ഭാരതപ്പുഴയെ സ്നേഹിച്ച
പുഴയുടെ പ്രിയ മകൻ
അയാൾ പോയി,.....
ഭാരതപുഴ നിറഞ്ഞ് നിൽക്കുമ്പോൾ, പഴയ കൊച്ചിൻ പാലത്തിൽ ഓർമ്മകളിൽ അയാൾകൊപ്പം ഇരിക്കണമെന്ന മോഹം സഫലമാക്കാതെ.....
എന്റെ കുട്ടിക്കാലത്തെ റിയൽ ഹീറോ................
പഞ്ചായത്ത് പാത്തുമ്മാത്തായുടെയും യൂസഫ്ക്കാന്റെയും മകൻ ഉമ്മർ എന്ന മൈക്കുമർ
പുഴ നിറഞ്ഞ്, പഴയ പാലത്തിന്റെ തൂണുകൾക്ക് മുകളിൽ തട്ടി രൗദ്രഭാവംപൂണ്ട് കുത്തിയൊലിച്ച് വരുന്ന പുഴയിലേക്ക് അയാൾ അരയിൽ കയർ കെട്ടിയും കെട്ടാതെയും ചാടും.
കരകളിലെവിടെയോ കടപുഴകി പുഴയുടെ മടിത്തട്ടിൽ പതിച്ച മരങ്ങളായിരിക്കും മിക്കവാറും അയാളുടെ ലക്ഷ്യം.
കലങ്ങിമറിഞ്ഞ് ചുഴി രൂപപ്പെടുത്തിവരുന്ന പുഴയിൽ കറങ്ങി തിരിഞ്ഞ് വരുന്ന മരത്തിൽ മറുകയ്യിലെ കയർ അയാൾ കുരുക്കും.പിന്നെ മുകളിലെ ആളുകൾ ആർപ്പുവിളിയോടെ അത് വലിച്ച് കയറ്റും.
ചെറുപ്പത്തിൽ ആ ഭയപ്പെടുത്തുന്ന സാഹസികത ഞാൻ കണ്ടു നിന്നിട്ടുണ്ട്; അത് കാണാൻ എത്തുന്ന വലിയ ആൾകൂട്ടത്തോടൊപ്പം. പിന്നെ സിനിമകളിലെ ഇത്തരം സാഹസിക ദൃശ്യങ്ങളൊന്നും എന്നിൽ ഒരു ഇമോഷനും വരുത്തിയിട്ടില്ല. മോഹൻ ലാലിന്റെ 'നരൻ ' എന്നിലെ ഓർമ്മയിൽ ഉമ്മർക്കാനെ എത്തിക്കുക മാത്രമാണ് ചെയ്തത്. ചിലപ്പോൾ ആ ചാട്ടം ഏതാനും നാളികേര കുലകൾക്ക് വേണ്ടിയാവും. വറുതിയുടെ കാലമാണത്.
എന്റെ തറവാട് വീട്ടിന് സമീപത്ത് കുറച്ചു നാൾ അദ്ദേഹം വാടകയ്ക്ക് താമസിച്ചിരുന്നു. ചുമരിൽ ആണിയിൽ ഉണക്കി സൂക്ഷിച്ച രണ്ട് 'തിരണ്ടി വാൽ 'ആ ബാല്യകാഴ്ചകൾ എന്റെ ഓർമ്മകളായിഉണ്ട്.
'ആ തല്ലും'
ഇന്ന് കേന്ദ്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസ് നിലനിന്നിരുന്ന സ്ഥലം കൃഷിയൊന്നും ചെയ്യാത്ത തരിശ് പാടമായിരുന്നു. അതിൽ പലയാളുകളും കൂരകൾ കെട്ടി താമസിച്ചിരുന്നു. അതിൽ ഒരു ടെന്റിൽ മൊയ്തീൻ എന്ന ആജാനബാഹു ആയ ക്രിമിനിൽ കുടുബത്തോടൊപ്പം കഴിഞ്ഞിരുന്നു. കുറെ കൊച്ചു കുട്ടികൾ ഉള്ള ഒരു ടെന്റായിരുന്നു അത്
അയാളുമായുള്ള ഉമ്മർക്കാന്റെ ഒരു തല്ല് ഇന്നും ഓർമ്മകളിൽ ബാല്യത്തിൽ നിലവിളികളോടെ കണ്ട തല്ലാണ്.
പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം.
നാല് പോലീസുകാർ മൊയ്തീനെ കയറിൽ കെട്ടി അമ്പാസിഡർ ക കാറിൽ കയറ്റാൻ ശ്രമിക്കുന്നതും പോലിസുകാരെ അയാൾ കുതറി തെറിപ്പിക്കുന്നതും കാറിന്റെ ചില്ലുകൾ തകരുന്നതും ഇടിവണ്ടി വന്ന് കയറ്റി കൊണ്ടുപോകുന്നതും ഭീതി പടർത്തിയ ബാല്യ സ്മരണകളാണ്
ഒരിക്കൽ ഞാൻ കുടമാറ്റം ഷൂട്ടിംഗ് ലൊക്കേഷനിലെ മുങ്ങിമരണം എഴുതിയപ്പോൾ അന്ന് വെള്ളത്തിൽഊളിയിട്ടിറങ്ങി ആ മൃദ്ദേഹങ്ങൾ പുറത്തെടുത്തത് എഴുതിയിരുന്നു.
എല്ലാവരും ഭയത്തോടെ നിന്നപ്പോൾ വെള്ളത്തിനടിയിൽ അയാൾ പോയി ബോഡികൾ ഓരോന്നായി പൊക്കി കൊണ്ട് വന്നു.
ഭാരതപുഴ തന്നെയായിരുന്നു.
അയാളുടെ ജീവിതം.
ആ പുഴക്ക് ഉള്ളിൽ ശാസമടക്കി അയാൾ ഏറെ സമയം കഴിച്ചു കൂട്ടി.
ഭാരതപ്പുഴയുടെ മകൻ എന്ന് നമുക്ക് ഉമ്മർക്കാനെ വിളിക്കാം.
പുഴയുമായുള്ള ഉമ്മർക്കാന്റെ ചങ്ങാത്തം
ശ്വാസകോശത്തെ പതുക്കെ ദുർബലപ്പെടുത്തി.
അവസാനകാലത്ത് അത് അദേഹത്തെ വല്ലാതെ വലച്ചു.
ഒഴുക്കിനെതിരെ അക്ഷരാർത്ഥത്തിൽ തന്നെ നീന്തിയ ഒരാൾ
പിന്നെ നടക്കാൻ കഴിയാതെ നിന്നു.
അവസാനം ആ ശ്വാസവും ഇപ്പോൾ നിലച്ചു
ആ കാലത്തെ കുറിച്ച്,...പുഴയെപറ്റി,....
ഏറെ കേൾക്കാൻ കൊതിയുണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്ന്.
അതൊരിക്കൽ
പുഴ നിറഞ്ഞ് ,
തൂണുകളിൽ വെള്ളം ഇടിച്ച്പായുന്ന ഒരു ദിവസമാകാം എന്ന് വെച്ചതുമാണ്.
പക്ഷെ അയാൾ പോയി
ഭാരതപ്പുഴയെ സ്നേഹിച്ച
പുഴയുടെ പ്രിയ മകൻ.....
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ