2025 ജൂൺ 14, ശനിയാഴ്‌ച

പൂര രാത്രിയിലെ പത്തുരൂപ

പൂര രാത്രിയിലെ പത്തുരൂപ
മേശക്ക് മുകളിൽ, ഒന്നിന് മുകളിൽ ഒന്നായ് അടുക്കിവെച്ച അട്ടിയിൽ,
ഞാൻ റേഷൻ കാർഡ് വെച്ച് ഊഴംകാത്ത് മാറി നിന്നു.
ഓരോ വസ്തുകൾ വിൽക്കുന്ന ഷോപ്പിലും ഒരോ മണമുണ്ടാകും.
റേഷൻകടയിൽ അട്ടിയിട്ട ചാക്കിന്റെയും അരിയുടെയും
ഗോതമ്പിന്റെയും എല്ലാം കൂടികുഴഞ്ഞ വാടമണം.
പക്ഷെ, കുറ്റം അരിക്കാണ്.
റേഷൻ കടയിലെ 'പുഴുങ്ങല്ലരി '
നമ്മൾ പുഴു+ കല്ല് + അരി എന്ന് പിരിച്ചുവായിക്കും.
അവൾ എത്ര കാലമായാണാവോ...?
ഈ മണവും ശ്വസിച്ച് ഈ കടയിൽ ഇരിക്കുന്നത്.
അവളുടെ ജീവിതം ആലോചിച്ചാൽ ഈ മണം സുഗന്ധമാണ്.
എന്റെ കാർഡിലെ പേര് വിളിച്ചു.
കാർഡ് നമ്പറുകൾ ഈ- പോസ് മിഷ്യനിൽ രേഖപ്പെടുത്തി.
കാർഡ് അംഗമായ എന്നെ തെരഞ്ഞെടുത്തപ്പോൾ
മിഷ്യൻ ശബ്ദിച്ചു.
"നിങ്ങളുടെ കൈവിരൽ സ്കാനറിൽ വെക്കുക".
ഞാൻ വിരൽ വെച്ചു
അവളെന്റെ വിരൽതെട്ടമർത്തി.
ആ സ്പർശം ഒരു ഓർമ്മയുടെ വേദനതന്നു.
"നിങ്ങളുടെ ഓതന്റിഫിക്കേഷൻ വിജയിച്ചിരിക്കുന്നു."
ഇ-പോസ് ശബദിച്ചു.
അവൾ പെട്ടന്ന് വിരലുകൾ പിൻ വലിച്ചു.
പക്ഷെ, അവളെക്കുറിച്ച ഓർമ്മകൾ എനിക്ക് പിൻവലിക്കാനാകില്ല.
എട്ടാം ക്ലാസ് പഠിക്കുന്ന കാലത്താണ് കോഴിമാംപറമ്പ് പൂരം വന്നത്.
ഒരു കണക്ക് പരീക്ഷയുടെകാലത്ത്. അന്നവൾ ഒമ്പതാം ക്ലാസിലാണ്.
അഞ്ചാംവേല മുതൽക്കെ ഇടവഴികളിൽ അന്ന് ആളനക്കങ്ങൾ കൂടും.
നായാടിയും, കുറവനും കുറത്തിയും, തറയും ഭൂതനും, പറയെടുപ്പും
എല്ലാമായി ആളുകൾ ഇടവഴികളിലൂടെ സഞ്ചരിക്കും.
എല്ലാ വീട്ടുകാരും പൂരപ്പറമ്പിലേക്ക് പോകുന്നതും ഇടവഴികളിലൂടെ തന്നെ.
ഇടവഴിയിൽ കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഈ സഞ്ചാരം ഒരു ശല്യമാണ്.
പലപ്പോഴും അവരുടെ കാൽ ചുവടുകൾ,
ഞങ്ങളുടെ കളിക്കളങ്ങളിലെ കള്ളികൾ മായ്ക്കും.
പൂരം എത്തിയാൽ അവളുടെ വീട്ടിലും തിരക്കാണ്; ആണുങ്ങളുടെ.
അപ്പോൾ അമ്മ അവളെ പുറത്തേക്ക് കളിക്കാനയക്കും.
മിക്കവാറും രാജമ്മയുടെ വീടിന്റെ മുറ്റത്ത് ഞങ്ങൾ കളിക്കും.
രാജമ്മ അവളെ നിസ്സഹായമായി നേക്കും.
എന്നിട്ട് ശകാരിക്കും; കാരണമില്ലാതെ.
രാജമ്മ അകത്തേക്ക് നോക്കി പിറുപിറുത്ത് പറയും.
"അമ്മേടെ താവഴി തന്നെ മോൾക്കും വരും "...!
അത് കേട്ടാലും അവൾക്കതിൽ അസ്വസ്തയില്ല.
ഞങ്ങൾ കളിതുടരും.
പുറത്ത്നിന്ന് കളി നേക്കി ഇക്കമാർ കമന്റ് പറയും.
രാജമ്മ ചിരിക്കും, ചിരിയോട് ചിരി.
ആളുകൾ വീട്ടിൽ നിന്ന് ഒഴിഞ്ഞാൽ
അവളുടെ അമ്മ അവളെ ഉറക്കെ വിളിക്കും.
അവൾ കളിപാതിയാക്കി ഓടി പോകും.
അന്ന് രാത്രി അവൾ ഇടവഴിയിൽ എന്തോ തിരഞ്ഞ് കൊണ്ടിരുന്നു.
പുറത്തിറങ്ങിയ ഞാൻ ചോദിച്ചു.
"എന്താണ്......?"
അവൾ പറഞ്ഞു "ഒന്നുമില്ല"..
എന്നാലും ഞാൻ തിരയാൻ കൂടി.
പക്ഷെ അവൾ എന്നെ തടഞ്ഞു.
"പൊയ്ക്കോ.. പൊയ്ക്കോ... നീ തിരയണ്ട"
ഞാൻ തിരച്ചിൽ നിർത്തി.
ഒരു കരിങ്കൽ പടവിന് മുകളിൽ ഇരുന്നു.
അവളെ ഇടക്ക് അമ്മ വിളിക്കും
അപ്പോൾ അവൾ ഓടിപ്പോകും
വീണ്ടും വരും. വീണ്ടും തിരയും.
പിറ്റേ ദിവസം പൂരത്തിന് ഞാൻ ഒരു കളിപ്പാടം വാങ്ങി.
അമ്മ ചോദിച്ചു. "നിനക്ക് എവിടുന്നാ ഉണ്ണീ പൈസ"
ഞാൻ പറഞ്ഞു. 'ഇന്നലെ റോഡിൽ നിന്ന് ഒരു പത്തുരൂപ കിട്ടി എന്ന്.'
അമ്മ ഉപദേശിച്ചു. 'ഉണ്ണീ അത് വല്ല പാവങ്ങളുടെതുമാകും'.
ഇന്നലെ ഇത് വഴിപൂരപറമ്പിലേക്ക് പോയ കുട്ടികൾ
കളിപ്പാടം വാങ്ങാൻ കയ്യിൽ കരുതിയതാവും....!
പിറ്റേന്ന് രാജമ്മയുടെ വീട്ടിൽ
ഞാനെത്തി. പക്ഷെ അവൾ വന്നില്ല.
ഞങ്ങൾ ബാക്കി കുട്ടികൾ കളിച്ചു.
രാജമ്മ പൂമുഖത്ത് വന്നിരുന്നു.
കളിയിൽ ഞങ്ങളോടൊപ്പം കൂടി.
ഞങ്ങൾ കണ്ണുകൾ പൊത്തി.
രാജമ്മ ഒരു സെഫ്റ്റി പിൻ മുറ്റത്തേക്കെറിഞ്ഞു.
"ആയി"
എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ കണ്ണുകൾ തുറന്ന് തിരയാൻ തുടങ്ങി.
ഇതാണ് സൂചിക്കളി.
ഞങ്ങൾ കളിയില്ലതെ വെറുതെഇരുന്നാൽ രാജമ്മകൂടി കളിക്കുന്ന കളി.
രാജമ്മ ഇതിനിടയിൽ അകത്തേക്ക് നോക്കി പറഞ്ഞു.
" സുമേ....
എന്തായി ഇപ്പോ, ഞാൻ പറഞ്ഞത് പോല അവളും അമ്മയുടെ വഴിക്കായി.
ഇന്നലെ സംഭവിച്ചുത്രേ..!
ആ കൂത്തച്ചി,
പെണ്ണിന്റെ കണ്ണിൽ മുളക് എഴുതി,
വായിൽ തുണിതിരുകി പൊതിരെതല്ലി റൂമിൽ പൂട്ടി ഇട്ടിരിക്കാണ്....
ഈ കുട്ടികൾക്കൊപ്പം അവളെ കളിക്കാൻ പോലും വിട്ടില്ല....! "
പിന്നെ നാലഞ്ച് ദിവസം. അവളെ പുറത്ത് കണ്ടില്ല.
കണ്ണുകൾ കരഞ്ഞ് കലങ്ങി,
ചീർത്ത ചുണ്ടുകൾ മുറിഞ്ഞതിൽ പൊറ്റനുകൾപറ്റി,
ഒരു ദിവസം അവളെ ഞാൻ വീടിന്റെ പടിവാതിലിൽ കണ്ടു.
ദിവസങ്ങൾക്ക് ശേഷം പതിവ് പോലെ അവൾ കളിക്കാൻ വന്നു.
രാജമ്മ അന്ന് വീട്ടിൽ ഇല്ല.
അവർ പാലക്കാട് മകളുടെ വീട്ടിൽ പാർക്കാൻ പോയിരിക്കുകയാണ് .
അന്ന് ഞങ്ങൾ തനിച്ചായപ്പോൾ ഞാൻ അവളോട് ചോദിച്ചു.
" എന്താണ് നീ പൂരത്തിന്റെ രാത്രിയിൽ തെരഞ്ഞിരുന്നത് എന്ന്"
അവൾ പറഞ്ഞു "പത്തുരൂപ....! "
കളി കഴിഞ്ഞ് ഞാൻ വീട്ടിൽ പോയി എന്റെ കളിപ്പാട്ടം എടുത്തു കുറേ നേരം നോക്കി ഇരുന്നു.
അതിൽ എനിക്ക് അവളുടെ ചോരയും വിയർപ്പും പറ്റിപ്പിടിച്ചത് പോലെ തോന്നി,
ആരുടെയോ തുപ്പലിന്റെ മണവും.
ഞാൻ ആ കളിപ്പാടം എടുത്ത് വീടിന് പിറകിലെ ഒഴിഞ്ഞ വളപ്പിലേക്കെറിഞ്ഞു.
അവൾ മോശമാകാൻ അമ്മ ആഗ്രഹിച്ചില്ല.
മോശമാകാൻ അവളും ആഗ്രഹിച്ച് കാണില്ല.
പൂരത്തിന് കളിപ്പാട്ടം വാങ്ങാൻ വെച്ച് നീട്ടിയ പത്ത് രൂപയുടെകൈകൾ
തന്നെ പിടിച്ച് ഇറുക്കും എന്ന് അവളും പ്രതീക്ഷിച്ചതാവില്ല.
പിന്നീട് അവളുടെ കല്യാണം കഴിഞ്ഞു.
മക്കൾ രണ്ട് പിറന്നു. കുറേ കാലമായി ഭർത്താവ് കിടപ്പിലാണ്.
ഇപ്പോൾ കലന്തറിന്റെ ഈ റേഷൻകടയിൽ നിന്ന് കിട്ടുന്ന വരുമാനത്തിലണ് അവളുടെ ജീവിതം.
കലന്തർ നല്ലവനാണ് അയാളുടെ സഹായവും അവൾക്കുണ്ട്.
താവഴിയില്ലാത്ത വഴിയിൽ അവൾ ജീവിക്കുന്നു.
ഷക്കീർ ചെറുതുരുത്തി


 

അഭിപ്രായങ്ങളൊന്നുമില്ല: