാവതി ഇസ്ഹാഖ് ജനിക്കുന്നതിന് മുമ്പ്,
AKG അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ചളവറയിൽ ഒളിവിൽ പാർക്കുന്നതിനും എത്രയോ മുമ്പ്,
ഈ പാഠം കടന്ന് പുലിയനാം കുന്നും കയറി കയിലിയാട്ടെ പാടവരമ്പിലൂടെ നടന്ന് അവർ ഭാരതപ്പുഴ മുറിച്ചുകടന്നു.
നൂറ്റാണ്ടുകൾക്കു മുമ്പ്.
അയാൾ പറഞ്ഞപ്പോൾ, ചേയിക്ക കുടുംബത്തെക്കുറിച്ച് ആ കഥ ഞാൻ കേട്ടത് ഓർമ്മയിൽ വന്നു.
പിന്നെ അയാൾ ആ ഖബറുകളിലേക്ക് കൈചൂണ്ടി.
ഇവിടുത്തെ പഴയ ഖബറിന് മൂന്നു നൂറ്റാണ്ടോളം പഴക്കമുണ്ട്.
ചളവറയിൽ എത്തിയ മുസ്ലിം സമൂഹം ഉപയോഗിച്ചിരുന്നത് കിലോമീറ്റർ അപ്പുറമുള്ള 'മോളൂരിലെ' പള്ളിപ്പറമ്പായിരുന്നു.
മയ്യത്തുമായുള്ള യാത്രയിൽ ഏറ്റിഏറ്റി കുഴഞ്ഞവർ. വിജനമായ പറമ്പുകളിൽ മയ്യത്തുകൾ ഖബറടക്കി. പിന്നീട് അത്തരം സ്ഥലങ്ങളിലെല്ലാം ഇടത്താവളങ്ങളും വിശ്രമ കേന്ദ്രങ്ങളുമായി ചെറിയ പള്ളികൾ വന്നു. മോളൂരിലേക്കുള്ള മയ്യത്തുകളുടെ പോക്ക് നിലച്ചു. പലയിടത്തും പള്ളിപ്പറമ്പുകൾ ഉണ്ടായി.
നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെനിന്ന് യാത്രതിരിച്ചവർ പലരുമുണ്ട്. അവർ പലയിടത്തായി എത്തപ്പെട്ടു.
പല ജോലികളിൽ ഏർപ്പെട്ടു. വർത്തക പ്രമാണിമാരുണ്ട്. സാധാരണക്കാരുണ്ട്, മധ്യസ്ഥൻമാരുണ്ട്, തോട്ടം സൂക്ഷിപ്പുകാരുണ്ട്, കാര്യസ്ഥൻമാരുണ്ട്..........
പിന്നെ പള്ളിക്ക് സമീപത്ത് പ്രത്യേകം കെട്ടി തിരിച്ച ഖബറുകൾ കാണിച്ചു. അവരുടെ അവരുടെ തലമുറകളും ഉണ്ട് അവിടെ.....
അങ്ങനെ ഇവിടെ നിന്ന് യാത്ര പുറപ്പെട്ടവർ പലരുമുണ്ട്;
പല ദേശങ്ങളിലേക്ക്..... മനുഷ്യന്റെ ഒരുകാലത്തെ പ്രയാണങ്ങളുടെ ചരിത്രം....
ചെറുതുരുത്തിയുമായുള്ള ആ ദേശത്തിന്റെ പൊക്കിൾക്കൊടി ബന്ധം സത്യത്തിൽ ഞാൻ ആദ്യമായി അറിയുകയാണ്...
വിശദമായി പലതും ചോദിക്കാൻ ഉണ്ടായിരുന്നു.
അദ്ദേഹം യാത്ര പറഞ്ഞു
"പോകുകയാണ്."
പേര് ചോദിക്കണം എന്നുണ്ടായിരുന്നു. തിരക്കിനിടയിൽ ഞാൻ വിട്ടുപോയി.....
ചളവറക്കാരൻ ആകും എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷേ എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാമായിരുന്നു. എനിക്ക് അതിനും കഴിഞ്ഞില്ല.
മഴ കുറഞ്ഞു. സിമന്റ് കട്ടയിലൂടെ നടന്ന് അയാൾ ആ മീസാങ്കല്ലുകൾക്കിടയിലേക്ക് തന്നെ നീങ്ങി....
അവിടെ എവിടെയോ മറഞ്ഞു പിന്നെ അയാളെ കണ്ടില്ല....!
'ആരാണ് അയാൾ'
ഞാൻ മീസാൻ കല്ലുകൾക്കിടയിലേക്ക് നോക്കാൻ ഭയപ്പെട്ടു. മഴ കുറഞ്ഞപ്പോൾ ഞാനും ഇറങ്ങി. ചെറുതുരുത്തി എത്തും വരെ ഈ സംഭവം ഓർത്തു കൊണ്ട്.
ശുഭം
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ